News

ലോക ദേവാലയങ്ങളുടെ അമ്മ സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്കയുടെ 1700-ാമത് വാര്‍ഷികാഘോഷത്തിന് തുടക്കം

പ്രവാചകശബ്ദം 10-11-2023 - Friday

വത്തിക്കാന്‍ സിറ്റി: എ.ഡി 324 നവംബര്‍ 9ന് സില്‍വസ്റ്റര്‍ പാപ്പ കൂദാശ ചെയ്ത സെന്റ്‌ ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസിലിക്ക ദേവാലയത്തിന്റെ ആയിരത്തിഎഴുനൂറാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കു തുടക്കം. റോമന്‍ രൂപതയുടെ കത്തീഡ്രലും റോമിലെ മാര്‍പാപ്പയുടെ ഭദ്രാസനവുമായിരുന്നു ഈ ദേവാലയം. പതിനാലാം നൂറ്റാണ്ടു വരെ പള്ളിയോടു ചേര്‍ന്നുള്ള അരമന പാപ്പയുടെ ഔദ്യോഗിക വസതിയായിരുന്നു. സ്നാപക യോഹന്നാനും, സുവിശേഷകനായ വിശുദ്ധ യോഹന്നാനുമാണ് ഈ പള്ളിയുടെ മധ്യസ്ഥര്‍.

റോമന്‍ സാമ്രാജ്യകാലത്ത് പ്ലവൂട്ടി ലാറ്റെരാനി കുടുംബം ദാനമായി നല്‍കിയ ഭൂമിയിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്ന കാരണത്താലാണ് ഇതിനെ സെന്റ്‌ ജോണ്‍ 'ലാറ്ററന്‍' ദേവാലയം എന്ന് വിളിക്കുന്നത്. ദേവാലയം കൂദാശ ചെയ്യപ്പെട്ട നവംബര്‍ ഒന്‍പതിനാണ് എല്ലാവര്‍ഷവും ദേവാലയത്തിലെ തിരുനാള്‍ ആഘോഷവും നടക്കുന്നത്. ''നഗരത്തിലെയും, ലോകത്തിലെയും എല്ലാ ദേവാലയങ്ങളുടെയും അമ്മയും തലവനും” (ഒമ്നിയം ഏക്ലെസിയാറം ഉര്‍ബിസ് എറ്റ് ഒര്‍ബിസ് മാതെര്‍ എറ്റ് കാപുട്ട്) എന്നാണ് ദേവാലയത്തില്‍ ആലേഖനം ചെയ്തിരിക്കുന്ന ഒരു ലാറ്റിന്‍ ലിഖിതത്തില്‍ കുറിച്ചിരിക്കുന്നത്. 17 നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രത്തിനിടയില്‍ ഈ ദേവാലയം മൂന്ന്‍ പ്രാവശ്യം പുതുക്കി പണിതിട്ടുണ്ട്. 1700-ല്‍ പണികഴിപ്പിച്ചതാണ് ഇപ്പോള്‍ കാണുന്ന ദേവാലയം.

ഇക്കഴിഞ്ഞ നവംബര്‍ 9-ന് ഉച്ചകഴിഞ്ഞ് കര്‍ദ്ദിനാള്‍ ഡൊണാറ്റിസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്. സമകാലീന ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ ഭക്തിഗാന രചിതാവായ ഫാ. മാര്‍ക്കോ ഫ്രിസിന രചിച്ച ഗാനങ്ങളാണ് വിശുദ്ധ കുര്‍ബാനയില്‍ ആലപിച്ചത്. സംഗീത സദസ്സുകളും, വിശുദ്ധ കുര്‍ബാനകളും, ആര്‍ച്ച് ബസലിക്കയുടെയും, അരമനയുടെയും ചരിത്രത്തെക്കുറിച്ചുള്ള സാംസ്കാരിക പ്രഭാഷണങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും. 2024 നവംബര്‍ 9ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷപരിപാടികള്‍ക്കു സമാപനമാകും.

Tag: Rome to celebrate 1,700th birthday of the Archbasilica of St. John Lateran, malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »