News

അമേരിക്കയില്‍ പോപ്‌ താരത്തിന്റെ മ്ലേച്ഛകരമായ വീഡിയോക്ക് വേദിയായത് കത്തോലിക്ക ദേവാലയം; പരിഹാര കുര്‍ബാനയും പ്രായശ്ചിത്ത പ്രാര്‍ത്ഥനയുമായി മെത്രാന്‍

പ്രവാചകശബ്ദം 08-11-2023 - Wednesday

വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കന്‍ പോപ്‌ താരം സബ്രീന കാര്‍പെന്ററിന്റെ മ്ലേച്ഛ വീഡിയോക്ക് പശ്ചാത്തലമായ ബ്രൂക്ലിന്‍ രൂപതയിലെ വില്ല്യംസ്ബര്‍ഗിലെ ചരിത്രപ്രസിദ്ധമായ ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ അനണ്‍സിയേഷന്‍ ദേവാലയത്തില്‍ പരിഹാര ശുശ്രൂഷ അര്‍പ്പിച്ച് മെത്രാന്‍. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന പരിഹാര വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് ബ്രൂക്ലിന്‍ രൂപത മെത്രാന്‍ റോബര്‍ട്ട് ബ്രെന്നന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. രൂപതയുടെ വികാരി ജനറലായ മോണ്‍. ജോസഫ് ഗ്രിമാള്‍ഡി സഹകാര്‍മ്മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനക്കിടെ ദേവാലയം വിശുദ്ധ ജലം തളിച്ച് വിശുദ്ധീകരിച്ചു.

ദേവാലയത്തിന്റെ പവിത്രതയ്ക്കു കളങ്കം വരുത്തിയ വീഡിയോക്ക് അനുവാദം നല്‍കിയതിന്റെ പേരില്‍ മേല്‍നോട്ടം വഹിച്ചിരുന്ന മോണ്‍. ജാമി ജിഗാന്റിയല്ലോയേ പദവിയില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വീഡിയോ ചിത്രീകരിക്കുവാന്‍ അനുവാദം നല്‍കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും, ചിത്രീകരണത്തിന്റെ പ്രതിഫലമായി ലഭിച്ച 5000 ഡോളര്‍ 'ബ്രിഡ്ജ് റ്റു ലൈഫ്' എന്ന പ്രോലൈഫ് കേന്ദ്രത്തിനു സംഭാവന ചെയ്യുമെന്നും മോണ്‍. ജാമി ജിഗാന്റിയല്ലോ പറഞ്ഞു. സബ്രീന കാര്‍പെന്ററിന്റെ 'ഫെതര്‍' എന്ന മ്ളേചകരമായ വീഡിയോക്കാണ് ദേവാലയം പശ്ചാത്തലമായത്. ഹാലോവീന്‍ ദിനത്തില്‍ സംപ്രേഷണം ചെയ്ത ഈ വീഡിയോ ദശലക്ഷകണക്കിന് ആളുകള്‍ കണ്ടിട്ടുണ്ട്.

‘റെസ്റ്റ് ഇന്‍ പീസ്‌’ എന്നെഴുതിയ കുപ്പികൊണ്ട് അലങ്കരിച്ച അള്‍ത്താരക്ക് മുന്‍പില്‍ അര്‍ദ്ധനഗ്നയായ കാര്‍പെന്റര്‍, ശവപ്പെട്ടികള്‍ക്ക് നടുവില്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സക്രാരിക്ക് മുന്‍പില്‍ അശ്ലീലമായ ആംഗ്യങ്ങളോടെ നില്‍ക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. കാര്‍പെന്ററിന്റെ ഈ വീഡിയോയ്ക്കെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്നും വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ദേവാലയത്തില്‍ ഇത്തരമൊരു വീഡിയോ ചിത്രീകരിക്കുവാന്‍ അനുവാദം നല്‍കിയതില്‍ ഏറെ ദുഃഖമുണ്ടെന്ന് ബിഷപ്പ് ബ്രെന്നന്‍ പറഞ്ഞു.

മോണ്‍. ജാമി ജിഗാന്റിയല്ലോക്ക് പകരം സഹായ മെത്രാന്‍ മോണ്‍. വിറ്റോള്‍ഡ് മ്രോസിയവ്സ്കിയേയാണ് ദേവാലയത്തിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. 1863-ല്‍ അമേരിക്കയിലെ ലിത്വാനിയന്‍ കത്തോലിക്കാ സമൂഹം നിര്‍മ്മിച്ചതാണ് ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ അനണ്‍സിയേഷന്‍ ദേവാലയം. ന്യൂയോര്‍ക്ക് നഗരത്തില്‍ ലിത്വാനിയന്‍ ഭാഷയില്‍ ഞായറാഴ്ച കുര്‍ബ്ബാന അര്‍പ്പിക്കപ്പെടുന്ന ഏക ദേവാലയം കൂടിയാണ്.


Related Articles »