Friday Editor's Pick

പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04

ഡോ. അലക്‌സ് കൊല്ലംകുളം 22-09-2023 - Friday

ഏക ദൈവവിശ്വാസത്തിൽ (Monotheism) അധിഷ്‌ഠിതമാണ് യഹൂദമതവും ക്രിസ്‌തുമതവും. "നിന്റെ ദൈവമായ കർത്താവ് ഞാനാണ്. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്" (പുറ 20, 2-3; നിയ 5, 6-7) എന്നതാണ് യഹൂദ, ക്രൈസ്‌തവ മതങ്ങളുടെ പ്രഥമ കൽപന. ഏകദൈവത്തിലെ മൂന്നാളുകളിലുള്ള വിശ്വാസം (ത്രിയേക ദൈവവിശ്വാസം) ക്രൈസ്‌തവ മതത്തിന്റെ അനന്യതയാണ്. ഈ വിശ്വാസ രഹസ്യത്തെക്കുറിച്ചുള്ള അജ്ഞതയും തെറ്റുദ്ധാരണകളുംമൂലം ക്രൈസ്തവരുടേത് ഏക ദൈവ വിശ്വാസമല്ല എന്ന അടിസ്ഥാനരഹിത ആരോപണം പലരും ഉയർത്താറുണ്ട്.

ഉദാഹരണത്തിന്, ചില ഇസ്ലാമിസ്റ്റുകളുടെ വീക്ഷണത്തിൽ ക്രൈസ്‌തവ ത്രിത്വത്തിലെ മൂന്നാളുകളാൽ അള്ളാ, മർയം, ഈസാ എന്നിവരാണ്. അള്ളായ്ക്കു മർയയിലുണ്ടായ പുത്രനാണ് ഈസാ നബി. ബൈബിൾ വിവരണങ്ങൾക്കും ക്രൈസ്‌തവ വിശ്വാസത്തിനും തികച്ചും വിരുദ്ധമാണിത്. ഹൈന്ദവ ദർശനത്തിലെ 'സത്, ചിത്, ആനന്ദ' എന്നീ ത്രയങ്ങളുമായി പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളെ ബന്ധിപ്പിക്കുന്നതും തെറ്റാണ്.

വി. ഗ്രന്ഥത്തിൽ വെളിപ്പെടുന്ന ത്രിത്വരഹസ്യം ‍

പഴയനിയമ ദൈവം ചരിത്രവഴികളിൽ സംരക്ഷണ കവചം തീർക്കുന്ന 'ഏക' ദൈവമാണ്. ചരിത്രസംഭവങ്ങളിൽ നേർക്കുനേർ കാണുന്ന (encountering) വ്യക്തി ദൈവം (Personal God) ആണ്. അവിടുന്ന്, ചരിത്രത്തിലെ ദൈവിക പ്രവർത്തനങ്ങളെ സൂചിപ്പിക്കാൻ ദൈവത്തിന്റെ അരൂപി (Spirit of God ), ദൈവവചനം (Word of God), Wisdom of God) തുടങ്ങിയ പേരുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, ദൈവത്തിന്റെ ഏകത്വവും അപരിമേയതയും (transcendence) വിട്ടൊരു ചിന്ത പഴയനിയമത്തിനില്ല.

പുതിയനിയമ ഗ്രന്ഥങ്ങളിലാണ് ത്രിത്വരഹസ്യം വ്യക്തമായി വെളിപ്പെട്ടു തുടങ്ങുന്നത്. 'പിതാവ്' എന്ന പദംകൊണ്ട് പുതിയനിയമം സാധാരണയായി വിവക്ഷിക്കുന്നത് സ്രഷ്ടാവായ ദൈവത്തെയാണ്. 'ഈശോയെ ഉയിർപ്പിച്ചവൻ' എന്ന വിശേഷണംകൂടി പുതിയനിയമം പിതാവായ ദൈവത്തിന് നൽകുന്നു. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ ഈശോ ദൈവമെന്നു വ്യക്തമായി അഭിസംബോധന ചെയ്യപ്പെടുന്ന ഭാഗങ്ങൾക്കൊപ്പം (ഹെബ്രാ 1, 8-9; യോഹ 1,1; യോഹ 20, 28) വ്യംഗ്യമായി അവിടുത്തെ ദൈവത്വം പ്രകീർത്തിക്കപ്പെടുന്ന ധാരാളം അവസരങ്ങൾ പുതിയനിയമത്തിലുണ്ട്. ഈശോയുടെ പുത്രത്വം (Sonship) ക്രമാനുഗതമായി മാത്രമാണ് അവിടുത്തെ ദൈവത്വത്തെ സൂചിപ്പിക്കുന്ന പദമായി രൂപപ്പെട്ടത്; കാരണം ഈശോയുടെ 'പിതാവേ' എന്ന അഭിസംബോധനയിൽ അടങ്ങിയിരുന്നു തീവ്രമായ വ്യക്തിബന്ധം യഹൂദപാരമ്പര്യത്തിന് തീർത്തും അപരിചിതമായിരുന്നു എന്നതുതന്നെ. ഈശോയെ 'നാഥൻ' (Lord, Kyrios) എന്നു വിളിച്ച് ആരാധിച്ചിരുന്ന ഗ്രീക്ക്-ക്രിസ്ത്യൻ കൂട്ടായ്‌മകളും അവിടുത്തെ ദൈവത്വം അംഗീകരിക്കുന്നതിന്റെ തെളിവാണ്; കാരണം, നാഥൻ എന്ന പദം പഴയനിയമത്തിൽ ദൈവത്തെ സൂചിപ്പിക്കാനാണ് പലവട്ടം ഉപയോഗിച്ചിരിക്കുന്നത്.

പഴയനിയമത്തിലെ 'ദൈവാരൂപി' ആകട്ടെ സൃഷ്ടികളിലെ ദൈവസാന്നിധ്യത്തെ സൂചിപ്പിക്കുന്ന പദമാണ്. മനുഷ്യന് ജീവൻ നൽകുന്നതും (സങ്കീ 104, 29-30), പ്രവചനവരം നൽകുന്നതും (മിക്കാ 3,8), വിവേചനാശക്തിയും (ഏശ 28, 5-6) വിശുദ്ധിയും (സങ്കീ 51, 12-13) നൽകുന്നതുമെല്ലാം ഈ അരൂപിയാണ്. പുതിയനിയമത്തിലെ പരിശുദ്ധറൂഹാ ഈ അരൂപി തന്നെയാണ്. അതേ റൂഹാ തന്നെയാണ് ഉത്ഥാനത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന 'ഈശോയുടെ അരൂപിയും' (റോമ 8, 9). പിതാവിൽ നിന്നു പുറപ്പെടുന്ന (യോഹ 5, 26; 15, 26; 16, 7) പരിശുദ്ധറൂഹാ പിതാവിൽ നിന്നു വ്യത്യസ്‌തനും പിതാവിനാൽ അയയ്ക്കപ്പെട്ട മറ്റൊരു/രണ്ടാമത്തെ സഹായകൻ/പാറക് ലേത്തായും (യോഹ 14,16; 1 യോഹ 2,1) ആണ്.

ആദ്യ സാർവ്വത്രിക സൂനഹദോസുകളും പരി.ത്രിത്വദൈവശാസ്ത്രവും ‍

നാലാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങൾ അലക്‌സാൻഡ്രിയൻ പുരോഹിതനായ ആരിയൂസിന്റെ അബദ്ധസിദ്ധാന്തങ്ങളുടെ കാലം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടിൽ പിതാവു മാത്രമാണ് പൂർണദൈവം. കാരണം പിതാവു മാത്രമാണ് ആരംഭമില്ലാത്തവൻ (Unoriginated); പുത്രനായ ദൈവത്തിനു നിത്യതയില്ല; കാരണം, അവൻ സർവസൃഷ്ടികൾക്കും മുമ്പു പിതാവിനാൽ സൃഷ്ടിക്കപ്പെട്ട ആദ്യ സൃഷ്‌ടി മാത്രമാണ്. പുത്രന്റെ സൃഷ്ടിക്കു മുമ്പ് പിതാവ് മാത്രമുണ്ടായിരുന്ന ഒരു സമയമുണ്ടായിരുന്നു (there was a time when He was not) എന്നും അതിനാൽ പുത്രന് ദൈവത്വത്തിന്റെ പൂർണതയില്ലെന്നും ആരിയൂസ് പഠിപ്പിച്ചു. ആര്യൻ പാഷാണ്ഡതയ്ക്ക് മറുപടി നൽകുന്നതിനാണ് എ.ഡി.325-ൽ നിഖ്യാ സൂനഹദോസ് വിളിച്ചു ചേർക്കപ്പെട്ടത്. ആദ്യനൂറ്റാണ്ടുമുതലുള്ള തിരുസഭയുടെ വിശ്വാസം ഒരിക്കൽക്കൂടി ഈ സൂനഹദോസിൽ വ്യക്തമായി പ്രഖ്യാപിക്കപ്പെട്ടു. "പിതാവിൽനിന്നു ജനിച്ചവൻ, എന്നാൽ സൃഷ്ടിക്കപ്പെടാത്തവൻ" (Begotten not created), "പിതാവിനോടു സമസത്തായവൻ" (homo ousios = consubstantial)എന്നീ വിശേഷണങ്ങൾ പുത്രനായ ദൈവത്തിനു നൽകി നിഖ്യാവിശ്വാസപ്രമാണം പുത്രനെ പിതാവിനെപ്പോലെ നിത്യനും (eternal) പിതാവിനോട് ഏകസത്തയുമായി (Consubstantial) അവതരിപ്പിച്ച് ത്രിത്വ-ദൈവശാസ്ത്രത്തിന് വ്യക്തമായ അടിത്തറയിട്ടു.

നിഖ്യാ സൂനഹദോസിനും (325)കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിനും (381) ഇടയിലുള്ള അഞ്ചരപതിറ്റാണ്ടുകളിലെ "ഏകസത്ത" (homo ousios) എന്ന സംജ്ഞയെക്കുറിച്ചുള്ള തർക്ക വിതർക്കങ്ങളിലൂടെ ത്രിത്വദൈവശാസ്ത്രത്തിനു കൂടുതൽ വ്യക്തത കൈ വന്നു. പുത്രൻ പിതാവിനോട് ഏകസത്ത ആയിരിക്കുന്നതുപോലെ, പരിശുദ്ധാരൂപി പിതാവിനോടും പുത്രനോടും ഏകസത്തയാണ് എന്ന കൂടുതൽ വ്യക്തതയിലേക്ക് ത്രിത്വ-ദൈവശാസ്ത്രം വളർന്നത് ഈ കാലത്താണ്. ഇതിനായി ഏറ്റവും അധികം വാദിച്ചത് അലക്‌സാൻഡ്രിയായിലെ വി. അത്തനേഷ്യസാണ്.

അബദ്ധ സിദ്ധാന്തങ്ങളും ആദിമസഭയുടെ സത്യവിശ്വാസവും ‍

പരിശുദ്ധ ത്രിത്വ രഹസ്യത്തെ പരിഹസിച്ചുകൊണ്ട് ചില സമകാലിക 'സ്വയം പ്രഖ്യാപിത' പണ്ഡിതന്മാർ ഉയർത്തുന്ന ചോദ്യങ്ങൾ, സഭയിൽ ആദ്യനൂറ്റാണ്ടുകളിൽ തന്നെ ഉന്നയിക്കപ്പെട്ടിട്ടുള്ളവയും സഭാപിതാക്കന്മാരാൽ വ്യക്തമായ ഉത്തരം നൽകപ്പെട്ടിട്ടുള്ളവയുമാണ്. രണ്ടാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിൽ അന്ത്യോക്യായിലെ വി. തെയോഫിലസ് ആണ് 'ത്രിത്വം' (ഗ്രീക്കുഭാഷയിൽ Trias) എന്ന സംജ്ഞ ആദ്യമായി ദൈവശാസ്ത്രചർച്ചകളിൽ ഉപയോഗിച്ചത്. ദൈവം (God), വചനം (Word), ജ്ഞാനം (Wisdom) എന്നീ മൂന്നു നാമങ്ങൾ പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികൾക്ക് അദ്ദേഹം നൽകി. രണ്ടാം നൂറ്റാണ്ടിലെ വിശ്വാസസംരക്ഷക പിതാക്കന്മാർ (Apologetic Fathers) ഏറെ തന്മയത്വത്തോടെ കൈകാര്യംചെയ്‌ത വെല്ലുവിളി, പഴയനിയമ വ്യക്തിദൈവത്തെ (Personal God), ദൈവിക അപരിമേയതയോടും (transcendence) യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഗ്രീക്ക് ദൈവിക സങ്കൽപ്പങ്ങളോടും അനുരൂപപ്പെടുത്തുക എന്നതായിരുന്നു. യവന ദൈവസങ്കല്പവും ലോകവും തമ്മിലുള്ള വിടവ് നികത്തുന്ന പാലമായി അവർ വചനമായ ദൈവത്തെ അവതരിപ്പിച്ചു. മനുഷ്യാവതാരത്തിൽ ലോകത്തിനു വെളിപ്പെട്ട വചനത്തിന്റെ 'വിത്തുകൾ' (Logos spermatikos)പഴയനിയമ പ്രവാചകരിലും ഗ്രീക്കു ചിന്തകരിൽ പോലുമുണ്ടായിരുന്നു എന്നു പഠിപ്പിച്ച വി. ജസ്റ്റിൻ, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ വചനം പിതാവിനോടൊപ്പം നിത്യനാണ് (eternal) എന്നു രണ്ടാം നൂറ്റാണ്ടിൽ തന്നെ വ്യക്തമാക്കി.

മൂന്നാം നൂറ്റാണ്ടിലാണ് ഒരു ദൈവത്തിലെ മൂന്നാളുകൾ എന്ന വിശ്വാസത്തിന്റെ അനന്യത കൂടുതൽ ചോദ്യങ്ങൾക്ക് വിധേയമായത്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ യാഥാർത്ഥ്യത്തിൽ മൂന്നു വ്യക്തികളല്ലെന്നും, ഒരേ ദൈവത്തിന്റെ മൂന്നുഭാവങ്ങൾ (modes) അഥവാ പേരുകൾ (names) മാത്രമാണെന്നും പഠിപ്പിച്ചുകൊണ്ട് നൊയേത്തൂസ് (Noetus), പ്രാക്‌സ് യസ് (Praxeas), സബെല്ലിയൂസ് (Sabellius) തുടങ്ങിയവർ മുമ്പോട്ടുവന്നു. ഒരേയൊരു ദൈവമേയുള്ളൂ എന്നും സൃഷ്ടികർമം നടത്തിയപ്പോൾ പിതാവെന്നും, രക്ഷകനായി അവതരിച്ചപ്പോൾ പുത്രനെന്നും, നിത്യജീവനിലേക്ക് നയിക്കുന്നവനും വിശുദ്ധീകരിക്കുന്നവനുമായി സ്വയം വെളിപ്പെടുത്തിയപ്പോൾ പരിശുദ്ധാരൂപിയെന്നും അവിടുന്നു വിളിക്കപ്പെട്ടുവെന്നുമുള്ള അബദ്ധചിന്തയായിരുന്നു അത്. കാർത്തേജിലെ വിശുദ്ധ തെർത്തുല്യനും റോമിലെ വി. ഹിപ്പോളിറ്റസും ആകട്ടെ, ദൈവം ത്രിത്വമായി വെളിപ്പെടുന്നതു രക്ഷാകര രഹസ്യത്തിന്റെ പൂർത്തികരണത്തിലാണെന്ന സത്യവിശ്വാസത്തിന്റെ വക്താക്കളായി.

ലത്തീൻ ഭാഷയിൽ 'Trinitas' എന്ന പദം ആദ്യമായി ഉപയോഗിച്ചത് തെർത്തുല്ല്യനാണ്. പരി. ത്രിത്വത്തിലെ വ്യക്തികളെ സൂചിപ്പിക്കാൻ 'persona' എന്നപദവും അദ്ദേഹം ഉപയോഗിച്ചു. ഹിപ്പോളിറ്റസാണ് പ്രൊസോപോൺ (Prosopon) എന്ന ഗ്രീക്കുപദം പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെ വ്യതിരിക്തതയും വ്യക്തിത്വവും സൂചിപ്പിക്കാൻ ഉപയോഗിച്ച് തുടങ്ങിയത്. പിതാവും പുത്രനും പരിശുദ്ധ റൂഹായും ഏകസത്തയാണ് (Single Substance ) എന്നു പഠിപ്പിച്ച തെർത്തുല്ല്യൻ, 'ദൈവം' എന്ന പദം, പിതാവായ ദൈവത്തിനായി ഉപയോഗിച്ചിരുന്ന സമകാലിക പണ്ഡിതരിൽനിന്നു വ്യത്യസ്‌തമായി, ഈ ഏകസത്തയെ സൂചിപ്പിക്കുന്ന പദമായി നിജപ്പെടുത്തി.

ഗ്രീക്കുപിതാക്കന്മാരുടെ ഇടയിൽ ആദ്യമായി പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് എഴുതിയവരിൽ ഒരാൾ ഒരിജനാണ്. പിതാവിൽ നിന്നുള്ള പുത്രന്റെ 'നിത്യമായ ജനനം' (eternal be getting) അവതരിപ്പിച്ച അദ്ദേഹം ദശാബ്ദങ്ങൾക്കുമുമ്പേ ആര്യൻ പാഷാണ്ഡതയ്ക്ക് എതിരെ സംസാരിച്ച ക്രാന്തദർശിയാണ്. പിതാവും പുത്രനും പരിശുദ്ധാരൂപിയും തമ്മിലുള്ള വ്യതിരിക്തത സൂചിപ്പിക്കാൻ അദ്ദേഹം ഹിപ്പോസ്താസിസ് (hypostasis) എന്ന ഗ്രീക്കുപദം ഉപയോഗിച്ചു.

കപ്പദോക്കിയൻ പിതാക്കന്മാരായ, വി. ബേസിലും നീസായിലെ വി. ഗ്രിഗറിയും ത്രിത്വ ദൈവശാസ്ത്രത്തിനു കൂടുതൽ വ്യക്തത വരുത്തിയവരാണ്. പിതാവ് ജനനമില്ലാത്തവനും (ungenerated) പുത്രൻ പിതാവിൽനിന്നു ജനിച്ചവനും (generated) ആണ്; പുത്രന്റെ ജനനവും (generation) പരിശുദ്ധാരൂപിയുടെ പുറപ്പെടലും (procession) ആകട്ടെ, ആരംഭവും അവസാനവും ഇല്ലാത്ത നിത്യമായ പ്രവൃത്തിയാണ് (eternal). പിതാവിൽ നിന്നു ജനിച്ചവൻ (generated) എന്നതിൽ മാത്രമാണ് പുത്രൻ പിതാവിൽനിന്നും പരിശുദ്ധാരൂപിയിൽനിന്നും വ്യത്യസ്‌തൻ. ജനിപ്പിക്കുന്നവൻ എന്നതിൽ മാത്രം പിതാവും, പുറപ്പെടുന്നവൻ എന്നതിൽ മാത്രം പരിശുദ്ധാരൂപിയും വ്യത്യസ്തരാകുന്നു. ബാക്കി എല്ലാക്കാര്യങ്ങളിലും പരിശുദ്ധ ത്രിത്വത്തിലുള്ള മൂന്നു വ്യക്തികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. നീസായിലെ വി. ഗ്രിഗറി പറയുന്നു: "സൃഷ്ടികർമ്മം പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളുടെയും പൊതുപ്രവൃത്തിയാണ്. ദൈവിക പ്രവൃത്തികളെല്ലാം പിതാവിൽ തുടങ്ങി പുത്രനിലൂടെ പരിശുദ്ധാരൂപിയിൽ പൂർത്തീകരിക്കപ്പെടുന്നു എന്നതാണ് സത്യം. പരിശുദ്ധ ത്രിത്വത്തിലെ ഒരു വ്യക്തിക്കും സ്വന്തവും വ്യത്യസ്‌തവുമായ പ്രവൃത്തികളില്ല. ഏകമായ പൊതുശക്തി മൂവരും ഒരുപോലെ പ്രായോഗികമാക്കുകയാണ്."

എ.ഡി/ 381 -ലെ കോൺസ്റ്റാന്റിനോപ്പിൾ കൗൺസിൽ പരിശുദ്ധാരൂപിയുടെ ദൈവത്വത്തെ ചോദ്യംചെയ്‌ത മാസിഡോണിയൻ പാഷാണ്ഡതയ്ക്കെതിരെയാണു സംസാരിച്ചത്. അവിടെ അംഗീകരിക്കപ്പെട്ടതും ഇന്നും സഭയിൽ ഉപയോഗിക്കുന്നതുമായ കോൺസ്റാന്റിനോപ്പിൾ വിശ്വാസപ്രമാണം, നിഖ്യാസൂനഹദോസിന്റെ പ്രബോധനങ്ങളോടു പരിശുദ്ധാരൂപിയുടെ ദൈവത്വം കൂട്ടിച്ചേർത്തുള്ള വിശ്വാസപ്രഖ്യാപനമാണ്. പിന്നീടു ത്രിത്വ-ദൈവശാസ്ത്രത്തിൽ ഉണ്ടായിട്ടുള്ള വളർച്ചകളെല്ലാം നിഖ്യ-കോൺസ്റ്റാന്റിനോപ്പിൾ പ്രബോധനങ്ങൾക്കു നൽകപ്പെട്ടിട്ടുള്ള വിശദീകരണങ്ങളാണ്.

ത്രിത്വ ദൈവശാസ്ത്രത്തിന്റെ വളർച്ച ‍

ഒന്നാം കോണ്‍സ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെ തൊട്ടടുത്ത വർഷം എ.ഡി. 382 ൽ ദമാസൂസ് ഒന്നാമൻ പാപ്പ വിളിച്ചുചേർത്ത റോമൻ പ്രാദേശിക സിനഡ് ത്രിത്വ ദൈവശാസ്ത്രത്തിനു കൂടുതൽ വ്യക്തത വരുത്തി: "ഏക ദൈവത്തിൽ നിത്യരും (co-eternal) സമന്മാരും (co-equal) അതേ സമയം വ്യത്യസ്‌തരുമായ മൂന്നു ദൈവിക വ്യക്തികളുണ്ട്. എന്നാൽ മൂന്നു വ്യത്യസ്‌ത ദൈവങ്ങളാകത്തക്കവിധം അവർ വ്യത്യസ്‌തരുമല്ല."

ദൈവം ഒന്നേയുള്ളൂ. ആ ഏകദൈവത്തിൽ ഒരേസമയം വ്യത്യസ്‌തരും സത്തയിൽ ഏകരുമായ (co-essential) മൂന്നു വ്യക്തികളുണ്ട്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികളിൽ ആരും മറ്റൊരാളേക്കാൾ ദൈവത്വത്തിൽ വലിയവരോ ചെറിയവരോ അല്ല. രക്ഷാകരചരിത്രത്തിലെ ദൈവിക ഇടപെടലുകളിൽ പിതാവിനും പുത്രനും പരിശുദ്ധ റൂഹായ്ക്കും വ്യത്യസ്‌ത ദൗത്യങ്ങളാണുള്ളത്. അതേ സമയം ഓരോ ദൗത്യത്തിലും മൂന്നു വ്യക്തികളുടേയും പൂർണ സാന്നിധ്യവുമുണ്ട്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നാളുകൾ മൂന്നു വ്യത്യസ്‌ത സത്തകളല്ല; ഏക സത്തയാണ്. പിതാവ് ജനിപ്പിക്കുന്നവനും, പുത്രൻ ജനിച്ചവനും, പരിശുദ്ധ റൂഹാ അയക്കപ്പെട്ടവനുമാണ്. ഈ ബന്ധത്തിൽ മാത്രമാണ് അവർ തമ്മിലുള്ള വ്യത്യാസം (വി. ആഗസ്തീനോസ്). "പിതാവും പുത്രനും പരിശുദ്ധാരൂപിയും മൂന്നല്ല, ഒരേയൊരു ദൈവമാണ്; പിതാവ് ജനനമില്ലാത്തവനും, പുത്രൻ ജനിച്ചവനും, പരിശുദ്ധ റൂഹാ അയയ്ക്കപ്പെടുന്നവനുമാണ് എന്നതിലൊഴികെ" (കാന്റർബറിയിലെ വിശുദ്ധ ആൻസലം)."

1215-ലെ നാലാം ലാറ്ററൻ കൗൺസിലും 1274 ലെ രണ്ടാം ലിയോൺസ് കൗൺസിലും 1442 ലെ ഫ്ളോറൻസ് കൗൺസിലും ത്രിത്വദൈവശാസ്ത്രത്തിന് കൂടുതൽ വ്യക്തത വരുത്തുന്നുണ്ട്. തന്റെ സത്തയിൽനിന്നു പുത്രനു ജന്മം നൽകുന്നവൻ പിതാവു മാത്രമാണ്; പിതാവിൽനിന്ന് പുത്രനിലൂടെ അയയ്ക്കപ്പെടുന്നവൻ പരിശുദ്ധാരൂപി മാത്രമാണ്. പരിശുദ്ധ ത്രിത്വത്തിലെ മൂന്നു വ്യക്തികൾ മൂന്നല്ല ഒരേയൊരു ദൈവമാണ്. കാരണം, അവർ ഏക സത്തയാണ്; ഏക സ്വഭാവവുമാണ്. അവരിൽ ഉള്ളതെല്ലാം ഒന്നാണ്; അവർക്കിടയിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല.

സമകാലിക വിമർശനങ്ങൾ:

തെറ്റുദ്ധാരണയും തെറ്റുദ്ധരിപ്പിക്കലും


'ഒരു ദൈവത്തിൽ മൂന്നാളുകൾ' എന്ന ക്രൈസ്‌തവ ദൈവദർശനം സഭയുടെ കണ്ടുപിടുത്തമോ സഭ സൃഷ്ടിച്ചെടുത്ത കെട്ടുകഥയോ അല്ല. അനാദിമുതലെ ദൈവം ആരായിരിക്കുന്നുവോ (eternal trinity)അത് അവിടുന്ന് ക്രമാനുഗതമായി രക്ഷാകരചരിത്രത്തിൽ (economic trinity) വെളിപ്പെടുത്തുന്നു എന്നേയുള്ളൂ. ത്രിത്വൈക വിശ്വാസവും ത്രിത്വൈക ദൈവശാസ്ത്രവും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങൾപോലെ പരസ്‌പരം ബന്ധിതങ്ങളാണെങ്കിലും അവയെ വ്യതിരിക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ക്രൈസ്‌തവ വിശ്വാസം ആരംഭംമുതലേ പരിശുദ്ധത്രിത്വത്തിലുള്ള വിശ്വാസമാണ്. ഉത്ഥിതനായ മിശിഹാ സുവിശേഷ പ്രഘോഷണദൗത്യം തന്റെ ശ്ലീഹന്മാരെ ഭരമേൽപ്പിച്ചുകൊണ്ട് അരുളിച്ചെയ്തു: "ആകയാൽ നിങ്ങൾ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവർക്കു ജ്ഞാനസ്‌നാനം നൽകുവിൻ" (മത്താ 28,19). ത്രിത്വത്തിലുള്ള വിശ്വാസം തിരുസഭ ആരംഭംമുതലേ ഏറ്റുപറയുന്നതാണ്. ഇപ്രകാരം ജീവിച്ചും ഏറ്റുപറഞ്ഞുംപോന്ന ത്രിത്വവിശ്വാസം പിന്നീട് ദൈവശാസ്‌ത്രപരമായി നിജപ്പെടുത്തപ്പെട്ടു എന്നേയുള്ളൂ. ത്രിത്വയ്ക ദൈവത്തിലുള്ള സഭയുടെ കണ്ടെത്തലോ സൃഷ്‌ടിയോ അല്ല; മറിച്ച് ത്രിത്വൈക ദൈവത്തിലുള്ള സഭയുടെ വിശ്വാസത്തിന്റെ വ്യക്തതയുള്ള അവതരണമാണ്.

പുത്രനായ ദൈവത്തിന്റെ മണവാട്ടിയായ സഭയെ ദൈവിക വെളിപാടിന്റെ വഴിയായി ദൈവംതന്നെ തിരഞ്ഞെടുത്തതാണ്. ദൈവികവെളിപാടിനോടുള്ള മനുഷ്യന്റെ പ്രത്യുത്തരമാണു വിശ്വാസം; അതിനാൽതന്നെ വിശ്വാസത്തിന്റെ വഴിയിലൂടെ മാത്രമേ ദൈവീകരഹസ്യങ്ങളെ യഥാർത്ഥത്തിൽ സമീപിക്കാൻ കഴിയൂ. പരിശുദ്ധത്രിത്വം എന്ന ദൈവീകരഹസ്യത്തിലേക്കുള്ള ഉറപ്പുള്ള വഴി അടിയുറച്ച വിശ്വാസമാണ്.

എന്നാൽ, ഇന്നു സമൂഹ മാധ്യമങ്ങളിൽ പരിശുദ്ധത്രിത്വ സങ്കല്പത്തെ അപഹസിച്ചും അധിക്ഷേപിച്ചുംകൊണ്ട് ചില വർഗീയശക്തികൾ നേതൃത്വം നൽകുന്ന ചർച്ചകൾ, മനഃപൂർവം തെറ്റുദ്ധാരണ ജനിപ്പിക്കാനുള്ള ശ്രമമാണ് എന്നതിനു സംശയമൊന്നുമില്ല. ക്രിസ്ത്യാനിയുടെ ദൈവം ഒരു ദൈവമല്ല, മറിച്ച് മൂന്നു ദൈവങ്ങളാണ് എന്ന് പലരും തെറ്റുദ്ധരിപ്പിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ, ഇത് മൂന്ന്-നാലു നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാർ വ്യക്തമായി മറുപടി നൽകിയ അബദ്ധചിന്തകളിൽ ഒന്നു മാത്രമായിരുന്നു. പിതാവും പുത്രനും പരിശുദ്ധാരൂപിയുമായ ത്രിത്വൈക ദൈവത്തെ പിതാവും - മറിയവും - പുത്രനും എന്ന ത്രിത്വകൂട്ടായ്‌മയായി തെറ്റുദ്ധരിപ്പിച്ച് ആളുകളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങളുണ്ട്. എന്നാൽ, പരിശുദ്ധ ത്രിത്വം എന്ന യാഥാർത്ഥ്യം ബാലിശമായ ഇത്തരം വിമർശനങ്ങൾക്ക് എത്രയോ മുകളിലാണ്; കാരണം, അതു യാഥാർത്ഥ്യത്തിൽ ദൈവം എന്താണോ അതാണ്.

ഉപസംഹാരം ‍

ഒരു ദൈവത്തിലെ മൂന്നാളുകളിലുള്ള വിശ്വാസം ക്രൈസ്‌തവ മതത്തിന്റെ അനന്യതയാണ്. ദൈവത്തിന്റെ ഏകത്വം സ്ഥാപിക്കാൻ ത്രിത്വത്തെ നിഷേധിച്ച സബെലിയനിസം പോലുള്ള പാഷാണ്ഡതകളും ത്രിത്വൈക ദൈവത്തെ മൂന്നു ദൈവങ്ങളായി വിശദീകരിച്ച ത്രിത്തെയിസവും സൃഷ്ടിച്ച വഴിതെറ്റലുകളെ കൃത്യമായി വെളിച്ചത്തു കൊണ്ടുവരാൻ സഭയ്ക്കു കഴിഞ്ഞിരുന്നു. ഒരു ദൈവത്തിലെ മൂന്നാളുകൾ എന്ന സമസ്യയെ മനസ്സിലാക്കാനുള്ള ശ്രമം നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും തുടരുകയാണ്. ദൈവിക രഹസ്യത്തിന്റെ അപരിമേയത മനുഷ്യബുദ്ധിക്ക് അഗ്രാഹ്യവുമാണ്. പിതാവും പുത്രനും പരിശുദ്ധറൂഹായുമായ മൂന്നു ദൈവിക വ്യക്തികൾ ഏക സത്തയും ഏക ദൈവവുമാണ് എന്ന യാഥാർത്ഥ്യമാണ് ക്രൈസ്‌തവ ദൈവ ദർശനത്തെ വ്യതിരിക്തമാക്കുന്നത്.

കുറിപ്പുകൾ ‍

1. Theophius of Antioch, Ad autolycum, 2, 15.

2. Justin, Apology I, 46; II, 10

3. Tertullian, De Pudicitia, 21.

4. Tome of Pope Damasus I.

5. Augustine, On Trinity, 8, 1.

6. Anselm of Canterbury, On the Procession of the Holy Spiriit, I

സഹായകഗ്രന്ഥങ്ങൾ ‍

1. Acquinas Thomas, Summa Theologiae: A Concise Translation, ed, I McDemott, Christian Classics, Texas 1991, 65-81.

2. Bercot D. W. ed., A Dictionary of Early Christian Beliefs: A Reference Guide to more than 700 Topics Discussed by the Early Church Fathers, Hendrickson Publishers, Massachussets 2000.

3. Clarkson J. F. et al., The Church Teaches: Documents of the Church in English Translation, B. Harder Book Co., London 1955, 123-139.

4. Komonchak J.A. et al. ed., The New Dictionary of Theology, Gill and Macmillan, Dublin 1990, 1046-1061.

5. McBrien R., Catholicism, Goffrey Chapman, London 2000, 275-332.

6. Nabeel Qureshi, No God, But One. Allaah or Jesus, Grand Rapids MI, 2016-, 54-63.

7. Abdullah Yusuf Ali, The holy Quran, text, translation and commentary, 1973, page 280, footnote 829, commenting on Sura 5, 116

(''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം).

➤ ➤➤➤ (തുടരും...) ➤➤➤

ഈ ലേഖനപരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍:

ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍

യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍

ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍

വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 8