Life In Christ

ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ രക്തസാക്ഷിത്വം വരിച്ച 5 വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍

പ്രവാചകശബ്ദം 26-04-2023 - Wednesday

പാരീസ്: ഒന്നര നൂറ്റാണ്ടിന് മുന്‍പ് ഫ്രാന്‍സില്‍ ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ട 5 വൈദികരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 22ന് ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ സെന്റ് സള്‍പ്പൈസ് ദേവാലയത്തില്‍വെച്ച് വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമാരോയാണ് പ്രഖ്യാപനം നടത്തിയത്. സെന്റ് വിന്‍സെന്റ് ഡി പോള്‍ സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സമൂഹാംഗങ്ങളായ ഫാ. ഹെന്‍റി പ്ലാന്‍ചാട്ട്, ഫാ. ലാഡിസ്ലാസ് റാഡിഗു, ഫാ. പോളികാര്‍പ്പ് ടുഫിയര്‍, ഫാ. മാര്‍സെലിന്‍ റൌചൌസെ, ഫാ. ഫ്രെസാല്‍ ടാര്‍ഡ്യു എന്നീ വൈദികരാണ് 1871 മെയ് 6ന് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വിരുദ്ധ കലാപം കൊടുമ്പിരിക്കൊണ്ട ആ ആഴ്ച “രക്തരൂക്ഷിത വാരം” എന്നാണ് അറിയപ്പെടുന്നത്.

1871-ലെ പെസഹ വ്യാഴാഴ്ച ഏപ്രില്‍ 6-നായിരുന്നു ഫാ. പ്ലാന്‍ചാട്ട് അറസ്റ്റിലാകുന്നത്. ഒരാഴ്ച കഴിഞ്ഞ് ഏപ്രില്‍ 12-ന് മറ്റുള്ള വൈദികരും അറസ്റ്റിലായി. മെയ് 26-നാണ് ഇവര്‍ കൊല ചെയ്യപ്പെടുന്നത്. പാരീസിനെ നിയന്ത്രിച്ചിരുന്ന വിപ്ലവകാരികളും കത്തോലിക്ക വിരുദ്ധ പ്രസ്ഥാനമായ പാരീസ് കമ്മ്യൂണിന്റെ ഭരണത്തിൻ്റെ അവസാനത്തിൽ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. അഞ്ചു വൈദികരുടെ ജീവിതകഥ ഇന്നത്തേക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്നും അത് പ്രത്യാശ പകരുന്നതാണെന്നും നാമകരണ ചടങ്ങിനിടെ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍സെല്ലോ പറഞ്ഞു.

തൊഴിലാളി ലോകത്തിന്റെ സുവിശേഷവല്‍ക്കരണത്തിനും, കുട്ടികളെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുന്നതിനുമായി ജീവിതം സമര്‍പ്പിച്ചിരുന്ന ഫാ. ഹെന്‍റി പ്ലാന്‍ചാട്ട് തന്റെ 47-മത്തെ വയസ്സിലാണ് കൊല്ലപ്പെടുന്നത്. പാവങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിലകൊണ്ട ഫാ. ഫ്രെസാല്‍ ടാര്‍ഡ്യു അന്‍പത്തിയാറാമത്തെ വയസ്സിലാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. തടവില്‍ കഴിയുമ്പോള്‍ തന്റെ സഹതടവുകാരുടെ മനം കവര്‍ന്ന ഫാ. പോളികാര്‍പ്പ് ടുഫിയര്‍ കൊല്ലപ്പെടുമ്പോള്‍ അറുപത്തിനാല് വയസ്സായിരിന്നു പ്രായം. ഒരു വൈദികനാകാന്‍ താന്‍ യോഗ്യനല്ലെന്ന് വിശ്വസിച്ചിരുന്ന ഫാ. പോളികാര്‍പ്പ് ടുഫിയര്‍ അറുപതിലും, സഹതടവുകാരുടെ ആത്മീയ കാര്യങ്ങള്‍ നോക്കിയിരുന്ന ഫാ. ലാഡിസ്ലാസ് റാഡിഗു 48 വയസ്സിലുമാണ് കൊല്ലപ്പെടുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »