Arts

വിശുദ്ധ ഫ്രാൻസെസ് കബ്രീനിയുടെ ജീവിതകഥ പറയുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക്

പ്രവാചകശബ്ദം 08-03-2024 - Friday

ന്യൂയോര്‍ക്ക്: വിശുദ്ധ ഫ്രാൻസെസ് സേവ്യർ കബ്രീനിയുടെ ജീവിതക്കഥ പറയുന്ന ചലച്ചിത്രം ലോക വനിതാ ദിനമായ ഇന്ന് മാർച്ച് എട്ടാം തീയതി തിയേറ്ററുകളിലേക്ക്. എയ്ഞ്ചൽ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന് 'കബ്രീനി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സൗണ്ട് ഓഫ് ഫ്രീഡം ചിത്രം സംവിധാനം ചെയ്ത അലക്ജാന്ദ്രോ മോൺഡേവെർഡേയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 1889ൽ ഇറ്റാലിയൻ കുടിയേറ്റക്കാര്‍ക്കെതിരെ ന്യൂയോർക്കിൽ വംശീയ വിദ്വേഷം കൊടുമ്പിരികൊണ്ടിരിക്കുന്ന നാളുകളും സിസ്റ്റര്‍ കബ്രീനി അവിടെയെത്തുന്നതുമാണ് ചിത്രത്തിൻറെ പശ്ചാത്തലം.

1850 ജൂലൈ 15-ന് അന്നത്തെ ഓസ്ട്രിയൻ സാമ്രാജ്യത്തിൻ്റെ ഭാഗമായ ലോഡിയിലെ ലോംബാർഡ് പ്രവിശ്യയിലെ സാൻ്റ് ആഞ്ചലോ ലോഡിജിയാനോയിൽ കർഷകരായ അഗോസ്റ്റിനോ കബ്രീനിയുടെയും സ്റ്റെല്ല ഓൾഡിനിയുടെയും പതിമൂന്ന് മക്കളിൽ ഇളയവളായിട്ടായിരിന്നു ഫ്രാൻസെസ് കബ്രീനിയുടെ ജനനം. പതിമൂന്നാം വയസ്സിൽ അവള്‍ യേശുവിൻ്റെ തിരുഹൃദയത്തിൻ്റെ പുത്രിമാർ എന്ന സന്യാസിനി സമൂഹം നടത്തുന്ന ഒരു സ്കൂളിൽ ചേർന്നു. അഞ്ച് വർഷത്തിന് ശേഷം ടീച്ചിംഗ് സർട്ടിഫിക്കറ്റോടെ ബിരുദം നേടി.

1870-ൽ അവളുടെ മാതാപിതാക്കൾ മരിച്ചതിനുശേഷം, അവൾ അർലുനോയിലെ കോണ്‍വെന്‍റില്‍ പ്രവേശനത്തിന് അപേക്ഷിച്ചുവെങ്കിലും നിരസിക്കപ്പെട്ടു. 1880 നവംബറിൽ, കബ്രീനിയും ഏഴുപേരോടൊപ്പം ചേര്‍ന്ന് മിഷനറി സിസ്റ്റേഴ്‌സ് ഓഫ് സേക്രഡ് ഹാർട്ട് ഓഫ് ജീസസ് (എംഎസ്‌സി) സ്ഥാപിച്ചു. 1887 സെപ്റ്റംബറിൽ, ചൈനയിൽ മിഷനുകൾ സ്ഥാപിക്കുന്നതിന് മാർപാപ്പയുടെ അംഗീകാരം തേടാൻ കബ്രീനി പോയി. എന്നാല്‍ ദാരിദ്ര്യത്തിൽ കഴിയുന്ന ഇറ്റാലിയൻ കുടിയേറ്റക്കാരെ സഹായിക്കാൻ അവൾ അമേരിക്കയിലേക്ക് പോകണമെന്ന് പാപ്പ ആവശ്യപ്പെട്ടു.

ഇറ്റലിയിൽ നിന്നും അവിടേക്ക് എത്തിയ കബ്രീനി കണ്ടത് ഞെട്ടിപ്പിക്കുന്ന അവസ്ഥയായിരിന്നു. രോഗങ്ങളും, കുറ്റകൃത്യങ്ങളും ദുരിതപൂർണ്ണമായ ജീവിതങ്ങളുമാണ് തന്റെ മുന്നില്‍ അവള്‍ കാണുന്നത്. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ ഉള്ളവർക്ക് വിദ്യാഭ്യാസം നൽകാനും, താമസിക്കാനുള്ള ഇടമൊരുക്കാനും കബ്രീനിയും, മിഷ്ണറി സിസ്റ്റേഴ്സ് ഓഫ് ദ സേക്രഡ് ഹെഡ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളും മിഷൻ പ്രവർത്തനം ആരംഭിക്കുകയായിരിന്നു. ഇത് അനേകരുടെ ജീവിതങ്ങളെ സ്പര്‍ശിച്ചു.

കബ്രീനി നിലകൊണ്ട മൂല്യങ്ങളിൽ താനും ഉറച്ച് വിശ്വസിക്കുന്നതായും, ഈ വേഷം തിരഞ്ഞെടുക്കാൻ ഇത് ഒരു കാരണമായിട്ടുണ്ടെന്നും, ചിത്രത്തിൽ വിശുദ്ധയുടെ വേഷം കൈകാര്യം ചെയ്ത ഇറ്റാലിയൻ ചലച്ചിത്ര താരം ക്രിസ്റ്റീന ഡെൽ അന്ന പറഞ്ഞു. ചിത്രം കണ്ടതിനുശേഷം ഉത്തരവാദിത്ത ബോധവുമായി കാണികൾ, തിയേറ്ററുകൾ വിടുമെന്ന പ്രതീക്ഷ അവർ പ്രകടിപ്പിച്ചു. രോഗികൾക്കും, ദരിദ്രർക്കും സമൂഹത്തില്‍ നിന്നു മാറ്റിനിര്‍ത്തിയവര്‍ക്കും കബ്രീനി ചെയ്ത വലിയ പ്രവര്‍ത്തനങ്ങള്‍ സിനിമയില്‍ പ്രമേയമാകുന്നുണ്ട്.


Related Articles »