India - 2024

ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയായിട്ട് ഒരു വര്‍ഷം

പ്രവാചകശബ്ദം 18-03-2024 - Monday

ചങ്ങനാശേരി: ബനഡിക്ട് മാർപാപ്പ, ''സീറോ മലബാര്‍ സഭയുടെ കിരീടം'' എന്നു വിശേഷിപ്പിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയായിട്ട് ഒരു വര്‍ഷം. 2023 മാർച്ച് 18 വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ തലേന്ന് 1.17ന് ചെത്തിപ്പുഴ ആശുപത്രിയിലായിരുന്നു സഭയുടെ ശ്രേഷ്ഠാചാര്യൻ സ്വർഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മാർച്ച് 22ന് സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലെ മർത്ത്‌മറിയം പള്ളിയിലാണ് മാർ പവ്വത്തിലിൻ്റെ ഭൗതിക ശരീരം കബറിടക്കം നടത്തിയത്. ചങ്ങനാശേരി അരമനയിൽ നിന്നു പവ്വത്തിൽ പിതാവിൻ്റെ ഭൗതികശരീരവും വഹിച്ച് ചങ്ങനാശേരി നഗരത്തിലൂടെ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിലേക്കു നടന്ന വിലാപയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്.

മാർ ജോസഫ് പവ്വത്തിലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന സെൻ്റമേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ഇന്നു അനുസ്‌മരണ ദിവ്യബലിയും സിമ്പോസിയവും നടക്കും. 11. 15ന് സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയർപ്പണം നടക്കും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ ജോർജ് കോച്ചേരി, മാർ മാത്യു അറയ്ക്കൽ, അതിരൂപതയിലെ വൈദികർ എന്നിവർ സഹകാർമികരാകും. വിശുദ്ധ കുർബാന മധ്യേ മേജർ ആർച്ച് ബിഷപ്പ് വചനസന്ദേശം നൽകും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്‌മരണ പ്രഭാഷണം നടത്തും. ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം കബറിടത്തിൽ ഒപ്പീസ് അർപ്പിക്കും.


Related Articles »