News - 2025

മരിയന്‍ പ്രത്യക്ഷീകരണ തിരുനാളിനോട് അനുബന്ധിച്ച് ലൂര്‍ദ്ദില്‍ ഇത്തവണ എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍

പ്രവാചകശബ്ദം 12-02-2024 - Monday

ലൂര്‍ദ്: 166 വർഷങ്ങൾക്ക് മുമ്പ്, മരിയന്‍ പ്രത്യക്ഷീകരണം നടന്ന ഫ്രാന്‍സിലെ ലൂര്‍ദ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇന്നലെ തിരുനാള്‍ ദിനത്തില്‍ എത്തിച്ചേര്‍ന്നത് പതിനായിരങ്ങള്‍. 1858 ഫെബ്രുവരി 11-നു ഫ്രാൻസിലെ ലൂർദിനടുത്തുള്ള പാറക്കൂട്ടങ്ങള്‍ക്കിടയിലെ വിള്ളലിലാണ് കന്യാമറിയം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. മുന്‍ വര്‍ഷങ്ങള്‍ക്കു സമാനമായി ഇത്തവണത്തെ തിരുനാളില്‍ പങ്കുചേരാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേര്‍ന്നിരിന്നു. തിരുനാളിനോട് അനുബന്ധിച്ച് ശനിയാഴ്ച രാത്രിയില്‍ നടത്തിയ ജാഗരണ പ്രദിക്ഷണത്തിലും കത്തിച്ച മെഴുകുതിരികളുമായി ആയിരങ്ങളാണ് പങ്കെടുത്തത്.

വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. 1879 ഏപ്രിൽ 16-ന് മുപ്പത്തിയഞ്ചാംവയസ്സിൽ സിസ്റ്റർ മരിയ ബെര്‍ണാഡെറ്റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. 1907-ൽ പത്താം പീയൂസ് മാർപാപ്പയാണ് ലൂർദിലെ മറിയത്തിൻ്റെ ആദ്യ ദർശനത്തിന്റെ തിരുനാൾ ആഗോള സഭയ്ക്കു വേണ്ടി നിശ്ചയിച്ചത്.

1925-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ ബെര്‍ണാഡെറ്റെയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി. 1933 ഡിസംബർ 8-ന് അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ വിശുദ്ധയായി പ്രഖ്യാപിച്ചു. പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥതയില്‍ ലൂര്‍ദ്ദില്‍ നടക്കുന്ന അത്ഭുതങ്ങള്‍ ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്‌ എച്ച്‌ ഐ വി അടക്കം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ പ്രശസ്‌ത ശാസ്‌ത്രജ്ഞനും 2008ലെ നോബല്‍ സമ്മാന ജേതാവുമായ ഡോ. ലൂക്ക്‌ മൊണ്ടാഗ്നിയർ നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു. പ്രതിവര്‍ഷം 30 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്.


Related Articles »