News - 2025
കരുണയുടെ കൈത്താങ്ങുമായി കാരിത്താസ്: 40 അര്‍ബുദ രോഗികൾക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം
പ്രവാചകശബ്ദം 20-03-2024 - Wednesday
കോട്ടയം: ഭീതിയുടെ കരിനിഴലിൽ കഷ്ടപ്പെടുന്ന നിർധനരായ അര്‍ബുദ രോഗികൾക്ക് കരുണയുടെ കൈത്താങ്ങുമായി കാരിത്താസ് ആശുപത്രിയും എസ്‌ഡിഎം കാൻസർ റിലീഫും. ആശുപത്രിയുടെ പാലിയേറ്റീവ് മെഡിസിൻ വിഭാഗവും എസ്‌ഡിഎം കാൻസർ റിലീഫ് ഫണ്ടും ചേർന്ന് നടത്തിയ പരിപാടിയിൽ 40 അര്‍ബുദ രോഗികൾക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു. ഫാ. ജിനു കാവിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ രോഗിക്കും 25,000 രൂപ വീതം നൽകിയ ഈ സംരംഭം നിരവധി കുടുംബങ്ങൾക്ക് ആശ്വാസത്തിന്റെ കിരണമായി മാറി.
നാല്‍പ്പതോളം കുടുംബങ്ങൾക്ക് ചെറുതെങ്കിലും ഒരു സഹായമാകുന്ന ഈ ശ്രേഷ്ഠ കർമ്മത്തിൽ ഭഗവാക്കാകുവാൻ സാധിച്ചതിൽ കാരിത്താസിന് അഭിമാനമുണ്ടെന്നും "കേനോട്ടിക് ലവ്" എന്ന കാരിത്താസിന്റെ തന്നെ ആപ്തവാക്യത്തിന് അനുസരിച്ച് വിവിധങ്ങളായ കാരുണ്യ പ്രവർത്തങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത ഇനിയും കാരിത്താസ് നിറവേറ്റുമെന്നും ആശുപത്രി ഡയറക്ടർ ഫാ. ഡോ ബിനു കുന്നത്ത് പറയുകയുണ്ടായി.കാരിത്താസ് ഹോസ്പിറ്റലിലെ ഡോ. ബോബി (മെഡിക്കൽ ഡയറക്ടർ), ഡോ. ജോസ് ടോം (HOD, ഓങ്കോളജി), ഡോ. അജിത്ത് കുമാർ, ഡോ. മനു ജോൺ (പാലിയേറ്റീവ് ഓൺകോളജിസ്റ്) എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ചികിത്സയുടെയും മരുന്നുകളുടെയും ചെലവിൽ തളർന്നുപോകുന്നവർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പദ്ധതി കാരിത്താസ് ആശുപത്രിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ തെളിവായാണ് നിരീക്ഷിക്കുന്നത്. പാവപ്പെട്ടവർക്കും ആവശ്യമുള്ളവർക്കും മികച്ച ചികിത്സയും പരിചരണവും നൽകുന്നതിനുള്ള ആശുപത്രിയുടെ ദീർഘകാല പ്രതിബദ്ധതയുടെ തുടർച്ചയാണിതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രോഗികളുടെ ശാരീരിക സംരക്ഷണത്തോടൊപ്പം മാനസിക പിന്തുണയും നൽകുന്ന പാലിയേറ്റീവ് പരിചരണത്തിലൂടെയും ഇത്തരം സാമ്പത്തിക സഹായ പദ്ധതികളിലൂടെയും കാരിത്താസ് ആശുപത്രി ഇതിന് മുന്‍പും ശ്രദ്ധപിടിച്ച് പറ്റിയിട്ടുണ്ട്.
