News - 2024

കുരുന്നു ജീവനുകളുടെ അവകാശം സംരക്ഷിക്കുന്ന നിയമം പാസാക്കി: പെറു കോണ്‍ഗ്രസിന് മെത്രാന്‍ സമിതിയുടെ അഭിനന്ദനം

പ്രവാചകശബ്ദം 26-11-2023 - Sunday

ലിമ: ജനിക്കുവാനിരിക്കുന്ന കുരുന്നു ജീവനുകള്‍ക്ക് ഭരണഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങള്‍ വ്യക്തമാക്കുന്ന 'നിയമം 31935' പാസാക്കിയതിന് പെറുവിലെ കോണ്‍ഗ്രസിന് രാജ്യത്തെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ അഭിനന്ദനം. പുതിയ നടപടി ഗര്‍ഭധാരണം മുതല്‍ക്കേ ജീവന്‍ സംരക്ഷിക്കുവാനുള്ള നമ്മുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതും, മാനുഷികാന്തസ്സ് പരമോന്നത തത്വമായി അംഗീകരിക്കുന്നതുമാണെന്നു മെത്രാന്‍ സമിതി വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ ലോകത്തെ ഏറ്റവും വലിയ നിധിയാണെന്നും മനുഷ്യകുടുംബത്തിന്റെ ഭാവിയാണെന്നും പെറു മെത്രാന്‍ സമിതിയുടെ നവംബര്‍ 20-ലെ പ്രസ്താവനയില്‍ പറയുന്നു.

പെറുവിലെ രാഷ്ട്രീയ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 2-ല്‍ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നുണ്ട്. അതേസമയം ആര്‍ട്ടിക്കിള്‍ 1-ലെ നിലവിലെ സിവില്‍ കോഡില്‍ ഗര്‍ഭസ്ഥ ശിശുവിനേയും മനുഷ്യനേയും വേര്‍തിരിച്ചാണ് കാണുന്നത്. ‘ഗര്‍ഭധാരണ'ത്തോടെയാണ് മനുഷ്യ ജീവന്‍ തുടങ്ങുന്നത്. ഗര്‍ഭധാരണം മുതല്‍ മനുഷ്യവ്യക്തി നിയമത്തിന്റെ വിഷയമാണെന്നു ട്രൂജില്ലോയിലെ മെത്രാപ്പോലീത്തയും പെറുവിലെ മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മിഗ്വേല്‍ കാബ്രെജോസ് ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

പെറു ഗര്‍ഭസ്ഥ ശിശുവിന്റെ അന്തസ്സും, ജീവിക്കുവാനുള്ള തിന്റെ അവകാശത്തേയും, വ്യക്തിത്വത്തെയും, ശാരീരികവും മാനസികവുമായ സമഗ്രതയെയും, ബാഹ്യ ഇടപെടലുകള്‍ കൂടാതെ ഉദരത്തില്‍ സ്വതന്ത്രമായി വളരുവാനുള്ള അവകാശത്തേയും ഉറപ്പാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഇപ്പോള്‍ ഭേദഗതിചെയ്ത സിവില്‍ കോഡില്‍ പറയുന്നു. കോണ്‍ഗ്രസ് വോട്ടിംഗിനിട്ട ബില്‍ പാസ്സാവുകയായിരുന്നു. പ്രസിഡന്റിന്റെ വീറ്റോ അധികാരം ഈ നിയമത്തില്‍ ബാധകമല്ല. മരണത്തിന്റെ സംസ്കാരത്തെ മറികടന്ന് മനുഷ്യജീവനെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിട്ടാണ് മെത്രാന്‍ സമിതി നിയമത്തെ കാണുന്നത്.


Related Articles »