News - 2025
ശ്വാസകോശ സംബന്ധമായ പ്രശ്നമില്ല; പാപ്പയുടെ ആരോഗ്യ നില തൃപ്തികരമെന്ന് വത്തിക്കാന്‍
പ്രവാചകശബ്ദം 27-11-2023 - Monday
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ ശ്വാസകോശ സംബന്ധമായ പരിശോധനകളില്‍ സങ്കീർണ്ണതയില്ലായെന്നും പാപ്പയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും വത്തിക്കാന്‍. ശനിയാഴ്ച വിവിധ കൂടികാഴ്ചകൾ റദ്ദാക്കിക്കൊണ്ട് ഫ്രാൻസിസ് പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ സങ്കീർണ്ണതകളുടെ അപകടസാധ്യത വിലയിരുത്താൻ ലക്ഷ്യമിട്ടായിരുന്നു പരിശോധന. പരിശോധനാ ഫലങ്ങൾ ആശങ്കയ്ക്ക് വകയില്ലെന്ന് വത്തിക്കാന്‍ വെളിപ്പെടുത്തി. റോമിലെ തിബെരിയൻ ഐലന്റിലുള്ള ജെമെല്ലി ആശുപത്രിയിൽ പാപ്പ സിടി സ്കാനിന് വിധേയനായെന്നും പരിശോധനയിൽ ഫലം നെഗറ്റീവായതിനെ തുടർന്ന് സാന്താ മാർത്തയിലേക്ക് മടങ്ങിയെന്നും വത്തിക്കാന്‍ അറിയിച്ചു.
സ്കാൻ പരിശോധനയുടെ റിപ്പോർട്ടിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലെന്ന് തെളിഞ്ഞെന്നും എന്നാൽ ശ്വാസംമുട്ടൽ ഉളവാക്കുന്ന ഒരു വീക്കം അവിടെയുണ്ടെന്നും കൂടുതൽ ഫലപ്രദമാക്കാൻ ആന്റിബയോട്ടിക്ക് നല്‍കിയിട്ടുണ്ടെന്നും വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പറഞ്ഞു. ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ല. അത് നല്ല രീതിയിൽ തുടരുന്നു. പനി മാറി, ശ്വാസതടസ്സം സുഖമായി വരുന്നു. സുഖം പ്രാപിക്കാൻ ഈ ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന പ്രധാനപ്പെട്ട ചില ജോലികൾ മാറ്റിവെക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച നടന്ന ത്രികാല പ്രാർത്ഥനയ്ക്കിടെ, ജനക്കൂട്ടത്തെ നേരിട്ട് അഭിസംബോധന ചെയ്യാൻ കഴിയാത്ത ഫ്രാൻസിസ് പാപ്പ പേപ്പൽ വസതിയായ സാന്താ മാർത്തയിൽ നിന്ന് വീഡിയോ ലിങ്ക് വഴിയാണ് പരിപാടിയിൽ പങ്കെടുത്തത്. ശ്വാസകോശത്തിലെ വീക്കത്തെ കുറിച്ച് ചൂണ്ടിക്കാട്ടിയ പാപ്പ, പങ്കെടുത്തവരുടെ സാന്നിധ്യത്തിന് നന്ദി പ്രകടിപ്പിക്കുകയും തയ്യാറാക്കിയ സന്ദേശം വായിക്കാൻ മോൺ. പൗലോ ബ്രൈദയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇരുപത്തിയൊന്നാം വയസ്സിൽ ശ്വാസകോശാവരണരോഗം ബാധിച്ച ഫ്രാൻസിസ് പാപ്പായുടെ ശ്വാസകോശത്തെ പൊതിയുന്ന കോശങ്ങൾക്കുണ്ടായ വീക്കം പരിഹരിക്കുന്നതിന് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയ വഴി നീക്കം ചെയ്തിരുന്നു.