News - 2024

ലോക യുവജന സംഗമത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെപ്പറ്റി ബോധവൽക്കരണം നടത്താൻ എ‌സി‌എന്‍

പ്രവാചകശബ്ദം 03-08-2023 - Thursday

ലിസ്ബണ്‍: പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ലോക യുവജന സംഗമത്തിനെത്തിയ യുവജനങ്ങളുടെ ഇടയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അക്രമങ്ങളെ പറ്റി ബോധവൽക്കരണം നടത്താനുള്ള പദ്ധതികളുമായി ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ഓരോരുത്തരുടെയും രാജ്യങ്ങളിൽ പീഡിത സഭക്ക് കൈത്താങ്ങായി മാറാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് എസിഎൻ ലക്ഷ്യംവെക്കുന്നത്. സാധിക്കുന്ന അത്രയും ആളുകളെ ലോകമെമ്പാടുമുള്ള പീഡിത സഭയെപ്പറ്റി ബോധവൽക്കരിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടനയുടെ പോർച്ചുഗലിലെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. പീഡിത സഭയെ കുറിച്ച് ഒരുപാട് പേർക്ക് ഇപ്പോഴും ബോധ്യമില്ലെന്ന് പ്രസ്താവന പുറത്തിറക്കിയ സംഘടനയുടെ ദേശീയ അധ്യക്ഷ കാതറീന മാർട്ടിൻസ് ചൂണ്ടിക്കാട്ടി.

വോളണ്ടിയർമാരെ കണ്ടെത്താനും, പ്രദർശനങ്ങൾക്ക് വേണ്ടിയുള്ള വസ്തുവകകൾ കണ്ടെത്താനും, മറ്റുള്ള കാര്യങ്ങൾക്കും വേണ്ടി എയിഡ് ടു ദ ചർച്ച് ഇൻ നീഡിന്റെ പ്രവർത്തകർ ഏതാനും ദിവസങ്ങളായി തിരക്കിലായിരുന്നു. ലോക യുവജന സംഗമം പോലെ വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കുക എന്നത് എല്ലാ ദിവസവും നടക്കുന്ന കാര്യമല്ല. അതിനാൽ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ഉത്തരവാദിത്വമായിട്ടാണ് സംഘടന ഇതിനെ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 'ഹീറോസ് ഇൻ ഫെയ്ത്ത്' എന്ന പേരിലായിരിക്കും എസിഎൻ പരിപാടികൾ സംഘടിപ്പിക്കുക.

മാർട്ടിയേഴ്സ് ബസിലിക്ക സുപ്രധാന വേദിയാണ്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിന് ഒരുക്കും. ബസിലിക്കാ ദേവാലയത്തിൽ ഷിയാ മുസ്ലിം വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ജോസഫ് ഫടൽ എന്നൊരു വ്യക്തിയുടെയും, പലസ്തീനിയൻ ക്രൈസ്തവ വിശ്വാസിയായ റാഫി ഖട്ടാസ് എന്ന ഒരു വ്യക്തിയുടെയും സാക്ഷ്യങ്ങൾ ഉണ്ടായിരിക്കും. ഇതുകൂടാതെ ക്രൈസ്തവ പീഡനങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങളുടെ പ്രദർശനവും വിശ്വാസം പരീക്ഷിക്കപ്പെടുന്നവരുടെ ഡോക്യുമെന്ററി ചിത്രങ്ങളുടെ പ്രദർശനവും സംഘടന ഒരുക്കുന്നുണ്ട്.


Related Articles »