News - 2024

വത്തിക്കാന്‍ കവാടത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ചുകയറ്റി, വെടിയുതിര്‍ത്ത് സുരക്ഷാസേന; പ്രതി അറസ്റ്റില്‍

പ്രവാചകശബ്ദം 19-05-2023 - Friday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രവേശനകവാടത്തിലേക്ക് അജ്ഞാതന്‍ അനധികൃതമായി കാര്‍ ഓടിച്ചുകയറ്റിയതിന് പിന്നാലെ വെടിയുതിര്‍ത്ത് സുരക്ഷാസേന. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായി പരിശുദ്ധ സിംഹാസനത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്നലെ വ്യാഴാഴ്ച വൈകുന്നേരമാണ് വത്തിക്കാനില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി 8:00 മണിക്ക് ശേഷം വത്തിക്കാന്റെ പ്രവേശന കവാടങ്ങളിലൊന്നിലേക്ക് തിരിഞ്ഞ അജ്ഞാതനെ അവിടെ പട്രോളിംഗ് നടത്തുകയായിരുന്ന സ്വിസ് ഗാർഡ് പാസില്ലാത്തതിനാൽ പിന്തിരിപ്പിച്ചപ്പോൾ, അമിത വേഗതയിൽ അയാൾ തിരികെ വരികയായിരിന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പിന്നാലേ വത്തിക്കാനിലെ ജെൻഡാർം ഫോഴ്‌സിലെ ഒരു അംഗം ടയറുകള്‍ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരിന്നു. ഇത് മറികടന്ന് വാഹനം മുന്നോട്ട് പോയതോടെ സുരക്ഷ അലാറം മുഴക്കി. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പിൻഭാഗത്തേക്കും വത്തിക്കാൻ ഗാർഡനിലേക്കും മാർപാപ്പയുടെ വസതി സ്ഥിതിചെയ്യുന്ന പിയാസ സാന്താ മാർട്ടയിലേക്കുമുള്ള പ്രവേശന കവാടങ്ങള്‍ നിമിഷങ്ങള്‍ക്കകം അടച്ചു. അപ്പസ്തോലിക് കൊട്ടാരത്തിന്റെ പരിസരമായ ഡമാസസ് നടുമുറ്റത്തില്‍ എത്തിയതോടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.

ഇതിന് പിന്നാലെ 40 വയസ്സു പ്രായമുള്ള പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇദ്ദേഹം മാനസിക രോഗിയാണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ അന്വേഷണ വിധേയമായി വത്തിക്കാനിലെ സെല്ലിൽ തടവിലാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. 2017-ല്‍ ഇംഗ്ലണ്ടിലെ മാ‍ഞ്ചസ്റ്റർ അരീനയിൽ നടത്തിയ ഭീകരാക്രമണത്തിന് ശേഷം ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ റോം ആക്രമിക്കുവാന്‍ പദ്ധതിയിടുന്നു എന്നതിനുള്ള തെളിവുകള്‍ പുറത്ത് വന്നിരിന്നു. ഇസ്ളാമിക തീവ്രവാദികള്‍ ആശയവിനിമയത്തിനു ഉപയോഗിച്ചിരുന്ന ടെലഗ്രാം അക്കൗണ്ടിലെ ചാറ്റിംഗാണ് അന്ന് പുറത്തുവന്നിരിന്നത്.


Related Articles »