News - 2025
നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലിന്റെ സ്ഥാനാരോഹണം നാളെ
പ്രവാചകശബ്ദം 10-01-2024 - Wednesday
കൊച്ചി: സീറോ മലബാർ സഭയുടെ നാലാമത് മേജർ ആർച്ച് ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട മാർ റാഫേൽ തട്ടിൽ പിതാവിന്റെ സ്ഥാനാരോഹണം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് സഭാ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. സിനഡിൽ പങ്കെടുക്കുന്ന മുഴുവൻ മെത്രാൻമാരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലൂടെ ലഭ്യമാക്കും. ഇന്ന് ജനുവരി 10-ാം തീയതി ബുധനാഴ്‌ച വൈകുന്നേരം 4.30നു സഭയുടെ കേന്ദ്ര കാര്യാലയത്തിലെ സെൻ്റ് തോമസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തെരഞ്ഞെടുപ്പു സിനഡു സമ്മേളനത്തിൽ അധ്യക്ഷനായിരുന്ന ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടാണ് പുതിയ മേജർ ആർച്ചുബിഷപ്പിൻ്റെ തെരഞ്ഞെടുപ്പു വിവരം പ്രഖ്യാപിച്ചത്.
തുടർന്ന് പുതിയ മേജർ ആർച്ചുബിഷപ്പിനെ സഭയുടെ അഡ്‌മിനിസ്‌ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പിതാവും സിനഡു സെക്രട്ടറി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവും ചേർന്ന് ഓഡിറ്റോറിയത്തിലേക്കു ആനയിച്ചു. പുതിയ മേജർ ആർച്ചുബിഷപ്പിന് അഡ്മിനിസ്ട്രേറ്റർ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ബൊക്കെ നല്കി ആശംസകൾ അർപ്പിച്ചു. മേജർ ആർച്ചുബിഷപ്പ് എമിരറ്റസ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസകളർപ്പിച്ചു സംസാരിച്ചു. തൻ്റെ മറുപടി പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ പിതാവു ദൈവത്തിനും സിനഡുപിതാക്കന്മാർക്കും കൃതജ്ഞതയർപ്പിച്ചു.
2024 ജനുവരി 8നു ആരംഭിച്ച മുപ്പത്തിരണ്ടാമതു മെത്രാൻസിനഡിൻ്റെ ഒന്നാം സമ്മേളനമാണ് രണ്ടാമത്തെ ദിവസം നടത്തിയ വോട്ടെടുപ്പിലൂടെ പുതിയ മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്തത്. കാനോനിക നടപടികൾ പൂർത്തിയാക്കി മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുത്ത വിവരം പരിശുദ്ധ പിതാവിനെ അറിയിച്ചുകൊണ്ടു സിനഡിൽ പങ്കെടുത്ത പിതാക്കന്മാരെല്ലാം ഒപ്പുവെച്ച കത്തും തന്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്‌കണമെന്ന് അഭ്യർഥിച്ചുകൊണ്ട് സ്വന്തം കൈപ്പടയിൽ നിയുക്ത മേജർ ആർച്ചുബിഷപ്പ് എഴുതിയ കത്തും അപ്പസ്തോലിക കാര്യാലയം വഴി മാർപാപ്പയ്ക്ക സമർപ്പിക്കുകയുണ്ടായി.
ഇന്ന് ജനുവരി 10നു മേജർ ആർച്ചുബിഷപ്പിൻ്റെ തെരഞ്ഞെടുപ്പിന് അംഗീകാരം നല്കികൊണ്ടുള്ള കത്തു ലഭിച്ചതിനെത്തുടർന്നാണ് നിയുക്ത മേജർ ആർച്ചുബിഷപ്പ് സിനഡിനുമുൻപിൽ വിശ്വാസപ്രഖ്യാപനവും മേജർ ആർച്ചുബിഷപ്പിന്റെ ഉത്തരവാദിത്വങ്ങൾ വിശ്വസ്‌തതയോടെ നിർവഹിക്കുമെന്നുള്ള പ്രതിജ്ഞയും നടത്തിയത്.
