News

ജെറുസലേമിൽ കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ച് ഫ്രാൻസിസ്കൻ സന്യാസികൾ

പ്രവാചകശബ്ദം 31-10-2023 - Tuesday

ജെറുസലേം: ജെറുസലേമിൽ സമാധാനം സംജാതമാകാന്‍ വിശുദ്ധ വീഥിയില്‍ കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ച് ഫ്രാൻസിസ്കൻ സന്യാസികൾ. സുരക്ഷാ ഭീഷണിയെ തുടർന്ന് രണ്ട് ആഴ്ചയായി ദേവാലയത്തിലായിരുന്നു കുരിശിന്റെ വഴി പ്രാർത്ഥന നടന്നിരുന്നത്. ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനയുടെയും, പ്രായശ്ചിത്തത്തിന്റെയും, ഉപവാസത്തിന്റെയും ദിനമായ ഒക്ടോബർ 27നാണ് കുരിശിന്റെ വഴി പ്രാർത്ഥന പുനഃരാരംഭിച്ചത്.

തീർത്ഥാടകരെ കൂടാതെ, ശക്തമായ പോലീസ് പെട്രോളിങ്ങില്‍ ജെറുസലേമിലെ പീഡാനുഭവ വീഥികളിലൂടെ നടന്ന പ്രാർത്ഥന ശ്രദ്ധേയമായി. ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ലയുടെ സാന്നിധ്യവും പ്രാർത്ഥനയിൽ ഉണ്ടായിരുന്നു. കഠിനമായ ചൂടിലും, യുദ്ധവിമാനങ്ങളുടെ കോലാഹലത്തിനിടയിലും സമാധാനത്തിനായി നിരവധി പേര്‍ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥനയിൽ പങ്കെടുത്തു.

വെള്ളിയാഴ്ച ജെറുസലേമിലെ സെന്റ് സേവ്യർ ദേവാലയത്തിലുള്ള അർക്കബാസ് വരച്ച "എക്കെ ഹോമോ" ചിത്രത്തിന്റെ മുന്നിൽ ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗങ്ങൾ ഏതാനും നിമിഷം പ്രാർത്ഥിച്ചു. അവർ വചനം വായിക്കുകയും, ഗാനങ്ങൾ ആലപിക്കുകയും, 2002ലെ ലോക സമാധാന ദിനത്തോട് അനുബന്ധിച്ച് വിശുദ്ധ ജോൺപോൾ മാർപാപ്പയുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ വാക്കുകള്‍ അനുസ്മരിക്കുകയും ചെയ്തു. പ്രാർത്ഥനകളുടെ സമാപനത്തില്‍ ക്രിസ്തുവിന്റെ പ്രകാശത്തെയും, നമ്മുടെ വഴികൾക്ക് പ്രകാശം നൽകുന്ന ആത്മാവിന്റെ അഗ്നിയെയും സൂചിപ്പിച്ച് എല്ലാവരും മെഴുകുതിരികൾ കത്തിച്ച് പ്രാര്‍ത്ഥിച്ചിരിന്നു.


Related Articles »