India - 2024

ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ട: സര്‍ക്കാരിന് മുന്നറിയിപ്പുമായി കെ‌സി‌ബി‌സി

പ്രവാചകശബ്ദം 22-05-2023 - Monday

തിരുവനന്തപുരം: ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പക്വമായ നടപടികൾ അവസരോചിതമായി സ്വീകരിക്കേണ്ടതിന് പകരം സമൂഹത്തിന് വേണ്ടി സംസാരിക്കുന്നവരെ ഭയപ്പെടുത്തി നിശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് കെ‌സി‌ബി‌സി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സംസ്ഥാന സർക്കാരിനോട് ഇവിടുത്തെ ഒരു പൊതുആവശ്യം അറിയിച്ചു എന്നതിൽ പ്രതിഷേധമോ അസ്വസ്ഥതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വന്യജീവികളുടെ അക്രമണത്തെ ഫലപ്രദമായി എങ്ങനെയാണ് നിരായുധരായ ആളുകൾ പ്രത്യേകിച്ച് വനത്തോട് അടുത്തുള്ള സ്ഥലത്ത് താമസിക്കുന്ന ആളുകൾ നേരിടുക. ഇതിൽ ആരും അക്ഷമരാകേണ്ട കാര്യമില്ല. ഇത് സംസ്ഥാന സർക്കാരിനോട് ഇവിടുത്തെ ഒരു പൊതുആവശ്യം ഉണർത്തി എന്നുള്ളതിൽ പ്രതിഷേധമോ അസ്വസ്തതയോ പ്രകടിപ്പിക്കേണ്ട കാര്യമില്ല. ബന്ധപ്പെട്ട അധികാരികൾ ജനങ്ങളുടെ ജീവൻ നിലനിർത്തുന്നതിന് ആവശ്യമായ പക്വമായ നടപടികൾ അവസരോചിതമായി സ്വീകരിക്കേണ്ടതിന് പകരം ഇപ്രകാരമുള്ള അഭിപ്രായങ്ങൾ നിഷ്പക്ഷമായും ജനങ്ങൾക്ക് വേണ്ടിയും സംസാരിക്കുന്നവരെ അങ്ങനെ ഭയപ്പെടുത്തി നിശബ്ദരാക്കാം എന്ന് ഒരു വകുപ്പും ഒരു ഭരണാധികാരിയും അങ്ങനെ വിചാരിക്കേണ്ടതുമില്ല.

ജനങ്ങളുടെ ധാർമ്മികമായ ഒരാവശ്യം മുമ്പോട്ട് വെക്കുമ്പോൾ അതിന്റെ പിറകിലെ യഥാർത്ഥ കാരണം എന്താണെന്ന് തിരിച്ചറിയലാണ് പക്വതയുടെ ലക്ഷണം.ഈ വന്യമൃഗങ്ങളുടെ ആക്രമണമേറ്റ് മരണമടഞ്ഞ കുടുംബങ്ങൾക്ക് നമ്മുടെ ഈ ചർച്ചുകളെക്കാൾ അപ്പുറത്ത് ചില പ്രതിവിധികളുണ്ട്! ഇനി ഇതാവർത്തിക്കാതിരിക്കാനുള്ള മുൻ കരുതലുകളുണ്ട്. അതിന് പകരം ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചവരെയെല്ലാം അവർ അഭിപ്രായങ്ങൾ ഒന്നും പറഞ്ഞു കൂടായെന്ന നിലപാടല്ല നാം അവലംബിക്കേണ്ടത്, ഗൗരവപരമായ ഒരു കൂട്ടുത്തരവാദിത്വത്തിന്റെ ആവശ്യകതെയെക്കുറിച്ച് വീണ്ടും ഈ വകുപ്പിനെയും സർക്കാരിനെയും ഓർമ്മപ്പെടുത്തുന്നു. ജനങ്ങളാണ് നമ്മുടെ മുഖ്യലക്ഷ്യം, ജനങ്ങളുടെ ജീവൻ സംരക്ഷിക്കലാണ് സർക്കാരിന്റെ പരമപ്രധാനമായ ആവശ്യം വന്യമൃഗ സംരക്ഷണത്തെക്കാൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണത്തിനും പ്രാധാന്യം കൊടുക്കുന്നതിനെയാണ് കെ‌സി‌ബി‌സി ഗൗരവപരമായി കാണുന്നതെന്ന് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവ കൂട്ടിച്ചേർത്തു.


Related Articles »