Editor's Pick

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02

ഡോ. ആൻറണി തറേക്കടവിൽ 25-08-2023 - Friday

ക്രിസ്ത്യാനികളുടെ മതഗ്രന്ഥമായ ബൈബിളിനെയും മുസ്ലീങ്ങളുടെ മതഗ്രന്ഥമായ ഖുർആനെയും കുറിച്ചുള്ള പഠനമാണ് ഈ അദ്ധ്യായം. ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും മനസിലാക്കാൻ ഈ പഠനം സഹായിക്കും

I. വിശുദ്ധ ബൈബിൾ ‍

ക്രൈസ്തവരുടെ വിശുദ്ധ ഗ്രന്ഥമാണു ബൈബിൾ. പഴയ നിയമം, പുതിയനിയമം എന്നീ രണ്ടു ഭാഗങ്ങൾ ബൈബിളിനുണ്ട്. ഇതിൽ പഴയനിയമം എന്നറിയപ്പെടുന്ന ഭാഗം യഹൂദരുടെകൂടി വിശുദ്ധഗ്രന്ഥമാണ്.

I. പഴയനിയമം ‍

പഴയനിയമത്തിലെ 39 പുസ്തകങ്ങൾ ബി.സി.നാലാം നൂറ്റാണ്ടിനു മുമ്പായി ഹീബ്രുഭാഷയിൽ എഴുതപ്പെട്ടവയാണ്. 'പലസ്‌തീനിയൻ (ഹീബ്രു) കാനൻ ' എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്ന ഈ ഗ്രന്ഥങ്ങൾക്ക് 'പൂർവ കാനോനിക ഗ്രന്ഥങ്ങൾ' എന്ന പേരുകൂടിയുണ്ട്. ഈ പുസ്‌തകങ്ങൾ ബി.സി. മൂന്നാം നൂറ്റാണ്ടുമുതൽ യഹൂദപണ്ഡിതന്മാർ ഹീബ്രു ഭാഷയിൽ നിന്നു ഗ്രീക്കു ഭാഷയിലേക്കു വിവർത്തനം ചെയ്തു തുടങ്ങിയിരുന്നു. മിശിഹായുടെ കാലത്തിനു മുമ്പുതന്നെ 39 പുസ്തകങ്ങളും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തിരുന്നു. പഴയനിയമ ഗ്രന്ഥങ്ങളുടെ ഗ്രീക്കു വിവർത്തനമാണ് സെപ്ത്വജിൻറ് അഥവാ സപ്‌തതി.

ബി.സി നാലാം നൂറ്റാണ്ടു മുതൽ പലസ്തീനായിൽ ഗ്രീക്കു ഭരണം നിലനിന്നിരുന്നതുകൊണ്ട് സാഹിത്യഭാഷ ഗ്രീക്ക് ആയി. അക്കാലത്തു രൂപംകൊണ്ട യഹൂദമതഗ്രന്ഥങ്ങൾ (തോബിത്ത്, യൂദിത്ത്, ബാറൂക്ക്, 1-2 മക്കബായർ, ജ്ഞാനം, പ്രഭാഷകൻ) ഗ്രീക്കു ഭാഷയിലാണ് എഴുതപ്പെട്ടത്. 'ഉത്തര കാനോനിക ഗ്രന്ഥങ്ങൾ' എന്നറിയപ്പെടുന്ന ഏഴു പുസ്‌തകങ്ങളും ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തപ്പെട്ട 39 ഗ്രന്ഥങ്ങളും ചേർന്നതാണ് പഴയനിയമത്തിന്റെ 'അലക്‌സാണ്ഡ്രിയൻ (ഗ്രീക്കു) കാനൻ', 46 പുസ്തകങ്ങളുള്ള വിശുദ്ധഗ്രന്ഥ സമാഹാരമാണ് ഈശോയുടെ കാലത്തെ യഹൂദർ ഉപയോഗിച്ചിരുന്നത്.

ആദ്യകാലങ്ങളിൽ ശ്ലീഹന്മാർ, പ്രത്യേകിച്ച് പൗലോസ് ശ്ലീഹാ, സുവിശേഷം പ്രഘോഷിച്ചതു ഗ്രീക്കു സംസാരിക്കുന്ന ജനങ്ങളോടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അവർക്കെഴുതിയ കത്തുകളും ഗ്രീക്കുഭാഷയിലായിരുന്നു. സുവിശേഷങ്ങൾ എഴുതപ്പെട്ടതും ഗ്രീക്കിൽത്തന്നെ. ഇവയിലെല്ലാം, നസ്രായനായ ഈശോ പഴയനിയമത്തിന്റെ പൂർത്തീകരണമാണ് എന്നു വ്യക്തമാക്കുന്നതിനു ശ്ലീഹന്മാർ ഉപയോഗിച്ചത് അലക്‌സാണ്ഡ്രിയൻ (ഗ്രീക്കു) കാനൻ അനുസരിച്ചുള്ള ഗ്രന്ഥസമാഹാരമാണ്. അതിലെ ഉത്തര കാനോനിക ഗ്രന്ഥങ്ങളായ ജ്ഞാനം, മക്കബായരുടെ രണ്ടാം പുസ്തകം എന്നിവയിൽ കാണുന്ന പുനരുത്ഥാനത്തിലുള്ള വിശ്വാസം മരിച്ചവരുടെ ഉയിർപ്പിലുള്ള ക്രൈസ്തവ പ്രത്യാശയ്ക്കു പശ്ചാത്തലമാവുകയും ചെയ്‌തു.

യഹൂദമതത്തിന്റെയും പഴയനിയമത്തിന്റെയും പൂർത്തീകരണം ഈശോമിശിഹായിലും ക്രിസ്തുമതത്തിലുമാണ് എന്ന വിശ്വാസത്തെ ഖണ്ഡിക്കുക എന്ന ലക്ഷ്യത്തോടെ, ക്രൈസ്തവർ ഉപയോഗിച്ചിരുന്ന ഗ്രീക്കുഭാഷയിലുള്ള പഴയനിയമമല്ല, ഹീബ്രുഭാഷയിലുള്ള പഴയനിയമം മാത്രമാണു യഹൂദരുടെ വിശുദ്ധ ഗ്രന്ഥമെന്ന്, എ.ഡി. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജാമ്‌നിയായിൽ കൂടിയ സമ്മേളനത്തിൽവച്ച്, യഹൂദ റബ്ബിമാർ പ്രഖ്യാപിച്ചു. അങ്ങനെ, യഹൂദർ ഇന്ന് അംഗീകരിക്കുന്ന വിശുദ്ധഗ്രന്ഥത്തിൽ ഹീബ്രുഭാഷയിൽ എഴുതപ്പെട്ട 39 പുസ്തകങ്ങൾ മാത്രമേയുള്ളൂ.

2. പുതിയനിയമം ‍

പഴയനിയമത്തിലെ 46 പുസ്തകങ്ങളോടൊപ്പം എ.ഡി.ഒന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എഴുതപ്പെട്ട 27 പുതിയ നിയമഗ്രന്ഥങ്ങൾകൂടി ഉൾപ്പെട്ടതാണു ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥം (46+27=73). പതിനാറാം നൂറ്റാണ്ടുവരെയും എല്ലാ ക്രൈസ്തവസമൂഹങ്ങൾക്കും 73 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ബൈബിൾ ആണ് ഉണ്ടായിരുന്നത്. പതിനാറാം നൂറ്റാണ്ടിൽ രൂപംകൊണ്ട പ്രൊട്ടസ്റ്റന്റുസഭ പഴയനിയമത്തിന്റെ 'ഗ്രീക്കുകാനൻ' ഉപേക്ഷിച്ച് 'ഹീബ്രുകാനൻ' സ്വീകരിച്ചു.

അങ്ങനെ പ്രൊട്ടസ്റ്റന്റുസഭകൾക്ക് ഇപ്പോൾ 39 പുസ്തകങ്ങൾ മാത്രമേ പഴയനിയമത്തിലുള്ളൂ. ഉത്തര കാനോനിക ഗ്രന്ഥങ്ങൾ അവർ 'അപ്പോക്രിഫ' ആയാണു പരിഗണിക്കുന്നത്. ബൈബിളിന് ആധുനിക ഭാഷാന്തരങ്ങൾ തയ്യാറാക്കുമ്പോൾ, പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ ഹീബ്രുഭാഷയിൽനിന്നും, ഉത്തര കാനോനിക ഗ്രന്ഥങ്ങളും (7 പുസ്തകങ്ങൾ) പുതിയ നിയമഗ്രന്ഥങ്ങളും ഗ്രീക്കുഭാഷയിൽ നിന്നുമാണ് വിവർത്തനം ചെയ്യുന്നത്.

ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബൈബിളിലെ എല്ലാ പുസ്തകങ്ങളും എഴുതപ്പെട്ടിരുന്നെങ്കിലും, 73 പുസ്തകങ്ങൾ അടങ്ങുന്ന 'ക്രൈസ്തവ കാനൻ' നിശ്ചയിക്കപ്പെട്ടത് എ.ഡി. 393-ലെ ഹിപ്പോ സൂനഹദോസിലും, എ.ഡി. 397-ലെയും 419-ലെയും കാർത്തെജ് സൂനഹദോസുകളിലുമായാണ്. പൊതുവായ മൂന്നു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാനനിലെ പുസ്തകങ്ങൾ നിർണയിച്ചത്.

1. ശ്ലൈഹീക കാലഘട്ടത്തിൽ, അതായത് ഒന്നാം നൂറ്റാണ്ടിൽ (യോഹന്നാൻ ശ്ലീഹായുടെ മരണത്തിനുമുമ്പ്) എഴുതപ്പെട്ടതായിരിക്കണം.

2. ഇവ ആദിമസഭാസമൂഹങ്ങളിലെ ആരാധനയിൽ പൊതുവായി ഉപയോഗിച്ചിരുന്നതായിരിക്കണം.

3. രക്ഷാകരചരിത്രത്തോടും ക്രൈസ്തവവിശ്വാസത്തോടും ചേർന്നു പോകുന്നതുമായിരിക്കണം.

ബൈബിളിന്റെ ഉള്ളടക്കം ‍

ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമായ ബൈബിൾ സത്യദൈവമായ കർത്താവിന്റെ എഴുതപ്പെട്ട വചനമാണ്. മനുഷ്യോത്പത്തി മുതൽ യുഗാന്ത്യം വരെയുള്ള ചരിത്രമാണ് അതിന്റെ ഉള്ളടക്കം. പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും സൃഷ്ടി, പാപം മൂലമുണ്ടായ മനുഷ്യന്റെ പതനം, മനുഷ്യനായ ഈശോമിശിഹാ വഴി മനുഷ്യവർഗത്തിനു കൈവന്ന രക്ഷ തുടങ്ങിയ സംഭവങ്ങളുടെ ചരിത്ര വിവരണമാണു ബൈബിൾ. അതായത് വിശുദ്ധഗ്രന്ഥത്തിന്റെ ഉള്ളടക്കം മൂന്നു തലക്കെട്ടുകളിലായി സംഗ്രഹിക്കാം. സൃഷ്ടി, പതനം, വീണ്ടെടുപ്പ് (creation, fall and redemption ).

ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ടവരിലൂടെ ഇസ്രായേൽ ജനത്തിനു നൽകിയ വെളിപാടുകളുടെ ചരിത്രം കൂടിയാണ് ബൈബിൾ. മനുഷ്യചരിത്രത്തിലുള്ള ദൈവത്തിന്റെ രക്ഷാകരമായ ഇടപെടലിന്റെ ചരിത്രമാണത്. ദൈവം ആദിയിൽ മനുഷ്യനെ തന്റെ ഛായയിൽ സൃഷ്ടിച്ചു. ദൈവത്തിനെതിരെ പാപം ചെയ്ത മനുഷ്യൻ, ദൈവത്തോടും സഹമനുഷ്യനോടുമുള്ള ബന്ധം തകർത്തു. ഈ ബന്ധം പുനഃസ്ഥാപിച്ചു മനുഷ്യകുലത്തെ രക്ഷിക്കാനായി ദൈവം അബ്രാഹത്തെ വിളിക്കുകയും അവനിൽനിന്ന് ഒരു ജനത്തിനു രൂപം നൽകുകയും ആ ജനത്തിലേക്ക് ആത്മീയ-ധാർമ്മിക സന്ദേശങ്ങളുമായി പ്രവാചകന്മാരെ അയച്ച് അവരുടെ വളർച്ച ഉറപ്പുവരുത്തുകയും ചെയ്തു.

മനുഷ്യരക്ഷയ്ക്കായി സ്ഥാപിക്കാനിരിക്കുന്ന ഒരു പുതിയ ഉടമ്പടിയെക്കുറിച്ചും ദൈവപുത്രന്റെ മനുഷ്യാവതാരത്തെക്കുറിച്ചും പ്രവാചകന്മാരിലൂടെ ദൈവം മുൻകൂട്ടി അറിയിച്ചിരുന്നു. ഈ ചരിത്രമാണ് പഴയനിയമം. തുടർന്ന് മനുഷ്യചരിത്രത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ദൈവം മനുഷ്യനായി അവതരിച്ചു.യഥാർത്ഥത്തിൽ ദൈവം ആരാണ്, അവിടുത്തെ സ്വഭാവം എന്താണ് എന്ന് മനുഷ്യനായവതരിച്ച ഈശോമിശിഹാ കാണിച്ചുതന്നു. അനാദി മുതലേ ദൈവത്തോടൊപ്പമായിരുന്ന ദൈവപുത്രനു മാത്രമേ ദൈവം ആരാണ് എന്നും എന്താണ് എന്നും മനുഷ്യനുവേണ്ടി വെളിപ്പെടുത്താൻ സാധിക്കൂ (യോഹ 1,18). അതുകൊണ്ടുതന്നെ മറ്റൊരു മനുഷ്യനും മിശിഹായുടേതിനേക്കാൾ; ശ്രേഷ്ഠമായ ദൈവിക വെളിപാട് നൽകാൻ സാധ്യമല്ല.

എല്ലാ മനുഷ്യരും സ്വർഗസ്ഥനായ പിതാവായ ദൈവത്തിന്റെ മക്കളാണെന്നും എല്ലാവരും ദൈവപുത്രനിലൂടെ രക്ഷിക്കപ്പെടേണ്ടവരാണെന്നും ഈശോ പഠിപ്പിച്ചു. താൻ പഠിപ്പിച്ച സ്നേഹത്തിന്റെ പ്രമാണമനുസരിച്ച് എല്ലാവരെയും, വിധിക്കാൻ യുഗാന്ത്യത്തിൽ താൻ വീണ്ടും വരുമെന്നും ദൈവപുത്രനായ ഈശോ ശിഷ്യരെ പ്രബോധിപ്പിച്ചു.

ഈശോ തന്റെ മരണോത്ഥാനങ്ങളിലൂടെ മനുഷ്യരുടെ പാപങ്ങൾക്കു പരിഹാരം ചെയ്ത് സ്വർഗത്തിലേക്ക് കരേറി. തുടർന്ന് അവിടുന്ന് തന്റെ റൂഹായെ അയച്ചുകൊണ്ട് തന്റെ സുവിശേഷം ലോകമെങ്ങും പ്രഘോഷിക്കുന്നതിനായി തിരുസഭ സ്ഥാപിച്ചു. കർത്താവിന്റെ സുവിശേഷത്തിന്റെ വാഹകരായ തിരുസഭ വളർന്ന് ലോകമെങ്ങും വ്യാപിച്ചു. ഇക്കാര്യങ്ങളാണു പുതിയനിയമം വിവരിക്കുന്നത്.

സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന ദൈവത്തിന്റെ രക്ഷാകര പ്രവൃത്തിയുടെ ചരിത്രവും ആ ചരിത്രത്തിലെ വിവിധ കാലങ്ങളിൽ ദൈവത്താൽ പ്രചോദിതരായി ദൈവത്തിനുവേണ്ടി സംസാരിച്ച പ്രവാചകന്മാരുടെയും നേതാക്കന്മാരുടെയും വചനങ്ങളും അവരുടെ ജീവിതമാതൃകകളും നിലപാടുകളും ചിന്തകളും പ്രാർത്ഥനകളുമാണു ബൈബിളിലുള്ളത്.

ക്രിസ്ത്യാനികൾ ബൈബിൾ തിരുത്തിയിട്ടില്ല ‍

'വേദമതക്കാർ അവരുടെ വേദം തിരുത്തി' എന്ന ആരോപണം പലപ്പോഴും കേൾക്കാറുള്ളതാണ്. ക്രിസ്ത്യാനികൾ അവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ തിരുത്തി എന്നാണ് ഇതുകൊണ്ട് ഇക്കൂട്ടർ ഉദ്ദേശിച്ചിക്കുന്നത്. ഈ ആരോപണത്തിന്റെ നിജസ്ഥിതി അറിയാൻ, തലമുറകളായി കൈമാറപ്പെട്ടു ക്രിസ്ത്യാനികൾ ഇന്നും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബൈബിളും 1947-ൽ യൂദയാ മരുഭൂമിയിലെ ഖുമ്രാൻ ഗുഹകളിൽനിന്നു കണ്ടെടുക്കപ്പെട്ട, ബി.സി. രണ്ടാം നൂറ്റാണ്ടുമുതൽ എ.ഡി. ഒന്നാം നൂറ്റാണ്ടുവരെ എഴുതപ്പെട്ട, ബൈബിൾ കയ്യെഴുത്തുപ്രതികളും (Dead Sea Scrolls ) തമ്മിൽ താരതമ്യപ്പെടുത്തിയാൽ മാത്രം മതി.

ഇവ തമ്മിൽ വ്യത്യാസമില്ല എന്ന വസ്‌തുത ഒരു തിരുത്തലും ബൈബിളിലുണ്ടായിട്ടില്ല എന്നതിനു വ്യക്തമായ തെളിവാണ്. യൂദയാമരുഭൂമിയിൽ താമസിച്ചിരുന്ന യഹൂദ സന്യാസികൾ എ .ഡി. എഴുപതുകളിലെ റോമാക്കാരുടെ ആക്രമണം ഭയന്ന് അടുത്തുള്ള ഗുഹകളിൽ ഒളിപ്പിച്ച തങ്ങളുടെ പുസ്തകശേഖരമാണ് 1947-ൽ ഖുമ്രാൻ ഗുഹകളിൽനിന്നു യാദൃശ്ചികമായി കണ്ടെടുക്കപ്പെട്ടത്.

യഹൂദരും ക്രിസ്ത്യാനികളും ഒരുപോലെ സ്വീകരിക്കുന്ന 39 പഴയനിയമ പുസ്തകങ്ങൾ ഹീബ്രൂഭാഷയിലാണ് എഴുതപ്പെട്ടത്. മിശിഹായ്ക്കുമുമ്പുള്ള ഇവയുടെ കൈയെഴുത്തു പ്രതികൾ ഇന്നും ലഭ്യമാണ്. അവിടുത്തേക്കു മുമ്പുതന്നെ പഴയനിയമ ബൈബിളിലെ എല്ലാ പുസ്തകങ്ങളും ഗ്രീക്കിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരുന്നല്ലോ. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഗ്രീക്കുഭാഷയിലുള്ള പുതിയനിയമഗ്രന്ഥങ്ങളുടെ രണ്ടാം നൂറ്റാണ്ടുമുതലുള്ള ധാരാളം കയ്യെഴുത്തു പ്രതികളുമുണ്ട്. മുഹമ്മദ് ജനിക്കുന്നതിനുമുമ്പുള്ള ബൈബിളിന്റെ രണ്ടായിരത്തോളം കയ്യെഴുത്തു പ്രതികൾ സമ്പൂർണ്ണമായോ ഭാഗികമായോ നിലവിലുണ്ട്. ഈ കയ്യെഴുത്തു പ്രതികളെല്ലാം, ചുരുക്കം ചില നിസ്സാരങ്ങളായ വിശദാംശങ്ങളിലൊഴികെ, എല്ലാ കാര്യങ്ങളിലും യോജിച്ച് പോകുന്നവയാണ്, ഇവയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ഉപയോഗത്തിലിരിക്കുന്ന നിർണായ പതിപ്പുകൾക്കു (critical editions) രൂപം നൽകിയിരിക്കുന്നത്.

ക്രിസ്തുവിനുമുമ്പുള്ള പഴയനിയമഗ്രന്ഥങ്ങളും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന പഴയനിയമവും ഒന്നു തന്നെയാണ്. മുഹമ്മദ് ജനിക്കുന്നതിനുമുമ്പു നിലവിലുണ്ടായിരുന്ന പുതിയനിയമം ഉൾപ്പെട്ട സമ്പൂർണ ബൈബിളാണ് ഇന്നും ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നത്. രണ്ടാം നൂറ്റാണ്ടിനു മുമ്പ് പൂർണരൂപം പ്രാപിച്ച ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥം തിരുത്തപ്പെട്ടതാണ് എന്ന് ഏഴാം നൂറ്റാണ്ടിനു ശേഷമുണ്ടായ മതത്തിന്റെ ആൾക്കാർ ആരോപിക്കുന്നതു തന്നെ യുക്തിസഹമല്ല.

'വേദമതക്കാർ അവരുടെ വേദം തിരുത്തി' എന്ന ആരോപണത്തിനു കാരണമായേക്കാവുന്ന ഒരു സംഭവത്തെക്കുറിച്ചു പ്രതിപാദിക്കാം. പ്രാചീനകാലത്ത് ഹീബ്രുഭാഷയ്ക്ക് സ്വരാക്ഷരങ്ങൾ ഉണ്ടായിരുന്നില്ല. വ്യഞ്ജനാക്ഷരങ്ങൾ ഉപയോഗിച്ചുമാത്രമാണ് ബൈബിൾ എഴുതപ്പെട്ടിരുന്നത്. 1947-ൽ ഖുമ്രാനിൽ നിന്നു ലഭിച്ച കൈയ്യെഴുത്തു പ്രതികൾ സ്വരാക്ഷരങ്ങളില്ലാതെ വ്യജ്ഞനാക്ഷരങ്ങളാൽ മാത്രം എഴുതപ്പെട്ടവയാണ്. വായനാപാരമ്പര്യത്തിൽ നിന്നുള്ള സ്വരങ്ങൾ നൽകിയാണ് അവ വായിച്ചിരുന്നത്.

എന്നാൽ, എ.ഡി. ഏഴാം നൂറ്റാണ്ടുമുതൽ യഹൂദ റബ്ബിമാർ പരമ്പരാഗതമായി ഉപയോഗിച്ചുപോന്ന സ്വരങ്ങൾകൂടി നിലവിലുള്ള ടെക്സ്റ്റിനോട് എഴുതിച്ചേർക്കുവാൻ തുടങ്ങി. വായനാപരമ്പര്യം നഷ്ടപ്പെട്ടു പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഇപ്രകാരം ചെയ്‌തത്‌. എഴുതപ്പെട്ടിരുന്ന വുഞ്ജനാക്ഷരങ്ങൾക്ക് മുകളിലോ പാർശ്വങ്ങളിലോ താഴെയോ ആയി വിവിധ അടയാളങ്ങൾ (ചെറിയ വരകളും കുത്തുകളും) നൽകിയാണു സ്വരങ്ങൾ ക്രമപ്പെടുത്തിയിരുന്നത്. ഇപ്രകാരം സ്വരം നല്കപ്പെട്ടതിനെയാകാം വേദത്തിൽ കൈകടത്തി എന്നതുകൊണ്ട് ആരോപണങ്ങൾ ഉദ്ദേശിക്കുന്നത്. അങ്ങനെ സ്വരം നല്കപ്പെട്ടുവെങ്കിലും വ്യഞ്ജനാക്ഷരങ്ങൾ ഒന്നും മാറ്റപ്പെട്ടിട്ടില്ല.

II. ഇസ്ലാമിന്റെ മതഗ്രന്ഥമായ ഖുർആൻ ‍ ,

ജിബ്രീൽ എന്ന ഒരു മലക്ക് (ദൂതൻ) വഴി അള്ളാ മുഹമ്മദിന് വെളിപ്പെടുത്തിയ സൂക്തങ്ങളുടെ സമാഹാരമാണ് ഖുർആൻ എന്നാണ് മുസ്ലീങ്ങൾ വിശ്വസിക്കുന്നത് (സുറ 10,37). സൗദി അറേബ്യയിലുള്ള മക്കയിലെ ഹീറാ ഗുഹയിൽവച്ച് എ.ഡി. 610-ൽ മുഹമ്മദിനു ലഭിച്ചുതുടങ്ങിയ വെളിപാടുകൾ ഇരുപത്തിമൂന്നു (എ.ഡി.610-632) വർഷക്കാലം നീണ്ടുനിന്നു എന്നാണ് ഇസ്ലാമിക പാരമ്പര്യം. ഖുർആന്റെ അധ്യായങ്ങൾ 'സൂറ' എന്നറിയപ്പെടുന്നു. അതിലെ വാക്യങ്ങൾ 'ആയ/ആയത്ത്' എന്നും. ഖുർആനിൽ 114 സൂറകളും 6666 ആയത്തുകളുമാണുള്ളത്. 'ഖുർആൻ' എന്ന വാക്കിന്റെ അർത്ഥം 'വായന' എന്നാണ്. "സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക" (സൂറ 96,1) എന്നു മുഹമ്മദിനു ലഭിച്ചു എന്ന് കരുതപ്പെടുന്ന കൽപനയിലെ 'വായിക്കുക' എന്നർത്ഥമുള്ള 'ഖറഅ' എന്ന അറബി ക്രിയാധാതുവിൽ നിന്നാണു 'ഖുർആൻ' എന്ന വാക്കിന്റെ ഉത്ഭവം.

ഖുർആൻ കഴിഞ്ഞാൽ ഇസ്ലാമിനു പ്രധാനപ്പെട്ട പ്രമാണം 'ഹദീസുകൾ' ആണ്. മുഹമ്മദിന്റെ ഉപദേശങ്ങളുടെയും പ്രവൃത്തികളുടെയും മൗനാനുവാദങ്ങളുടെയും (മുഹമ്മദിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന്റെ സഹചാരികൾ ചെയ്തതും പറഞ്ഞതും, എന്നാൽ അദ്ദേഹം വിലക്കാത്തതുമായ കാര്യങ്ങൾ) സമാഹാരമാണ് ഹദീസുകൾ. ഖുർആൻ അള്ളായുടെ വചനങ്ങളായും ഹദീസുകൾ മുഹമ്മദിന്റെ വചനങ്ങളായുമാണ് കരുതപ്പെടുന്നത്. ഹദീസുകൾ ആദ്യകാലങ്ങളിൽ ക്രോഡീകരിക്കപ്പെട്ടിരുന്നില്ല. പിന്നീട് ആളുകൾ സ്വന്തമായി ഹദീസുകൾ ഉണ്ടാക്കുന്ന അവസ്ഥ സംജാതമായപ്പോഴാണ് ഹദീസുകൾ ശേഖരിച്ചു ഗ്രന്ഥമുണ്ടാക്കിയത്. ഹദീസുകളുടെ വിവിധ സമാഹാരങ്ങളുണ്ട്. സഹീഹ് അൽ ബുഖാരി, സഹീദ് മുസ്ലിം, അബു ദാവൂദ്, അൽ തിർമിദി, ഇബിൻ മജാ, ഇമാം നസായി എന്നിവരുടേതാണ് പ്രമുഖ ഹദീസ് സമാഹാരങ്ങൾ.

ഖുർആന്റെ ഉള്ളടക്കം ‍

ഖുർആന്റെ യഥാർത്ഥ പതിപ്പ് സ്വർഗ്ഗത്തിലാണെന്നും ഇപ്പോൾ മുസ്ലീങ്ങളുടെ കൈവശമുള്ളത് അതിന്റെ കോപ്പിയാണെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു (സുറ 85;21-22, 56;77-78). മുസ്ലീങ്ങൾ തൗറാത്ത്, സബൂർ, ഇൻജീൽ എന്നു യഥാക്രമം വിളിക്കുന്ന തോറ, സങ്കീർത്തനങ്ങൾ, സുവിശേഷം എന്നിവയും ഖുർആനും ഒരു ഫലകത്തിൽ (ലൗഹ് ഉൽ മഹ് ഫ്യൂസ് = സുരക്ഷിതഗ്രന്ഥം) സ്വർഗത്തിൽ അള്ളാ കാത്തുസൂക്ഷിക്കുന്നു എന്നു പഠിപ്പിക്കുന്നു (സുറ 5,44. 66-70, 15,9). മുഹമ്മദീയരുടെ അനുദിനജീവിതത്തിന്റെ എല്ലാ മേഖലകളെ സംബന്ധിച്ചും മാർഗനിർദേശം നൽകുന്ന ഗ്രന്ഥമാണത് (സുറ 42, 52). അള്ളായ്ക്കു മാത്രമേ അതിൽ മാറ്റം വരുത്താനാകൂ (സുറ 10, 15). അതിനാൽ ഖുർആനിൽ യാതൊരു തെറ്റുമുണ്ടാകില്ലത്രേ. (സൂറ 32;23)

സ്വർഗത്തിലിരിക്കുന്നു എന്ന് അവർ പറയുന്ന ഖുർആൻ മുഹമ്മദിന് അയച്ചുകൊടുത്തത് ഒന്നിച്ച് ഒരു പ്രാവശ്യമായാണെന്നും (97, 15) പലപ്രാവശ്യങ്ങളായാണെന്നും (17,105-106; 25, 32) രണ്ട് അഭിപ്രായങ്ങളുണ്ട്. ആദ്യം ഏഴാം സ്വർഗത്തിൽ നിന്ന് ഒന്നാം സ്വർഗത്തിലേക്ക് അള്ളാ ഖുർആൻ ഇറക്കി. അവിടെനിന്നു ജിബ്രീൽ മുഹമ്മദിന് 23 വർഷങ്ങളിലായി ഘട്ടം ഘട്ടമായി വെളിപ്പെടുത്തി. മുഹമ്മദ് വാമൊഴിയായി കൈമാറിയത് അനുയായികൾ മനഃപാഠമാക്കിയതോടൊപ്പം എല്ലിൻ കഷണങ്ങൾ, കല്ലിൻ കഷണങ്ങൾ, തുകൽ എന്നിവയിൽ എഴുതുകയും ചെയ്‌തു എന്നാണു പാരമ്പര്യം.

ഖുർആന്റെ ക്രോഡീകരണം ‍

മുഹമ്മദിന്റെ മരണശേഷം ഓതുന്നതിൽ മാറ്റങ്ങളുള്ളതും ഉള്ളടക്കത്തിൽ വ്യത്യസ്തങ്ങളുമായ ഖുർആനുകൾ രൂപപ്പെട്ടു. ഇവയിൽ ഏതാണു യഥാർത്ഥ ഖുർആൻ എന്നതിനെക്കുറിച്ചു തർക്കമായി. പ്രസ്‌തുത പ്രശ്നം പരിഹരിക്കാനായി മൂന്നാമത്തെ ഖലീഫയായ ഉസ്‌മാൻ (എ.ഡി. 644-56) അറബിഭാഷയിൽ പ്രാവീണ്യമുള്ള സൈദ് ഇബിൻ താബിത് എന്ന പണ്ഡിതനെ ചുമതലപ്പെടുത്തി. ഇബിൻ താബിത് വിവിധ ഖുർആനുകൾ പരിശോധിച്ച് അവയിൽ ഏറ്റവും ആധികാരികമായത്, മുഹമ്മദിന്റെ ഭാര്യയായ ഹഫ്‌സയുടെ പക്കലുള്ളതാണെന്നു കണ്ടെത്തി.

ഇതിന്റെ പകർപ്പുകൾ എല്ലാ പ്രദേശങ്ങളിലേക്കും എത്തിച്ചു കൊടുത്തശേഷം ആദ്യത്തേതടക്കം അന്നുണ്ടായിരുന്ന മറ്റെല്ലാ പകർപ്പുകളും കൈയെഴുത്തു പ്രതികളും രേഖകളും കത്തിച്ചു കളയാൻ ഉസ്‌മാൻ കൽപിച്ചു. ഉസ്മാന്റെ നിർദേശാനുസാരം തയ്യാറാക്കപ്പെട്ട ഖുർആൻ ആണ് ഇന്നും പൊതുവെ ഉപയോഗത്തിലിരിക്കുന്നത് (അള്ളാ നേരിട്ടു നൽകിയതെന്നു കരുതപ്പെടുന്ന ഖുർആൻ കത്തിച്ചതു യുക്തിസഹമോ? ഫിഫ്‌സയുടെ പക്കലുണ്ടായിരുന്നതാണോ യഥാർത്ഥ ഖുർആൻ? മറ്റു ഭാര്യമാരുടെ പക്കലുണ്ടായിരുന്നവ ആധികാരികമായിരുന്നില്ലേ? തുടങ്ങിയ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു).

ഉസ്‌മാൻ ഖുർആൻ ക്രോഡീകരിച്ചപ്പോൾ മനഃപൂർവം പലതും വിട്ടുകളഞ്ഞു എന്നു കരുതുന്നവരുമുണ്ട്. ഉസ്മാനു മുമ്പ് ഹഫ്‌സയുടെ പക്കലുണ്ടായിരുന്നതിനു പുറമേ മെദീന, ബസ്ര, മക്ക, കുഫ, ഡമാസ്കസ് എന്നിവിടങ്ങളിലും ഖുർആന്റെ വ്യത്യസ്‌ത പതിപ്പുകൾ നിലവിലുണ്ടായിരുന്നു. ഇന്നും പലതരം ഖുർആനുകൾ ഉപയോഗത്തിലുണ്ട്. ലോകത്തുള്ള എല്ലാ മുസ്ലീങ്ങളും ഒരുപോലെ അംഗീകരിക്കുന്ന ഒരു ഖുർആൻ ഇല്ല. ഇസ്ലാമികലോകം പൊതുവിൽ ഖലഫ് ഹഫ്‌സ്‌ ഖുർആൻ (Hafs Quran, 796 AD ) ആണ് ഉപയോഗിക്കുന്നത്. എന്നാൽ, അർജന്റീന, മൊറോക്കോ, പടിഞ്ഞാറൻ ആഫ്രിക്ക, സുഡാൻ എന്നിവിടങ്ങളിൽ വർഷ് ഖുർആനും (Warsh Quran, 812 AD) ലിബിയ, ടുണീഷ്യ, ഖത്തറിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഖലൂൻ ഖുർആനും (Qalun, 835 AD), സുഡാൻ, പടിഞ്ഞാറൻ ആഫ്രിക്ക എന്നിവിടങ്ങളിൽ അൽദൂരി ഖുർആനുമാണ് (Al-Duri, 680 AD) ഉപയോഗത്തിലിരിക്കുന്നത്.

ഖുർആൻ മറ്റു മതങ്ങളിൽനിന്നും കടമെടുത്തവ ‍

ഖുർആനില്‍ ഉള്ളതെല്ലാം അള്ളാ നേരിട്ടു ഇറക്കിയതാണെന്ന് ഇസ്ലാമിക പാരമ്പര്യം പറയുന്നെങ്കിലും മറ്റു മതങ്ങളിൽനിന്നും അറേബ്യൻ ഗോത്രാചാരങ്ങളിൽനിന്നും ലഭിച്ച അറിവുകളെ മുഹമ്മദ് ജീവിച്ചിരുന്ന കാലത്തെ നാട്ടറിവുകളുമായി കൂട്ടിക്കലർത്തി അവതരിച്ചപ്പോൾ ഖുർആനിൽ ഭൂമിശാസ്ത്രപരവും ചരിത്രപരവും ധാർമികവുമായ അബദ്ധങ്ങൾ കടന്നുകൂടി. ഖുർആനിലെ പ്രസ്‌തുത വിവരണങ്ങളിൽ ബൈബിളിലെ വ്യക്തികളുടെ പേരുകൾ കടന്നുവരുന്നുണ്ടെങ്കിലും അവയൊന്നും വിശുദ്ധ ബൈബിളിലെ വ്യക്തികളോടോ ചരിത്രത്തോടോ ബന്ധമുള്ളവരല്ല. ഉദാഹരണത്തിന്, ഖുർആനിലെ ഈസായുടെ അമ്മയായ മർയം ഹാറൂണിന്റെ (അഹറോന്റെ) സഹോദരിയാണ്. ബൈബിളിലെ ഈശോയുടെ അമ്മയായ മറിയവുമായി മർയമിനു 1400 വർഷത്തെ വ്യത്യാസമുണ്ട് (വരും ലേഖനങ്ങളില്‍ ഇത് വിശദീകരിക്കുന്നതാണ്).

വിശുദ്ധഗ്രന്ഥത്തിലെ ചരിത്രവ്യക്തികളെ കടമെടുത്ത് ചരിത്രവിരുദ്ധമായി കഥകൾ നിർമ്മിച്ചിരിക്കുന്നു. അപ്രകാരമാണ് ബൈബിളിലെ വ്യക്‌തികളുടെ പേരുകളുള്ള ഖുർആൻ കഥാപാത്രങ്ങൾ ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് അവരെക്കുറിച്ചറിയാൻ ഖുർആനിലേക്കല്ല പോകേണ്ടത്; ബൈബിളിലേക്കു തന്നെയാണ്, കാരണം, ഇവരെക്കുറിച്ചുള്ള ചരിത്രവസ്തുതകൾ മുഹമ്മദിന് ഏഴു നൂറ്റാണ്ടുകൾക്കുമുമ്പേ തന്നെ പഴയനിയമത്തിലും പുതിയനിയമത്തിലുമായി രേഖപ്പെടുത്തപ്പെട്ടിരുന്നു.

ബൈബിളിലെ പഴയനിയമത്തിലും പുതിയനിയമത്തിലും നിന്നുള്ള ആശയങ്ങൾ ചേർത്തു രൂപപ്പെടുത്തിയതാണ് മുഹമ്മദിന്റെ പഠിപ്പിക്കൽ എന്ന് അറബികളെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും നല്ല അറിവുണ്ടായിരുന്ന ദമാസ്കസിലെ സഭാപിതാവായ വിശുദ്ധ ജോൺ (എ.ഡി.676-749) അഭിപ്രായപ്പെടുന്നു. ക്രൈസ്‌തവ പാഷണ്ഡതയായ ആര്യനിസം മുഹമ്മദിനെ ഏറെ സ്വാധീനിച്ചിരുന്നു എന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. പരിശുദ്ധ ത്രിത്വത്തെയും ഈശോമിശിഹായുടെ ദൈവത്വത്തെയും നിഷേധിക്കുന്നതായിരുന്നു ആര്യനിസം. ഇസ്ലാം മതഗ്രന്ഥങ്ങളും പ്രബോധനങ്ങളും എന്നും ഇക്കാര്യങ്ങളിൽ ആര്യനിസത്തിനു സമാനമാണ്.

എന്തുകൊണ്ട് ഖുർആനെക്കുറിച്ചുള്ള പാരമ്പര്യ കാഴ്‌ചപ്പാടുകൾ ശാസ്ത്രീയമായി സ്വീകാര്യമല്ല? ‍

എല്ലാക്കാലത്തുമുള്ള മനുഷ്യനുവേണ്ടി നിത്യസത്യമായി എഴുതപ്പെട്ടു എന്നു പറയാൻ കഴിയുന്ന തരത്തിലുള്ള കാര്യങ്ങളല്ല ഖുർആനിലുള്ളത്. അവിശ്വാസികൾക്കെതിരെ ചെയ്യാൻ ഖുർആൻ അനുശാസിക്കുന്ന ക്രൂരതകൾ തന്നെ ഉദാഹരണം: "അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയിടത്തുവച്ചു കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക" (സൂറ 9, 5).

ഖുർആനിൽ മറ്റൊരിടത്ത് നമ്മൾ ഇപ്രകാരം വായിക്കുന്നു "നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്കു നാം അനുവദിച്ചു തന്നിരിക്കുന്നു. അല്ലാഹു നിനക്കു യുദ്ധത്തിൽ അധീനപ്പെടുത്തിത്തന്ന കൂട്ടത്തിൽ നിന്റെ വലംകൈ ഉടമപ്പെടുത്തിയ അടിമസ്ത്രീകളെയും നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാർ, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാർ, നിന്റെ അമ്മാവന്റെ പുത്രിമാർ, നിന്റെ മാതൃസഹോദരിയുടെ പുത്രിമാർ എന്നിവരെയും വിവാഹം ചെയ്യാൻ അനുവദിച്ചിരിക്കുന്നു. സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്കു ദാനം ചെയ്യുന്നപക്ഷം നബി അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതും അനുവദിച്ചിരിക്കുന്നു" (സൂറ 33,50) മുഹമ്മദിന് ആരെയൊക്കെ വിവാഹം കഴിക്കാം എന്നതിന് ആധുനിക മനുഷ്യന് എന്തു പ്രസക്തി? സർവ്വജ്ഞനായ അള്ളായുടേതെന്നു പറയുന്ന വാക്കുകളിലായി അനേക അബദ്ധങ്ങൾ ഖുർആനിലുണ്ട് (സുറ 3, 166; 4,11-12). ഇങ്ങനെ നിരവധി കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ഈ ഗ്രന്ഥത്തിന്റെ സാർവത്രിക പ്രസക്തിയെക്കുറിച്ചുള്ള സംശയങ്ങൾ വായനക്കാരിൽ ഉണ്ടാകുന്നത് സ്വാഭാവികമാണ്.

ബൈബിൾ ചരിത്രത്തിലെ വ്യക്തികളെ സംബന്ധിച്ചുള്ള, പ്രത്യേകിച്ച് ദൈവപുത്രനായ ഈശോമിശിഹായെക്കുറിച്ചുള്ള ഖുർആന്റെ പരാമർശങ്ങൾ അംഗീകരിക്കാനാവാത്തതിനു പല കാരണങ്ങളുണ്ട്. ബൈബിളിന്റെയും ഖുർആന്റെയും രൂപീകരണ കാലഘട്ടങ്ങൾ തമ്മിലുള്ള അകലം തന്നെയാണ് ഏറ്റവും പ്രധാന കാരണം. ഈശോയുടെ സമകാലീനരായ പുതിയനിയമ കർത്താക്കൾ എഴുതിയ വസ്‌തുതകളുടെ സാധ്യത മിശിഹാ സംഭവത്തിന് ഏഴു നൂറ്റാണ്ടുകൾക്കുശേഷം എഴുതപ്പെട്ട പരാമർശങ്ങൾക്കുണ്ടാവില്ലല്ലോ. മാത്രവുമല്ല, മുഹമ്മദിനെ സ്വാധീനിച്ചതു കൂടുതലും ക്രൈസ്‌തവപാഷാണ്ഡതകളായിരുന്നു താനും. ഖുർആൻ മനുഷ്യരാൽ എഴുതെപ്പെട്ടതാണെന്നു മുസ്ലിങ്ങൾ വിശ്വസിക്കുന്നില്ല. വാച്യാർത്ഥത്തിലല്ലാതെ അവർ ഖുർആൻ വായിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നുമില്ല.

കുറിപ്പുകൾ ‍

1. Sahih Bukhari 16.61.509.

2. Nabeel Qureshi, No God but One. Alla or Jesus?, Grand Rapids, MI, 2016, 281-282.

3. Sahid Bukhari 6.61.510N Nabeel Qureshi, Seeking Allah, Finding Jesus, A Devout Muslim Encounters Christianity, Zondervan, 2014, 236-241; Alan Paton. The Collection and Codification of the Quran.

4. Sahih Bukhari 6.61.527.

5. Ducan K.H., “Bible in Mohammedian Literature”, Jewish Encyclopedia; J. McManners,

The Oxford History of Christianity, Oxford, 1957, 185.

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

(തുടരും...)


Related Articles »