India - 2024

അമൽജ്യോതി കോളേജിനു നേരെയുണ്ടാകുന്ന അധിക്ഷേപങ്ങൾ അപലപനീയം: വിവിധ രൂപതകളുടെ സംയുക്ത ജാഗ്രതാസമിതി

പ്രവാചകശബ്ദം 07-06-2023 - Wednesday

ചങ്ങനാശേരി: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ബി ടെക് രണ്ടാം വർഷ ഫുഡ്‌ ടെക്നോളജി വിദ്യാർത്ഥിനിയായ ശ്രദ്ധ സതീഷിൻ്റെ അകാലനിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്നും ശ്രദ്ധയുടെ മരണത്തിൽ ഹൃദയവേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളെ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ പിആർ - ജാഗ്രതാസമതികളുടെ സംയുക്തയോഗം.

ഈ മരണത്തിൻ്റെ യഥാർത്ഥ കാരണങ്ങൾ പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ പോലീസിൻ്റെ കൃത്യമായ നിഗമനങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ അവാസ്തവമായ ആരോപണങ്ങളിലൂടെ മാനേജ്മെൻ്റിനെയും അധ്യാപകരെയും ഹോസ്റ്റൽ അധികൃതരെയും പ്രതിക്കൂട്ടിൽ നിർത്താനും വൈദികരെയും സന്യസ്തരെയും അപകീർത്തിപ്പെടുത്തുവാനും ക്രൈസ്തവ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാനുമുള്ള ശ്രമങ്ങൾ തികച്ചും അപലപനീയമാണെന്നു ജാഗ്രതാസമിതി പ്രസ്താവിച്ചു.

കോളേജിനെതിരെ വിദ്യാർത്ഥികളെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ശ്രമങ്ങളും വർഗീയലക്ഷ്യത്തോടെ നടത്തുന്ന ഗൂഢസംഘങ്ങളുടെ പ്രവർത്തനങ്ങളും തുടരാൻ അനുവദിക്കാവുന്നതല്ല. അക്കാദമിക രംഗത്തെ നിയമങ്ങൾ അനുസരിച്ച് അച്ചടക്കത്തോടെ പ്രവർത്തിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും മികച്ച സംഭാവനകൾ നൽകുന്ന ക്രിസ്ത്യൻ മാനേജ്മെൻ്റിൻ്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകർക്കാനുള്ള നീക്കങ്ങളിൽനിന്ന് രാഷ്ട്രീയകക്ഷികൾ പിൻമാറുകയും ആവശ്യമായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാവുകയും വേണം. നീതിനിഷേധവും അതിക്രമങ്ങളും ഇനിയും തുടർന്നാൽ ഒന്നുചേർന്ന് ശക്തമായ നിലപാടുകൾ സ്വീകരിക്കാൻ ക്രൈസ്തവസമൂഹം നിർബന്ധിതമാകുമെന്നും യോഗം വ്യക്തമാക്കി.

ചൊവ്വാഴ്ച ഓൺലൈനായി കൂടിയ യോഗത്തിൽ പ്രസ്തുത രൂപതകളിലെ ജാഗ്രതാസമിതി ഡയറക്ടർമാരായ ഫാ. ജയിംസ് കൊക്കാവയലിൽ, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ഫാ. സ്റ്റാൻലി പുള്ളോലിൽ, ചങ്ങനാശേരി അതിരൂപതാപിആർഒ അഡ്വ.ജോജി ചിറയിൽ, കാഞ്ഞിരപ്പള്ളി രൂപതാ എകെസിസി പ്രസിഡണ്ട് ജോമി കൊച്ചുപറമ്പിൽ എന്നിവരും വൈദികരും സമർപ്പിതരും അത്മായരുമുൾപ്പെടുന്ന സമിതി അംഗങ്ങളും സംബന്ധിച്ചു.


Related Articles »