News - 2024

തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ ദേവാലയത്തില്‍ അതിക്രമിച്ച് കയറി ആക്രമണം: ഒരാള്‍ കൊല്ലപ്പെട്ടു

പ്രവാചകശബ്ദം 29-01-2024 - Monday

ഇസ്താംബൂൾ: തുർക്കിയിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തോലിക്ക ദേവാലയത്തിനുള്ളിൽ അതിക്രമിച്ചു കടന്ന മുഖംമൂടി ധരിച്ച രണ്ട് അക്രമികൾ ഒരാളെ വെടിവച്ച് കൊലപ്പെടുത്തി. ഇസ്താംബൂളിലെ സാരിയർ ജില്ലയിലെ സാന്താ മരിയ പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഇസ്താംബൂളിലെ അപ്പസ്തോലിക് വികാരി ബിഷപ്പ് മാസിമിലിയാനോ പാലിനൂറോ ഇ‌ഡബ്ല്യു‌ടി‌എന്നിനോട് ന്യൂസിനോട് ഞെട്ടല്‍ രേഖപ്പെടുത്തി. പ്രാദേശികസമയം ഇന്നലെ രാവിലെ 11.40നായിരുന്നു സംഭവം. അക്രമികളെ പിടികൂടാൻ പൂർണ്ണമായ അന്വേഷണം നടക്കുന്നതായി തുർക്കി ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.

കറുത്ത വസ്ത്രം ധരിച്ച രണ്ട് ആയുധധാരികൾ ഒരാളുടെ തലയുടെ പിന്നിൽ വെടിവയ്ക്കുന്നതു പുറത്തുവന്ന വീഡിയോയില്‍ ദൃശ്യമാണ്. ഇരകൾക്കും തുർക്കിയിലെ കത്തോലിക്ക സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കാൻ ബിഷപ്പ് മാസിമിലിയാനോ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭാവിയെക്കുറിച്ച് ആശങ്കാകുലരാണെന്നും ഇത് മതപരമായ അസഹിഷ്ണുതയുടെ അടയാളമാണെങ്കിൽ, നമ്മുടെ സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ട്ടിക്കുമെന്നും നമുക്ക് പ്രാർത്ഥിക്കാമെന്നും ബിഷപ്പ് പറഞ്ഞു.

മരിച്ചത് 52 വയസുള്ള തുർക്കി പൗരനാണെന്നും ആർക്കും പരിക്കില്ലെന്നും ഒരാളെ മാത്രം ലക്ഷ്യമിട്ടാണു അക്രമികൾ എത്തിയതെന്നും ദേവാലയത്തിനു പുറത്ത് ഇസ്‌താംബൂൾ ഗവർണർ ദാവുദ് ഗുൽ പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, ആഫ്രിക്കയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള കുടിയേറ്റക്കാർ ഉൾപ്പെടെ ഏകദേശം 25,000 കത്തോലിക്കരാണ് തുർക്കിയിൽ താമസിക്കുന്നത്.


Related Articles »