India - 2025
സഭയുടെ സത്യവിശ്വാസം സംരക്ഷിക്കപ്പെടണമെന്നത് ഓരോ വിശ്വാസിയുടെയും ദൗത്യം: മാർ ജോസഫ് കല്ലറങ്ങാട്ട്
പ്രവാചകശബ്ദം 26-02-2024 - Monday
പൂഞ്ഞാർ: വിശ്വാസവും ദേവാലയവും വൈദികരും സന്യസ്‌തരും അല്‌മായരും എക്കാലത്തും സംരക്ഷിക്കപ്പെടണമെന്നും വിശ്വാസത്തിൽ മായം ചേർക്കാനോ വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റം കണ്ടില്ലെന്നു വയ്ക്കാനോ സാധിക്കില്ലെന്നും പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പൂഞ്ഞാർ സെൻ്റ മേരീസ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പിന്നാലേ പള്ളിയിൽ സന്ദർശനം നടത്തി സംസാരിക്കുകയായിരിന്നു അദ്ദേഹം.
സഭയുടെ സത്യവിശ്വാസം സംരക്ഷിക്കപ്പെടണമെന്നത് ഓരോ വിശ്വാസിയുടെയും ദൗത്യമാണ്. ഒപ്പം വിശ്വാസം സമഗ്രമായി പ്രഘോഷിക്കാനുള്ള സാഹചര്യവുമുണ്ടായിരിക്കണം. വെള്ളിയാഴ്‌ചത്തെ സംഭവങ്ങളെ നിയമപരമായും ആത്മീയമായും കൈകാര്യം ചെയ്യും. ഇതിലൊരു വിട്ടുവീഴ്‌ചയും പാടില്ല. അതേസമയം ഇതിന്റെ വൈകാരിക തലം സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തരമായി ചേർന്ന പള്ളിക്കമ്മിറ്റി യോഗം സംഭവത്തിൽ നടുക്കവും ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. എസ്എംവൈഎം, എകെസിസി, വിൻസൻ്റ ഡിപോൾ, മിഷൻലീഗ്, കർഷകദളം, ജീസസ് യൂത്ത്, പിതൃവേദി, മാതൃവേദി തുടങ്ങിയ സംഘടനകൾ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
