Meditation. - August 2024

നിങ്ങള്‍ക്കുള്ളതില്‍ നിന്ന്‍ സന്തോഷപൂര്‍വ്വം ദാനം ചെയ്തു തുടങ്ങുക

സ്വന്തം ലേഖകന്‍ 08-08-2016 - Monday

"എന്നാല്‍ യേശു പറഞ്ഞു: അവര്‍ പോകേണ്ടതില്ല; നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: അഞ്ചപ്പവും രണ്ടു മത്‌സ്യവും മാത്രമേ ഇവിടെ ഞങ്ങളുടെ പക്കലുള്ളൂ" (മത്തായി 14:16-17).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 8

നിങ്ങളില്‍ ഭൂരിഭാഗവും പറയുന്നതു കേള്‍ക്കാന്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങള്‍ പറയുന്നു, ''മനുഷ്യരുടെയിടയില്‍ സമാധാനവും ശരിയായ ആശയവിനിമയവുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പങ്കുവയ്ക്കലാണ് ഞങ്ങള്‍ക്ക് ഇടയില്‍ വേണ്ടത്. ജീവിക്കുവാനും, ഞങ്ങളുടേയും മറ്റുള്ളവരുടേയും ജീവിതങ്ങള്‍ വിജയത്തിലെത്തിക്കുവാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു".

പ്രിയപ്പെട്ട സ്‌നേഹിതരേ, ജീവിതോപാധികള്‍ തേടിയും, രോഗമുക്തിയ്ക്കുവേണ്ടിയും ആകാംക്ഷയോടെ അവനെ കേള്‍ക്കാന്‍ തടിച്ചുകൂടിയ, അയ്യായിരത്തോളം പേരടങ്ങിയ ഒരു വന്‍ ജനക്കൂട്ടത്തിന് മുന്നില്‍ യേശു അകപ്പെട്ടുപോയതായി നാം വായിക്കുന്നു. അവര്‍ക്ക് ഭക്ഷിക്കാന്‍ ഒന്നുമില്ലായിരുന്നു; നേരം സന്ധ്യയായി, സ്ഥലമോ മരുഭൂമിയും. ഭക്ഷിക്കാന്‍ കൊടുക്കാതെ അവരെ പറഞ്ഞുവിടാന്‍ യേശു ആഗ്രഹിച്ചില്ല. അതേ സമയം അപ്പസ്‌തോലന്മാര്‍ നിസ്സഹായരായിരുന്നു താനും. ഒരു ബാലന്റെ കൈയ്യില്‍ അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്.

ഇത്രയും ആളുകള്‍ക്ക് അവ എങ്ങനെ തികയാനാണ്?

ഈ ഉപമ വിരല്‍ ചൂണ്ടുന്നത് നമ്മുടെ ജീവിതങ്ങളിലേക്ക് തന്നെയല്ലേ? നിങ്ങളും പറഞ്ഞേക്കാം, ''ഞങ്ങളുടെ സന്മനസ്സുകൊണ്ട് അനേകം ജനങ്ങള്‍ക്ക് എന്താകാനാണ്?''. ഈ ഒരു ചോദ്യത്തിന് ഒറ്റ മറുപടിയെയുള്ളൂ. നിങ്ങള്‍ക്കുള്ളതില്‍ നിന്ന്‍ സന്തോഷപൂര്‍വ്വം ദാനം ചെയ്തു തുടങ്ങുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സല്‍പ്രവര്‍ത്തികള്‍ കണ്ടറിഞ്ഞ്, ദൈവം നിങ്ങള്‍ക്ക് നല്കിയിരിക്കുന്നത് എന്താണോ അത് അപരനായി മാറ്റിവെക്കുക.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ലിയോണ്‍സ്, 5.10.86)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »