News - 2024

റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിൽ വിജയപുരം രൂപതയുടെ സഹായമെത്രാൻ

പ്രവാചകശബ്ദം 13-01-2024 - Saturday

കോട്ടയം: വിജയപുരം ലത്തീൻ രൂപതയുടെ സഹായമെത്രാനായി റവ. ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിലിനെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വിജയപുരം വിമലഗിരി മാതാ കത്തീഡ്രലിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ നിയമന പ്രഖ്യാപനം നടത്തി. ചാൻസലർ മോൺ. ജോസ് നവസ് പുത്തൻപറമ്പിലും കൂരിയ അംഗങ്ങളും സന്നിഹിതരായിരുന്നു.

വത്തിക്കാനിൽ നിന്നുള്ള നിയമന കല്പന ഇന്ത്യയിലെ അപ്പസ്തോലിക ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയൊപോൾഡോ ജിറേല്ലിയിൽ നിന്നു ബിഷപ്പ് തെക്കത്തെച്ചേരിലിന് ലഭിച്ചു. ബിഷപ്പ് തെക്കത്തെച്ചേരിലിന്റെ മുഖ്യകാർമികത്വത്തിൽ രൂപതയിലെ വൈദികരും സന്ന്യസ്‌തരും ദൈവജനവും തെദേവും സ്തോത്രഗീതം ആലപിച്ച് ദൈവത്തിനു നന്ദിയർപ്പിച്ചു. അഞ്ചുവർഷമായി വിജയപുരം രൂപതാ വികാരി ജനറലായി സേവനം ചെയ്‌തുവരികയായിരുന്നു അൻപത്തിരണ്ടുകാരനായ മോൺ. മഠത്തിപ്പറമ്പിൽ.

പാമ്പനാർ തിരുഹൃദയ ഇടവകയിൽ 1972 ഏപ്രിൽ ആറിനാണ് നിയുക്ത മെത്രാന്റെ ജനനം. ഇടവകയിൽ ഇപ്പോഴും കപ്യാരായി സേവനം ചെയ്യുന്ന അലക്സാണ്ടറിന്റെയും പരേതയായ തെരേസയുടെയും ഏക മകനാണ്. കോട്ടയം ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയിലും ആലുവ കാർമൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും വൈദികപരിശീലനം നടത്തി. റോമിലെ സെന്റ് ആൻസലേം പൊന്തിഫിക്കൽ അത്തെനേവുമിൽ നിന്ന് ലിറ്റർജിയിൽ ലൈസൻഷ്യേറ്റും ഉർബാനിയാന സർവകലാശാലയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്‌ടറേറ്റും നേടി.

1996 ഡിസംബർ 27ന് ബിഷപ്പ് പീറ്റർ തുരുത്തിക്കോണം പിതാവിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചു. മൂന്നാർ മൗണ്ട് കാർമൽ ഇടവകയിൽ സഹവികാരിയായി ആയിട്ടായിരുന്നു ആദ്യ നിയമനം. ഗൂഡല്ലൂർ സെന്റ് ജോസഫ് ഇടവക, ഇടുക്കി ഹോളി ഫാമിലി ഇടവക എന്നിവിടങ്ങളിൽ വികാരിയായും ഇടുക്കി മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡയറക്ടറായും സേവനം ചെയ്തതിനുശേഷം ഇറ്റലിയിലെ പ്രാത്തോ രൂപതയിൽ 2006 മുതൽ 2017 വരെ സേവനം ചെയ്തു. കോട്ടയം, ഇടുക്കി ജില്ലകൾ മുഴുവനായും, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും വിജയപുരം രൂപതയുടെ അതിർത്തിയിൽ ഉൾപ്പെടുന്നു.


Related Articles »