News

യുദ്ധക്കെടുതി അനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ക്രിസ്തുമസ് സഹായവുമായി എസിഎന്‍ കൊറിയ

പ്രവാചകശബ്ദം 20-12-2023 - Wednesday

സിയോള്‍: സിറിയയിലും ഇസ്രായേല്‍ - പലസ്തീന്‍ സംഘര്‍ഷ മേഖലയിലും യുദ്ധക്കെടുതിയാല്‍ പൊറുതിമുട്ടിയിരിക്കുന്ന ക്രൈസ്തവരെ സഹായിക്കുന്നതിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ (എ.സി.എന്‍) കൊറിയന്‍ വിഭാഗം. ക്രിസ്തുമസിനോട് അനുബന്ധിച്ച് “2023 അഡ്വെന്റ് ആന്‍ഡ്‌ ക്രിസ്മസ് ക്യാമ്പയിന്‍” എന്ന പേരിലാണ് ധനസമാഹരണം നടത്തുന്നത്. ഡിസംബര്‍ 3നാണ് ധ നസമാഹരണ ക്യാമ്പയിന്‍ നടക്കുക. സിറിയയിലെ ഡമാസ്കസിലെ സെന്റ്‌ ജോസഫ്സ് കത്തീഡ്രലില്‍ 2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ ദി ഫാമിലി ഹൗസ് സൂപ്പ് കിച്ചണ്‍ സംഘടിപ്പിക്കുന്ന ‘എ ബൈറ്റ് ഓഫ് ലവ് പ്രോജക്റ്റ്’ലേക്കാണ് തുകയുടെ ഒരു ഭാഗം കൈമാറുകയെന്ന് എ.സി.എന്‍ കൊറിയ അറിയിച്ചു.

രാജ്യത്തെ അതിശക്തമായ പണപ്പെരുപ്പത്തില്‍ പൊറുതിമുട്ടിയിരിക്കുന്ന ക്രൈസ്തവര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം നല്‍കുന്ന പദ്ധതിയാണിത്‌. 2011-ല്‍ സര്‍ക്കാരില്‍ നവീകരണം വേണമെന്ന ആവശ്യവുമായി നടന്ന സമാധാനപരമായ പ്രതിഷേധങ്ങളെ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ ഭരണകൂടം അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരിന്നു. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ 5 ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന ജനസംഖ്യയുടെ പകുതിയോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര യുദ്ധത്തിനു മുന്‍പ് ഏതാണ്ട് ഇരുപതുലക്ഷത്തോളം ക്രൈസ്തവര്‍ സിറിയയില്‍ ഉണ്ടായിരുന്നെന്നാണ് 'യൂറോപ്പ്യന്‍ യൂണിയന്‍ ഏജന്‍സി ഫോര്‍ അസൈലം’ത്തിന്റെ കണക്കുകളില്‍ പറയുന്നത്. നിരവധി പേര്‍ പലായനം ചെയ്തതിനെ തുടര്‍ന്ന്‍ ഈ സംഖ്യ വെറും 4,50,000 ആയി ചുരുങ്ങിയിരിക്കുകയാണ്. സിറിയയിലെ കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി വസ്ത്രങ്ങള്‍ നല്‍കുന്ന ‘വണ്‍ സ്മൈല്‍’ പദ്ധതിയേയും എ.സി.എന്‍ സഹായിക്കുന്നുണ്ട്. ഈ ശൈത്യകാലത്ത് സിറിയയിലെ പാവപ്പെട്ട കുട്ടികള്‍ 27,590 ചൂട് വസ്ത്രങ്ങള്‍ നല്‍കുവാനാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ഹോളിലാന്‍ഡ് ഇസ്രായേല്‍-പലസ്തീന്‍ എമര്‍ജന്‍സി സപ്പോര്‍ട്ട് പ്രൊജക്റ്റിന് വേണ്ടി എ.സി.എന്‍ കൊറിയ- ബെത്ലഹേം, റാമള്ള, കിഴക്കന്‍ ജെറുസലേം എന്നിവിടങ്ങില്‍ ആദ്യ സെറ്റ് ഭക്ഷണകൂപ്പണുകള്‍ സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. ഗാസ മുനമ്പിലെ ആയിരത്തോളം വരുന്ന ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും അഭയം തേടിയിരിക്കുന്ന സെന്റ്‌ പോരിഫിരിയോസ് ഗ്രീക്ക് ഓര്‍ത്തഡോക്സ് ദേവാലയത്തിലും, ഹോളി ഫാമിലി കത്തോലിക്കാ ദേവാലയത്തിലും ഭക്ഷണം, വെള്ളം, മരുന്നുകള്‍ എന്നിവ സംഘടന വിതരണം ചെയ്യുന്നുണ്ട്. ഇതിനു പുറമേ, കിഴക്കന്‍ ജെറുസലേമിലെ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭക്ഷണവും, മരുന്നും, ഭവനരഹിതരായ ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും, മെഡിക്കല്‍ ശുശ്രൂഷയും ഫൗണ്ടേഷന്‍ നല്‍കിവരുന്നുണ്ട്.


Related Articles »