News - 2025
ഫിലിപ്പീന്‍സിലെ കൈസ്തവ നരഹത്യ: ദുഃഖം പ്രകടിപ്പിച്ച് പാപ്പ
പ്രവാചകശബ്ദം 04-12-2023 - Monday
വത്തിക്കാന്‍ സിറ്റി: ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് ഇരയായവർക്കായി പ്രാർത്ഥിച്ച് ഫ്രാന്‍സിസ് പാപ്പ. ബോംബാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും അന്‍പതിലേറെപേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. സംഭവത്തില്‍ ദുഃഖമുണ്ടെന്നും ദുരന്തം നടന്ന പ്രദേശത്തെ കുടുംബങ്ങളുമായി, ജനങ്ങളുമായി തന്റെ അടുപ്പവും സ്നേഹവും വാഗ്ദാനം ചെയ്യുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ത്രികാല പ്രാർത്ഥന വേളയില്‍ ഫ്രാൻസിസ് മാർപാപ്പ ബോംബാക്രമണത്തിൽ മരിച്ചവർക്കായി പ്രാർത്ഥിച്ചു.
ഫിലിപ്പീൻസിൽ വിശുദ്ധ കുർബാനയ്ക്കിടെ ബോംബ് സ്ഫോടനത്തിനു ഇരയായവർക്കുവേണ്ടി എന്റെ പ്രാർത്ഥന ഉറപ്പ് നല്‍കുകയാണ്. ഇതിനകം തന്നെ വളരെയധികം കഷ്ടത അനുഭവിച്ചിട്ടുള്ള മിൻഡനാവോയിലെ ജനങ്ങളോടും കുടുംബങ്ങളോടും എനിക്ക് അടുപ്പമുണ്ട്. ദൈവത്തിന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഇരകളെ സമര്‍പ്പിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു. ആക്രമണം നടന്ന സ്ഥലം ഉള്‍പ്പെടുന്ന മാരവി രൂപതയുടെ ബിഷപ്പ് എഡ്വിൻ ഡി ലാ പെനാക്കു അയച്ച മറ്റൊരു സന്ദേശത്തിലും പാപ്പ തന്റെ പ്രാര്‍ത്ഥനയും ദുഃഖവും അറിയിച്ചിരിന്നു.
ബോംബ് സ്‌ഫോടനം മൂലമുണ്ടായ ജീവഹാനിയെ കുറിച്ചും പരിക്കുകളെക്കുറിച്ചും തനിക്ക് അഗാധമായ സങ്കടമുണ്ടെന്നും ദൈവത്തിന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് മരണമടഞ്ഞവരുടെ ആത്മാക്കളെ സമര്‍പ്പിക്കുകയാണെന്നും പാപ്പ ടെലഗ്രാമില്‍ കുറിച്ചു. മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ ഇന്നലെ ഞായറാഴ്‌ച വിശുദ്ധ കുർബാന മധ്യേ നടന്ന ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. അന്‍പത്തില്‍ അധികം പേര്‍ക്ക് പരിക്കേറ്റു.