News - 2024

ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം നേടാൻ അവസരം

പ്രവാചകശബ്ദം 27-11-2023 - Monday

വത്തിക്കാന്‍ സിറ്റി: ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിവസം മുതൽ അടുത്ത വർഷം ഫെബ്രുവരി മാസം രണ്ടാം തീയതി ഈശോയെ ദേവാലയത്തിൽ കാഴ്ചവെക്കുന്ന തിരുനാൾ ദിവസം വരെ ഏതെങ്കിലും ഫ്രാൻസിസ്കൻ ദേവാലയത്തിലെ പുൽക്കൂടിനു മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ പൂർണ്ണ ദണ്ഡവിമോചനം നേടാന്‍ അവസരം. ആദ്യത്തെ പുൽക്കൂട് ഇറ്റലിയിലെ ഗ്രേസിയോയിൽ പ്രദർശിപ്പിച്ചതിന്റെ എണ്ണൂറാം വാർഷികം അടുത്തിടെയാണ് ആഘോഷിക്കപ്പെട്ടത്. ഇതിന്റെ ഭാഗമായിട്ടാണ് കോൺഫറൻസ് ഓഫ് ദ ഫ്രാൻസിസ്കൻ ഫാമിലി ദണ്ഡവിമോചനം നേടാനുള്ള അവസരം നൽകണമെന്ന് ഫ്രാൻസിസ് മാർപാപ്പയോട് അഭ്യർത്ഥന നടത്തിയത്.

ഇത് പാപ്പ അംഗീകരിക്കുകയായിരിന്നു. വിശ്വാസികൾക്ക് പുതിയ ആത്മീയ ഉണർവ് നൽകാനും കൃപയുടെ ജീവിതം സമൃദ്ധമാകാനും വേണ്ടിയാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ഫ്രാന്‍സിസ്കന്‍ സമൂഹം എഴുതിയ കത്തിൽ സൂചിപ്പിച്ചിരുന്നു. ദണ്ഡവിമോചനത്തിനു വേണ്ടിയുള്ള സാധാരണ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തന്നെ അത് സാധ്യമാക്കാമെന്ന് വത്തിക്കാനിലെ അപ്പസ്തോലിക് പെനിറ്റെന്‍ഷ്യറി വ്യക്തമാക്കി.

തങ്ങളുടെ വേദനകൾ ദൈവത്തിന് സമർപ്പിച്ചുകൊണ്ടോ ദണ്ഡവിമോചന നിർദേശങ്ങൾ പൂർണമായി പാലിക്കാൻ സാധിക്കാത്ത രോഗികൾ അടക്കമുള്ളവർക്ക് പൂർണ ദണ്ഡവിമോചനം നേടാൻ അവസരമുണ്ട്. ദണ്ഡവിമോചനത്തിനു വേണ്ടി തിരുസഭ ഏര്‍പ്പെടുത്തിയ മാര്‍ഗ്ഗത്തോട് ചേര്‍ന്നു കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, മാർപാപ്പയുടെ നിയോഗത്തിനു വേണ്ടിയുള്ള പ്രാർത്ഥന തുടങ്ങിയവ ചെയ്ത പ്രവർത്തിയോട് അനുബന്ധിച്ച് ചെയ്താൽ മാത്രമേ ദണ്ഡവിമോചനം പൂർണമാവുകയുള്ളൂ.

എന്താണ് ദണ്ഡവിമോചനം? ‍

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥപ്രകാരം ''അപരാധമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയില്‍ നിന്നും ദൈവത്തിന്റെ തിരുമുന്‍പാകെയുള്ള ഇളവ് ചെയ്യലാണ് ദണ്ഡവിമോചനം''. പാപം മൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂര്‍ണ്ണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂര്‍ണ്ണമോ ആകാമെന്ന് സി‌സി‌സി 1471 ചൂണ്ടിക്കാട്ടുന്നു. വത്തിക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് പൂര്‍ണ്ണ ദണ്ഡവിമോചനമാണ്.


Related Articles »