News
മെഴുകുതിരി പ്രാർത്ഥനയിലും ജപമാല സമര്‍പ്പണത്തിലും പങ്കുചേര്‍ന്ന് റോമിലെ വിശ്വാസി സമൂഹം
പ്രവാചകശബ്ദം 17-10-2023 - Tuesday
റോം: വിശുദ്ധ നാട്ടിലെ സമാധാനത്തിനായുള്ള മെഴുകുതിരി പ്രാർത്ഥനയിലും ജപമാല സമര്‍പ്പണത്തിലും പങ്കുചേര്‍ന്നു റോമിലെ വിശ്വാസി സമൂഹം. ഒക്‌ടോബർ 15 ഞായറാഴ്‌ച വൈകുന്നേരം റോം രൂപത വികാരി കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസിന്റെ നേതൃത്വത്തിലാണ് പ്രത്യേക പ്രാര്‍ത്ഥന സമര്‍പ്പണം നടത്തിയത്. "റോമൻ ജനതയുടെ രക്ഷ"എന്ന പേരില്‍ പ്രസിദ്ധമായ സാന്താ മരിയ മഗ്ഗിയോറിലെ പേപ്പല്‍ ബസിലിക്കയിലാണ് പ്രാര്‍ത്ഥന നടന്നത്. സമാധാനത്തെക്കുറിച്ചുള്ള ധ്യാന വിചിന്തനവും പ്രാര്‍ത്ഥനയും ആരംഭിക്കുന്നതിനായി ബസിലിക്കയുടെ മണികൾ നാല് മിനിറ്റ് മുഴങ്ങി.
പുണ്യഭൂമിക്ക് വേണ്ടിയുള്ള പ്രാർത്ഥനയോടെയാണ് മെഴുകുതിരി പ്രദക്ഷിണം ആരംഭിച്ചത്. തുടർന്ന് ജപമാലയിലെ ഓരോ രഹസ്യത്തോടൊപ്പവും കര്‍ദ്ദിനാള്‍ ഡോണാറ്റിസ് ഹ്രസ്വ ധ്യാന വിചിന്തനം നടത്തി. കർത്താവിന്റെ വഴികളിലൂടെ നടക്കാൻ നാം പഠിക്കുന്ന സ്ഥലമാണ് വിശുദ്ധ നാടെന്നും ആ ദേശം തന്നെ ഇന്ന് പീഡിപ്പിക്കപ്പെടുകയാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിദ്വേഷത്താൽ പ്രേരിതരായി, മറ്റുള്ളവരെ കൊന്ന അനേകർ ഉണ്ട്, അവർ തങ്ങളുടെ വഴികൾ മാറ്റി സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് കർത്താവിനോട് അപേക്ഷിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
മരിച്ച അനേകം പേരുണ്ട്, അവർ ശാശ്വത സമാധാനത്തിൽ സന്തോഷിക്കണമെന്ന് നാം വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നു. പലരും ബന്ദികളാകുന്നു, അവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ വാത്സല്യത്തിലേക്ക് ഉടൻ മടങ്ങിവരാൻ നാം കർത്താവിനോട് അപേക്ഷിക്കുന്നു. പരിക്കേറ്റ നിരവധി പേരുണ്ട്, അവരെ സഹായിക്കാനും പരിപാലിക്കാനും ഞങ്ങൾ കർത്താവിനോട് അപേക്ഷിക്കുന്നു. ഈ ദിവസങ്ങളിൽ വളരെയധികം കഷ്ടപ്പെടുന്ന ധാരാളം യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉണ്ട്, അവരെ ആശ്വസിപ്പിക്കാൻ നാം കർത്താവിനോട് അപേക്ഷിക്കുകയാണെന്നും കർദ്ദിനാൾ ആഞ്ചലോ ഡി ഡോണാറ്റിസ് കൂട്ടിച്ചേര്‍ത്തു. വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് ജപമാല സമര്‍പ്പണത്തില്‍ പങ്കെടുത്തത്.