Arts
മതപീഡനത്തിനിടയിലും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടിയ ഇറാനി ക്രിസ്ത്യന്‍ വനിതക്ക് ജര്‍മ്മന്‍ പുരസ്കാരം
പ്രവാചകശബ്ദം 26-04-2023 - Wednesday
ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തിന്റെ കടുത്ത മതപീഡനത്തിനു ഇടയിലും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി നടത്തിയ ധീരമായ പോരാട്ടം പരിഗണിച്ച് ഇറാന്‍ സ്വദേശിനിയായ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തക മേരി ഫാത്തിമ മൊഹമ്മദിക്ക് ജര്‍മ്മന്‍ ഫൗണ്ടേഷന്റെ ഉന്നത പുരസ്കാരം. മതപീഡനത്തിനു ഇരയാകുന്ന ക്രൈസ്തവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ജര്‍മ്മന്‍ സംഘടനയായ സ്റ്റെഫാനസ് ഫൗണ്ടേഷന്‍ നല്‍കിവരുന്ന ‘സ്റ്റെഫാനസ് പ്രൈസ് 2023’ ഉന്നത പുരസ്കാരത്തിനാണ് മൊഹമ്മദി അര്‍ഹയായത്. ജര്‍മ്മന്‍ നഗരമായ ബോണില്‍വെച്ച് ഏപ്രില്‍ 21-നായിരുന്നു അവാര്‍ഡ് ദാനം. സഭയുടെ ആദ്യ രക്തസാക്ഷിയായ വിശുദ്ധ സ്തേഫാനോസിന്റെ പേരിലുള്ളതാണ് സ്റ്റെഫാനസ് പ്രൈസ്.
ഇറാനിലെ വിപ്ലവകാരിയായ വനിതയുടെ ധീരതയെ ലോകം മറക്കരുതെന്നു അവാര്‍ഡ്ദാന ചടങ്ങില്‍വെച്ച് സ്റ്റെഫാനസ് ഫൗണ്ടേഷന്റെ ചെയര്‍വുമണായ മൈക്കേല കോളര്‍ പറഞ്ഞു. ഇറാന്റെ മിസൈല്‍ യുക്രൈന്‍ വിമാനത്തെ തകര്‍ത്ത സംഭവം ഇറാന്‍ നിഷേധിച്ചപ്പോള്‍ 2020 ജനുവരി 12-ന് ആയിരകണക്കിന് ആളുകളെ കൂട്ടി മൊഹമ്മദി പ്രതിഷേധം സംഘടിപ്പിച്ചത് ആഗോള തലത്തില്‍ വാര്‍ത്തയായിരിന്നു. ടെഹ്റാനിലെ ആസാദി സ്ക്വയറില്‍വെച്ച് മൊഹമ്മദിയെ അറസ്റ്റ് ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ അവളെ കുപ്രസിദ്ധമായ തടവറയിലിട്ട് ക്രൂരമായ മര്‍ദ്ദിക്കുകയും, ലൈംഗീകമായി അപമാനിക്കുകയും ചെയ്തിരിന്നു. കഴിഞ്ഞ വര്‍ഷമാണ് ഇറാനില്‍ നിന്നും അവര്‍ രക്ഷപ്പെട്ടത്.
അസാമാന്യമായ ധൈര്യവും, നിസ്വാര്‍ത്ഥ ഇടപെടലുമാണ് മൊഹമ്മദിയെ അവാര്‍ഡിനു അര്‍ഹയാക്കിയതെന്നു സ്റ്റെഫാനസ് ഫൗണ്ടേഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. നിരവധി തവണ അറസ്റ്റിലായ മൊഹമ്മദി രണ്ടു പ്രാവശ്യം ജയില്‍ ശിക്ഷ അനുഭവിച്ചിരിന്നു. 2020-ല്‍ മൂന്ന്‍ മാസത്തോളമാണ് അവള്‍ ജയിലില്‍ കഴിഞ്ഞത്. ഇസ്ലാം ഉപേക്ഷിക്കുന്നത് കുറ്റകരമായ ഇറാനില്‍ ഇരുപത്തിനാലുകാരിയായ മൊഹമ്മദി ഇസ്ലാം ഉപേക്ഷിക്കുവാനുള്ള അവകാശത്തിന് വേണ്ടി വാദിക്കുകയും ഏകാധിപത്യ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെക്കുറിച്ചും, ജയിലുകളില്‍ നടക്കുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും ചെയ്തിരിന്നു. 2020-ല്‍ അമേരിക്കന്‍ ഭരണകൂടം പൊതു പ്രസംഗങ്ങളിലും, അഭിമുഖങ്ങളിലും മൊഹമ്മദിക്ക് വേണ്ടി വാദിച്ചിരുന്നു.
'ഇറാനിലെ ഏറ്റവും ധീരയായ വനിത’ എന്നാണ് ക്രിസ്ത്യന്‍ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) മൊഹമ്മദിയെ വിശേഷിപ്പിച്ചത്. മൊഹമ്മദിയുടെ വിശ്വാസവും, മനുഷ്യാവകാശ ഇടപെടലും അവിശ്വസനീയവും, ധീരവുമാണെന്നും, ജയിലില്‍ അവള്‍ക്ക് അനുഭവിക്കേണ്ടി വന്ന പീഡനത്തേയും, മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളേയും രക്തസാക്ഷിത്വമെന്നാണ് വിശേഷിപ്പിക്കേണ്ടതെന്നും ജര്‍മ്മന്‍ ബുണ്ടെസ്റ്റാഗിലെ പാര്‍ലമെന്ററി മനുഷ്യാവകാശ നയവക്താവായ മൈക്കേല്‍ ബ്രാന്‍ഡ് പറഞ്ഞു. തന്റെ പതിനേഴാമത്തെ വയസ്സില്‍ ലോകമെമ്പാടുമുള്ള മതങ്ങളെ കുറിച്ച് ഗവേഷണം നടത്തുകയും ആള്‍ക്കാരുടെ കാഴ്ചപ്പാടുകള മനസിലാക്കുകയും ചെയ്ത ശേഷമാണ് താന്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുവാന്‍ തീരുമാനിച്ചതെന്ന്‍ മൊഹമ്മദി പറഞ്ഞിട്ടുണ്ട്.
