News - 2025
ഫിലിപ്പീൻസിൽ ഐഎസ് നടത്തിയ ക്രൈസ്തവ വേട്ടയെ അപലപിച്ച് ഹംഗറി; സഹായം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം
പ്രവാചകശബ്ദം 11-12-2023 - Monday
ബുഡാപെസ്റ്റ്: ഫിലിപ്പീൻസിൽ ക്രൈസ്തവരെ ലക്ഷ്യമാക്കി വിശുദ്ധ കുര്‍ബാന മധ്യേ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഹംഗറി. മരിച്ച ക്രൈസ്തവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കൾക്ക് അടിയന്തര സഹായം നൽകുമെന്ന് വിദേശകാര്യ, വാണിജ്യ മന്ത്രി പീറ്റർ സിജാർട്ടോ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്‌ച മിൻഡ നാവോ യൂണിവേഴ്‌സിറ്റിയുടെ കായികപരിശീലന ഹാളിൽ വിശുദ്ധ കുർബാന മധ്യേ നടന്ന ആക്രമണത്തില്‍ നാലു പേരാണ് കൊല്ലപ്പെട്ടത്. അന്‍പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ആയിരം വർഷം പഴക്കമുള്ള ഒരു ക്രിസ്ത്യൻ രാജ്യമെന്ന നിലയിൽ, ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾക്ക് വേണ്ടി ഹംഗറി സ്ഥിരമായി നിലകൊള്ളുകയാണെന്നും വിശ്വാസികള്‍ക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും പീറ്റർ സിജാർട്ടോ പറഞ്ഞു.
ദുരിതബാധിതരായ കുടുംബങ്ങളോട് ഹംഗറി സഹതപിക്കുന്നുവെന്നും പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കൾക്ക് അടിയന്തര സഹായമായി ഫിലിപ്പീൻസിലെ കത്തോലിക്ക സന്നദ്ധ സംഘടന മുഖേന അഞ്ച് മില്യൺ ഫൊറിന്റ്സ് (13,000 യൂറോ ) നൽകുമെന്നും പീറ്റർ സിജാർട്ടോ വ്യക്തമാക്കി. ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്കും ഫിലിപ്പീൻസിലെ ക്രിസ്ത്യൻ സമൂഹത്തോട് അനുശോചനം അറിയിച്ച് കുറിപ്പ് പങ്കുവെച്ചു. കൊലപാതകത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണെന്നും ക്രൈസ്തവ വിരുദ്ധ പീഡനത്തിനെതിരായ ഇടപെടലുകള്‍ ശക്തമാക്കുമെന്നും ആക്രമണത്തിന് ഇരകളായവര്‍ക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും കാറ്റലിൻ 'എക്സി'ല്‍ കുറിച്ചു.
അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍ ഭരിക്കുന്ന ഹംഗേറിയന്‍ ഭരണകൂടം. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന വേണ്ടി ഓര്‍ബന്‍ ഭരണകൂടം പ്രത്യേക വകുപ്പ് തന്നെ രൂപം നല്‍കിയിരിന്നു. സിറിയ, ഇറാഖ് ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശം വിതച്ച അനേകം സ്ഥലങ്ങളില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ഹംഗറി ക്ഷേമ പദ്ധതി രൂപീകരിച്ചിരിന്നു.