News

ഗ്വാഡലൂപ്പ പ്രത്യക്ഷീകരണം പ്രമേയമാക്കിയ ചലച്ചിത്രം ഫെബ്രുവരി 22ന് തീയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 19-02-2024 - Monday

വാഷിംഗ്ടണ്‍ ഡി‌.സി: ഗ്വാഡലൂപ്പയിലെ ദൈവമാതാവിന്റെ പ്രത്യക്ഷീകരണവും ദൈവീക ഇടപെടലുകളും പ്രമേയമാക്കി നിര്‍മ്മിച്ചിരിക്കുന്ന "Guadalupe: Mother of Humanity" ഡോക്യുമെന്ററി ചിത്രം ഫെബ്രുവരി 22-ന് അമേരിക്കയിൽ പ്രദര്‍ശിപ്പിക്കും. മെക്സിക്കോ, സെൻട്രൽ അമേരിക്ക, പ്യൂർട്ടോ റിക്കോ, ബൊളീവിയ, ചിലി എന്നിവിടങ്ങളിലും ഇതേ ദിവസം സിനിമ പ്രീമിയർ ചെയ്യുമെന്ന് ഗോയ പ്രൊഡക്ഷൻസാണ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. 1531-ൽ ഗ്വാഡലൂപ്പയി കന്യകാമറിയത്തിൻ്റെ പ്രത്യക്ഷീകരണം വിഷയമാക്കി അവതരിപ്പിച്ചിരിക്കുന്ന സിനിമ മെക്സിക്കോ, അമേരിക്ക, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. കൊളംബിയ, പെറു, ഉറുഗ്വേ എന്നിവിടങ്ങളിൽ ഫെബ്രുവരി 29നും സ്പെയിനിൽ മാർച്ച് 1നും ബ്രസീലിൽ മെയ് 2നും ചിത്രം റിലീസ് ചെയ്യും.

സ്പാനിഷ് ചലച്ചിത്ര നിർമ്മാതാവ് പാബ്ലോ മൊറേനോയാണ് ചിത്രത്തിൻ്റെ ശക്തമായ സാക്ഷ്യങ്ങൾ ഉൾക്കൊള്ളുന്ന ഭാഗം സംവിധാനം ചെയ്തത്. ആന്ദ്രേസ് ഗാരിഗോയാണ് മറ്റൊരു സംവിധായകന്‍. ആഞ്ചെലിക്ക ചോംഗ് ഗ്വാഡലൂപ്പിലെ ദൈവമാതാവായും മരിയോ ആൽബർട്ടോ ഹെർണാണ്ടസ്, മരിയന്‍ പ്രത്യക്ഷീകരണത്തിന് സാക്ഷിയായ ജുവാൻ ഡീഗോയായും നടി കരിം ലൊസാനോ അവതാരകയായും ജനപ്രിയ ഇ‌ഡബ്ല്യു‌ടി‌എന്‍ അവതാരകനായ പെപ്പെ അലോൺസോ വിവരണവുമായും ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഗ്വാഡലൂപ്പയില്‍ നിന്നു ജീവിതം തിരിച്ചു പിടിച്ച ഹോളിവുഡ് നിർമ്മാതാവിൻ്റെ യഥാർത്ഥ കഥയും മറ്റ് നിരവധി സാക്ഷ്യങ്ങളും ഡോക്യുമെന്ററി ചിത്രത്തില്‍ പ്രമേയമാകുമെന്നാണ് സൂചന.

500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. ഗ്വാഡലൂപ്പ പ്രത്യക്ഷീകരണത്തിന് 2031-ൽ 500 വർഷം തികയുവാനിരിക്കെയാണ് സിനിമ പുറത്തിറക്കുന്നതെന്നതു ശ്രദ്ധേയമാണ്.


Related Articles »