News

ബൈബിളിലെ ഗത്ത് നഗരത്തിന്റെ നാശം ചരിത്ര സത്യം; തെളിവുകളുമായി ഗവേഷകര്‍

പ്രവാചകശബ്ദം 06-02-2024 - Tuesday

ജെറുസലേം: ബൈബിളിലെ പഴയനിയമത്തില്‍ വിവരിച്ചിരിക്കുന്ന ഗത്തു നഗരത്തിന്റെ നാശം ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് സ്ഥിരീകരിച്ച് ഇസ്രായേലി ഗവേഷകർ. രണ്ട് രാജാക്കന്മാർ, പന്ത്രണ്ടാം അധ്യായത്തിൽ വിവരിക്കുന്ന ഗത്തു നഗരത്തെ കുറിച്ചുള്ള വിവരണം ചരിത്ര സത്യമാണെന്ന് ഗവേഷകരെ ഉദ്ധരിച്ച് ശാസ്ത്ര മാഗസിനായ പബ്ലിക് ലൈബ്രറി ഓഫ് സയൻസ് (PLOS) ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിശുദ്ധ ബൈബിളിലെ പഴയനിയമത്തിലെ ഓരോ സംഭവങ്ങളും കഥയല്ല, ചരിത്ര യാഥാര്‍ത്ഥ്യമാണെന്നു വീണ്ടും തെളിയിക്കുന്നതാണ് പുതിയ ഗവേഷണ ഫലം. രണ്ട് രാജാക്കന്മാർ, പന്ത്രണ്ടാം അധ്യായത്തിൽ യോവാഷ് രാജാവ് യൂദയായിൽ ഭരണം നടത്തുന്നതിനെപ്പറ്റി പറയുന്നുണ്ട്.

അധ്യായത്തിന്റെ അവസാന ഭാഗത്ത് സിറിയ രാജാവായ ഹസായേൽ ആ സമയത്ത് ഏറ്റവും പ്രബലമായ പ്രദേശങ്ങളിൽ ഒന്നായ ഗത്തു പിടിച്ചടക്കിയതിനു ശേഷം ജെറുസലേമിനെ ലക്ഷ്യം വെച്ചു. അധിനിവേശത്തിനിടെ വൻതോതിൽ കത്തിച്ചുകളഞ്ഞ, ഗത്ത് നഗരത്തിന്റെ നാശത്തിൻ്റെ വിപുലമായ തെളിവുകളാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ക്രിസ്തുവിന് 830 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ബൈബിളില്‍ വിവരിക്കുന്ന സംഭവം ചരിത്ര സത്യമാണെന്ന് റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗിന്റെയും മറ്റ് ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുടെയും അകമ്പടിയോടെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബിസി ഒന്‍പതാം നൂറ്റാണ്ടിൽ, പ്രദേശത്ത് ചൂളകളിൽ ഇഷ്ടികകൾ നിര്‍മ്മിക്കുന്ന രീതി വന്നിട്ടില്ലായിരിന്നു. 800 വർഷങ്ങൾക്ക് ശേഷമുള്ള റോമൻ അധിനിവേശത്തോടെയാണ് ഇത് പ്രദേശത്ത് വന്നത്. യഹൂദയിലും അയൽരാജ്യങ്ങളിലും ഉപയോഗിച്ചിരുന്ന സിൽറ്റ് ഇഷ്ടികകൾ സൂര്യ പ്രകാശത്തിന്റെ സഹായത്തോടെ സാവധാനത്തില്‍ നടക്കുന്ന ഉണക്കൽ പ്രക്രിയയിലൂടെ സൃഷ്ടിച്ചതായിരിന്നു.

കണ്ടെത്തിയ ഇഷ്ടികകൾ അവയുടെ നിർമ്മാണത്തിൽ ഉപയോഗിച്ചതിനേക്കാൾ ഉയർന്ന താപനിലയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നും അതിനർത്ഥം അത് തീവ്രമായ അഗ്നിബാധയ്ക്ക് വിധേയമായിട്ടുണ്ടെന്നുമാണെന്ന് ഗവേഷകര്‍ പറയുന്നു. വിശുദ്ധ ബൈബിളിലെ നൂറുകണക്കിന് സംഭവങ്ങള്‍ ചരിത്ര യാഥാര്‍ത്ഥ്യമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അത്തരം കണ്ടെത്തലുകളില്‍ ഏറ്റവും അവസാനത്തേതാണ് ഗത്ത് നഗരത്തിന്റെ നാശവും പിടിച്ചെടുക്കലും.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »