News

ജീവൻ നൽകുന്ന മരണം | നോമ്പുകാല ചിന്തകൾ | നാല്‍പ്പത്തിമൂന്നാം ദിവസം

പ്രവാചകശബ്ദം 25-03-2024 - Monday

യേശു പറഞ്ഞു: "ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" (യോഹ 11:25)

'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: നാല്‍പ്പത്തിമൂന്നാം ദിവസം ‍

ലോകത്തിന് വലിയ സംഭാവനകൾ നൽകിയ അനേകം മഹാന്മാർ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുണ്ട്. അവരൊക്കെ മരിച്ചപ്പോൾ അത് വലിയൊരു നഷ്ടമായി ഈ ലോകം വിലയിരുത്തി. എന്നാൽ ലോകചരിത്രത്തിൽ ഒരേ ഒരു വ്യക്തിയുടെ മരണം മാത്രമേ സകല ജനതക്കും നേട്ടം സമ്മാനിച്ചുവുള്ളൂ. അത് ക്രിസ്‌തുവിന്റെ മരണമാണ്. മറ്റു മഹാന്മാരുടെ മരണത്തോടെ അവർക്കു ജീവൻ നഷ്ടപ്പെട്ടുവെങ്കിൽ യേശുക്രിസ്‌തുവിന്റെ കുരിശുമരണം എല്ലാ മനുഷ്യർക്കും ജീവൻ പ്രദാനം ചെയ്യുന്നതായിരുന്നു. സത്യദൈവവും പരിശുദ്ധ ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തിയുമായ ഈശോമിശിഹായുടെ കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സകലമനുഷ്യർക്കും നിത്യജീവനിലേക്കുള്ള കവാടം തുറന്നു തന്നു.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം ഇപ്രകാരം പഠിപ്പിക്കുന്നു;

"ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിലൂടെ" മനുഷ്യരുടെ അന്തിമമായ വീണ്ടെടുപ്പു പൂർത്തിയാക്കുന്ന പെസഹാബലിയാണ് ക്രിസ്തുവിൻറ മരണം. അതുപോലെ, "പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെട്ട ഉടമ്പടിയുടെ രക്തത്തി"ലൂടെ മനുഷ്യനെ ദൈവവുമായി അനുരഞ്ജിപ്പിച്ച്, അവനെ, അവിടുത്തോടുള്ള ഐക്യത്തിലേക്കു വീണ്ടും കൊണ്ടുവരുന്ന പുതിയ ഉടമ്പടിയുടെ ബലിയുമാണ് അത്" (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 613).

ആദത്തിന്റെ അനുസരണക്കേടിനാൽ പാപവും മരണവും മനുഷ്യചരിത്രത്തിലേക്ക് പ്രവേശിച്ചു. എന്നാൽ യേശുക്രിസ്തുവിന്റെ മരണം വരെയുള്ള അനുസരണത്താൽ പാപപരിഹാര ബലിയായി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട് അവിടുന്ന് നമ്മുടെ തെറ്റുകൾക്ക് പരിഹാരം ചെയ്യുകയും നമ്മുക്ക് നിത്യജീവൻ പ്രദാനം ചെയ്യുകയും ചെയ്‌തു. യേശു പറഞ്ഞു: "ഞാനാണ് പുനരുത്ഥാനവും ജീവനും എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" (യോഹ 11:25). ഇപ്രകാരം പറയുവാൻ യേശുക്രിസ്തുവിനു മാത്രമേ കഴിയൂ കാരണം അവിടുന്ന് ദൈവമാണ്.




Related Articles »