Daily Saints.

0: September 15 : വ്യാകുല മാതാവിന്റെ തിരുനാൾ

ജേക്കബ് സാമുവേൽ 13-09-2015 - Sunday

മാതാവിന്റെ ഏഴ് വ്യാകുലതകളും ദൈവപുത്രന്റെ പീഢാനുഭവങ്ങളും, ഭയഭക്തിപൂർവ്വം അനുസ്മരിക്കുന്ന ദിനമാണ്‌ ‘വ്യാകുല മാതാവിന്റെ തിരുനാൾ’. വിശുദ്ധ ഗ്രന്ഥവും ക്രിസ്ത്യൻ അനുസരണശീലചട്ടങ്ങളും തന്നെയാണ്‌ ഇതിന്റെ ഉൽഭവത്തിന്‌ ഉറവിടം. തിരുസങ്കടങ്ങളോടുള്ള അനുനയം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, സെർവൈറ്റുകളാണ്‌, ഇന്നത്തെ ഈ തിരുനാൾ ആദ്യമായി ആരംഭിച്ചത്.

നാടുകടത്തപ്പെട്ട് ദുരിതത്തിലായിരുന്നപ്പോൾ മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയാൽ അവസാനം വിമോചിതനായ, പിയൂസ് ഏഴാമനാണ്‌, 1817-ൽ ഇത് സഭയുടെ ആഗോള പെരുന്നാളായി വ്യാപിപ്പിച്ചത്.

ഈ പെരുന്നാളിന്‌ പന്ത്രണ്ടാം നൂറ്റാണ്ടോളം പാരമ്പര്യമുണ്ട്. സിസ്റ്റർഷീയരും സെർവൈറ്റുകളുമാണ്‌ ഇത് പ്രോൽസാഹിപ്പിച്ചത്. തൽഫലമായി, പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ ഇത് കത്തോലിക്കാ സഭയിൽ ആകമാനമായി വ്യാപിച്ച് ആഘോഷിക്കപ്പെട്ടു. 1482-ൽ ‘കാരുണ്യമാതാവ്’ എന്ന തലക്കെട്ടിൽ, ഈ പെരുന്നാൾ കുർബ്ബാനക്രമപുസ്തകത്തിൽ ഉൾപ്പെടുത്തപ്പെട്ടു. ഹോശാനാ ഞായറിന്റെ തലേ വെള്ളിയാഴ്ചയിലായി 1727-ൽ ബനിഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പയാണ്‌ ഇത് റോമൻ കലണ്ടറിൽ നിജപ്പെടുത്തിയത്. 1913-ൽ പിയൂസ് പത്താമൻ പാപ്പയാണ്‌. സെപ്റ്റംബർ 15-ആയി നിശ്ചയിച്ചത്,

ക്രിസ്തുവിന്റെ പീഢാനുഭവ വേളയിലും, മരണ സമയത്തും, മാതാവ്‌ അനുഭവിച്ച അതികഠിനമായ വ്യഥയെ കേന്ദ്രീകരിച്ചു കൊണ്ടാണ്‌ ‘വ്യാകുല മാതാവ്’ എന്ന വിശേഷണ നാമം നൽകപ്പെട്ടത്. 17-)0 നൂറ്റാണ്ടിൽ, ‘ഏഴ് വ്യാകുലതകൾ’ എന്ന പേരിൽ ഈ പെരുന്നാൾ ആചരിക്കപ്പെട്ടത്, വിമല ഹൃദയത്തിലൂടെ കടന്നു പോയ ഏഴ് വാളുകളെ ഉദ്ദേശിച്ചാണ്‌. മാതാവിന്റെ ജനന ദിനമായ സെപ്റ്റംബർ എട്ടിന്‌ ശേഷമുള്ള ‘ഒക്ടേവ്’- അതായത്, പെരുന്നാള്‌ കഴിഞ്ഞു വരുന്ന ഏഴ് ദിവസം- ആയിട്ടാണ്‌ സെപ്റ്റംബർ15-കണക്ക് കൂട്ടിയിട്ടുള്ളത്. (ഫാ. പോൾ ഹാഫ്നറുടെ ‘വ്യാകുല മാതാവ്വ്’ എന്ന പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളത് - Inside the Vatican, sept.2004)

തന്റെ സ്വർഗ്ഗീയ പുത്രന്റെ കഷ്ടതയിലുള്ള ദൈവമാതാവായ മറിയത്തിന്റെ കാരുണ്യവും അവളുടെ അന്തരാത്മാവിലെ രക്തസാക്ഷിത്ത്വത്തിനുമാണ്‌ ഈ പെരുന്നാൾ സമർപ്പിച്ചിരിക്കുന്നത്.

മാനസിക കഷ്ടത അനുഭവിച്ച്, സഹവീണ്ടെടുപ്പുകാരിയായി ഭവിച്ച മാതാവ്, പാപത്തേയും, പശ്ചാത്താപത്തിലേക്കുള്ള യഥാർത്ഥ മാർഗ്ഗത്തേയും, നമ്മെ ഓർമ്മപെടുത്തുന്നു.

ദൈവമാതാവിന്റെ നിരവധിയായ കണ്ണീർധാരകൾ, രക്ഷാമാർഗ്ഗത്തിലേക്ക് നമ്മെ നയിക്കട്ടെ! യേശു തൂങ്ങിക്കിടക്കുന്ന കുരിശ്ശിന്റെ ചുവട്ടിൽ മേരി നിന്നിരുന്നപ്പോൾ, വന്ദ്യവയോധികനായ ശിമയോൻ പ്രവചിച്ചത് പോലെ, സങ്കടത്തിന്റെ വാൾ അവളുടെ പ്രാണനിലൂടെ കടന്നു പോയി.

ബൈബിളിൽ നാം കാണുന്ന മാതാവിന്റെ ഏഴ് വ്യാകുലതകൾ :-

1) ശിമയോന്റെ പ്രവചനം (ലൂക്ക.2:25-35)

2) ഈജിപ്ത്തിലേക്കുള്ള പലായനം (മത്തായി.2:13-15)

3) ബാലനായ യേശുവിന്റെ മൂന്നുദിവസത്തെ തിരോധാനം (ലൂക്ക.2:41-50)

4) കാൽവരിയിലേക്കുള്ള വഴിയിൽ, മേരി യേശുവിനെ കാണുന്നു (ലൂക്ക.23:27-31)

5) യേശുവിന്റെ ക്രൂശ്ശിതാവസ്ഥയും മരണവും (യോഹ.19:25-30)

6) യേശുവിന്റെ ശരീരം കുരിശ്ശിൽ നിന്നും ഇറക്കുന്നു. (സങ്കീ.130; ലൂക്ക.23:30-54; യോഹ.19:31-37)

7) യേശുവിന്റെ ശവ സംസ്കാരം (യെശ.53:8; ലൂക്കാ.23:50-56; മർക്കോ.15:40-47)