News - 2025
ചൈനയില്‍ നിയമാനുസൃതമല്ലാതെ നടത്തിയ പൗരോഹിത്യ സ്വീകരണങ്ങളെ വിമര്‍ശിച്ച വികാരി ജനറലിന് തടവുശിക്ഷ
പ്രവാചകശബ്ദം 12-05-2023 - Friday
ഷുവാന്‍ഹുവാ: മൂന്നു വൈദികര്‍ക്കും, ഒരു ഡീക്കനും സഭാ നിയമാനുസൃതമല്ലാതെ തിരുപ്പട്ടം നല്‍കിയതിനെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരില്‍ ചൈനയിലെ ഷുവാന്‍ഹുവാ രൂപതാ വികാരി ജനറാള്‍ മോണ്‍. സിമോണ്‍ സാങ്ങ് ജിയാന്‍ലിനിന് രണ്ടു വര്‍ഷത്തെ തടവുശിക്ഷ. അദ്ദേഹത്തിന്റെ 90 വയസ്സുള്ള അമ്മയുടെ ഗുരുതരമായ രോഗാവസ്ഥയും, മാനുഷികതയും പരിഗണിച്ച് അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം അധികാരികള്‍ അവഗണിക്കുകയാണെന്ന് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ മിഷന്റെ കീഴിലുള്ള ഏഷ്യാന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഭാ നിയമം ലംഘിച്ച് ഷുവാന്‍ഹുവാ രൂപതയിലെ ഷിജാഷുവാങ് പട്ടണത്തിലെ ദേവാലയത്തില്‍വെച്ച് ഷാങ്ജികോ രൂപതക്ക് വേണ്ടി മൂന്ന്‍ പുരോഹിതര്‍ക്കും, ഒരു ഡീക്കനും തിരുപ്പട്ടം നൽകിയതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് തടവു ശിക്ഷ എന്നാണ് റിപ്പോര്‍ട്ട്.
ദശാബ്ദങ്ങളായി ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷനും, വത്തിക്കാനെ അംഗീകരിക്കുന്ന സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഭൂഗര്‍ഭ സഭയുമായി ചൈനീസ് കത്തോലിക്ക സഭ വിഭജിക്കപ്പെട്ടിരിക്കുകയാണ്. വത്തിക്കാനെ സംബന്ധിച്ചിടത്തോളം ചൈനയില്‍ ഷാങ്ജികോ എന്നൊരു രൂപതയില്ല. ആ മേഖലയെ വത്തിക്കാന്‍ ഷുവാന്‍ഹുവാ, ഷിവാന്‍സി രൂപതകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. വത്തിക്കാന്‍ മാനദണ്ഡങ്ങളും, കാനോന്‍ നിയമങ്ങളും എടുത്തുക്കാട്ടിക്കൊണ്ട്, നിയമാനുസൃതമല്ലാതെ നടക്കുന്ന തിരുപ്പട്ട സ്വീകരണ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മോണ്‍. സിമോണ്‍ സാങ്ങ് രൂപതയിലെ വൈദികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നു.
മോണ്‍. ഗുവോ ജിങ്കായി സഭാനിയമാനുസൃതമല്ലാതെ തിരുപ്പട്ടം നല്‍കിയത് ഷുവാന്‍ഹുവാ, ഷിവാന്‍സി രൂപതാ ഭരണനേതൃത്വത്തെ അസ്വസ്ഥരാക്കിയിട്ടുണ്ട്. മെത്രാന്‍ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മില്‍ 2018 മുതല്‍ കരാര്‍ നിലവിലുണ്ട്. എന്നാല്‍ കത്തോലിക്കാ സഭക്കെതിരായ ചൈനീസ് ഭരണകൂടത്തിന്റെ മതപീഡനങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലായെന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സംഭവം.
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം സംബന്ധിച്ച വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദ്ദിനാള്‍ പോള്‍ റിച്ചാര്‍ഡ് ഗല്ലാഘര്‍ ‘ഇ.ഡബ്യു.ടി.എന്‍’ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മെത്രാന്മാരുടെ നിയമനം സംബന്ധിച്ച് ബെയ്ജിംഗുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ താല്‍ക്കാലിക കരാര്‍ കൂടുതല്‍ മികച്ചതാക്കുവാനായി ചര്‍ച്ചകള്‍ നടത്തിവരികയാണെന്നു വെളിപ്പെടുത്തിയിരിന്നു. ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാഷ്ട്രങ്ങളെ കുറിച്ചുള്ള ‘ഓപ്പണ്‍ഡോഴ്സ് യു.എസ്.എ’യുടെ പട്ടികയില്‍ 16-മതാണ് ചൈനയുടെ സ്ഥാനം.