News

ഐഎസ് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന അല്‍കോഷ് പട്ടണത്തില്‍ നൂറു കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

സ്വന്തം ലേഖകന്‍ 17-08-2016 - Wednesday

അല്‍കോഷ്: ഐഎസ് തീവ്രവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന അല്‍കോഷ് പട്ടണത്തില്‍ നൂറു കുഞ്ഞുങ്ങള്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി. യുദ്ധത്തിന്റെയും ഭീഷണിയുടെയും മധ്യത്തില്‍ നിലനിന്നിരുന്ന പ്രദേശത്തെ ആദ്യകുര്‍ബാന സ്വീകരണ ചടങ്ങുകള്‍ പുതിയ ഉണര്‍വിലേക്കും പ്രതീക്ഷയിലേക്കുമാണ് എത്തിച്ചിരിക്കുന്നത്. തീവ്രവാദികള്‍ തങ്ങളുടെ പല സമീപ പ്രദേശങ്ങളിലും പിടിമുറിക്കിയിട്ടുണ്ടെങ്കിലും അല്‍കോഷ് പട്ടണത്തിലേക്ക് കടക്കുവാന്‍ ഇതുവരെ അവര്‍ക്ക് സാധിച്ചിട്ടില്ലെന്ന് ബാഗ്ദാദ് സഹായ മെത്രാന്‍ ബേസില്‍ യല്‍ദോ പറഞ്ഞു.

കല്‍ദായ കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ പാത്രീയാര്‍ക്കീസ് ലൂയിസ് റാഫേല്‍ സാകോ ആദ്യകുര്‍ബാന ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. 700-ല്‍ പരം വിശ്വാസികളും, അല്‍കോഷ് പട്ടണത്തിലുള്ള എല്ലാ വൈദികരും കന്യാസ്ത്രീകളും ആദ്യകുര്‍ബാന ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തി. തങ്ങളുടെ പൂര്‍വ്വീകര്‍ കൈമാറിയ വിശ്വാസവും സംസ്‌കാരവും സംരക്ഷിക്കേണ്ടത് പുതിയ തലമുറയുടെ ഉത്തരവാദിത്വമാണെന്നും ആയതിനാല്‍ യുദ്ധത്തിന്റെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പലായനം ചെയ്യാതെ മാതൃരാജ്യത്ത് തുടരണമെന്നും ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളോട് പാത്രീയാര്‍ക്കീസ് സാകോ ആഹ്വാനം ചെയ്തു.

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കുട്ടികളോട് സംസാരിച്ച പാത്രീയാര്‍ക്കീസ് അവരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയും നല്‍കി. തനിക്ക് വളരുമ്പോള്‍ ഒരു വൈദികനാകണമെന്ന് ഒരു കുട്ടി പാത്രീയാര്‍ക്കീസിനോട് പറഞ്ഞു. ക്ലേശങ്ങളുടെ നടുവിലും ദൈവവിശ്വാസം കൈവിടാതെ പിടിക്കുന്ന ബാലന്റെ വാക്കുകള്‍ പാത്രീയാര്‍ക്കീസിന്റെ മിഴികള്‍ നിറച്ചു. ഏറെ നല്ല കാര്യമാണെന്നും ആരാലും സഹായമില്ലാത്ത ജനവിഭാഗത്തെ സഹായിക്കുന്നത് വലിയ നന്മ പ്രവര്‍ത്തിയാണെന്നും പാത്രീയാര്‍ക്കീസ് ബാലനോട് പറഞ്ഞു.

അല്‍കോഷില്‍ നിന്നും കിര്‍ക്കുക്കിലേക്ക് യാത്ര തിരിച്ച പാത്രീയാര്‍ക്കീസ് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിനു സമീപമുള്ള മാതാവിന്റെ പുതിയ ഗ്രോട്ടോ കൂദാശ ചെയ്തു. മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കിയതും പാത്രീയാര്‍ക്കീസ് സാക്കോ തന്നെയാണ്. വെടിവയ്പ്പിന്റെ ശബ്ദം നിലയ്ക്കാത്ത നാട്ടില്‍ സമാധാനം സ്ഥാപിക്കപ്പെടുവാനായി ദൈവത്തോട് നിരന്തരം പ്രാര്‍ത്ഥിക്കണമെന്ന് പാത്രീയാര്‍ക്കീസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക


Related Articles »