Meditation. - August 2024

നാം ക്രിസ്തുവിന്റെ വിളി തിരിച്ചറിയാതെ പോകുന്നുണ്ടോ?

സ്വന്തം ലേഖകന്‍ 19-08-2023 - Saturday

"യേശു സ്‌നേഹപൂര്‍വം അവനെ കടാക്ഷിച്ചു കൊണ്ട് പറഞ്ഞു: നിനക്ക് ഒരു കുറവുണ്ട്. പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മര്‍ക്കോസ് 10:21).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 19

ജീവിതത്തിന്റെ ആഹ്‌ളാദവും ആവേശവുമാണ് യുവജനങ്ങളില്‍ ഞാന്‍ ദര്‍ശിക്കുന്നത്. യുവാക്കളോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് ആവര്‍ത്തിക്കുവാന്‍ ഞാന്‍ വീണ്ടും ആഗ്രഹിക്കുന്നു:- നിങ്ങളാണ് ലോകത്തിന്റെ ഭാവി, 'നാളെ എന്ന ദിവസം നിങ്ങളുടേതാണ്.' ധനികനായ യുവാവുമായുള്ള യേശുവിന്റെ ശ്രദ്ധേയമായ സംഭാഷണത്തിന്റെ വിവരണം സുവിശേഷത്തില്‍ നമുക്കായി നീക്കിവച്ചിരിക്കുന്നു. എല്ലാ യുവാക്കളും ചോദിക്കാവുന്ന അടിസ്ഥാന ചോദ്യങ്ങളിലൊന്നാണ് ആ യുവാവ് ക്രിസ്തുവിനോട് ചോദിക്കുന്നതായി നാം വായിക്കുന്നത്.

'ഞാന്‍ എന്ത് ചെയ്യണം?' കൃത്യവും മനസ്സില്‍ തട്ടുന്നതുമായ ഒരുത്തരമാണ് അവന് കിട്ടുന്നത്:- യേശു സ്‌നേഹപൂര്‍വ്വം അവനെ കടാക്ഷിച്ചുകൊണ്ട് പറഞ്ഞു: എന്നെ വന്ന് അനുഗമിക്കുക. പക്ഷേ ഇതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് കാണുക. അടിസ്ഥാന ചോദ്യത്തില്‍ ഇത്രമാത്രം താല്‍പര്യം കാണിച്ച ആ യുവാവ്, സങ്കടത്തോടെ തിരിച്ചുപോയി. കാരണം 'അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു'. ക്രിസ്തുവിന്റെ വിളിയെ തിരിച്ചറിയാത്ത യുവാവിനെയല്ലേ ഇതിലൂടെ നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. ഇതുപോലെ നമ്മുടെ ജീവിതത്തിലും ക്രിസ്തുവിന്റെ വിളിയെ തിരിച്ചറിയാതെ പോകുന്നുണ്ടോയെന്ന് വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »