News - 2025
കേരള സഭയെ സമർപ്പിച്ച് 32 രൂപതകളിലൂടെ ദൈവകരുണയുടെ ഛായാചിത്ര പ്രയാണം
Prince Sebastian 02-04-2024 - Tuesday
"രക്ഷ പ്രാപിക്കാനുള്ള അവസാന പ്രതീക്ഷയായി ദൈവ കരുണയുടെ തിരുനാൾ ഞാൻ അവർക്ക് നൽകുന്നു" (Diary 965).
ദൈവകരുണയുടെ തിരുനാൾ ഒരുക്കവുമായി ബന്ധപ്പെട്ട് ദിവീന മിസരികോർദിയ ഇൻറർനാഷ്ണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കേരള സഭയെ സമർപ്പിച്ച് വിവിധ രൂപതകളിലൂടെയുള്ള ദൈവകരുണയുടെ ഛായാചിത്ര പ്രയാണം നാളെ ആരംഭിക്കും. ദൈവകരുണയുടെ തിരുനാളിനോട് അനുബന്ധിച്ചു, ദൈവകരുണയുടെ ഛായാചിത്രവും വഹിച്ചുകൊണ്ട് കേരള സഭയ്ക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് കേരളത്തിലെ 14 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 32 രൂപതകളിലൂടെയുള്ള തീർത്ഥാടന യാത്ര നാളെ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിൽവെച്ചാണ് ആരംഭിക്കുക.
നാളെ ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലമായ മൗണ്ട് സെൻറ് തോമസിൽവെച്ച് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്ത ആശീർവദിക്കും. തുടർന്ന് രണ്ട് ടീമുകൾ ആയി തിരിഞ്ഞ് വ്യത്യസ്ത ദിശകളിലേക്ക് നടത്തുന്ന പ്രയാണം കേരള സഭയിലെ മൂന്ന് റീത്തുകളിലുമുള്ള അഭിവന്ദ്യ പിതാക്കന്മാരുടെ ആശിർവാദ അനുഗ്രഹങ്ങളോടെ 32 രൂപതകളിൽ കൂടി പിന്നിട്ട് ഏപ്രിൽ 7ന് ദൈവ കരുണയുടെ തിരുനാൾ ദിനം എറണാകുളം ജില്ലയിലെ വല്ലാർപാടം നാഷണൽ ബസിലിക്കയിൽ അവസാനിക്കുന്നു.
കോഴിക്കോട് രൂപതയുടെ അധ്യക്ഷനും ദിവീന മിസരികോർദിയ ഇൻറർനാഷ്ണൽ മിനിസ്ട്രിയുടെ പേട്രനുമായ ബിഷപ്പ് വർഗീസ് ചക്കാലക്കൽ സമാപന ആശീർവാദം നൽകുകയും പിതാവിന്റെ നേതൃത്വത്തിൽ രാവിലെ 09.30 ആഘോഷമായ ദൈവകരുണയുടെ തിരുനാൾ കുർബാനയോടുകൂടി പ്രയാണം സമാപിക്കും. തുടർന്ന് 07/4/2024 വൈകിട്ട് അഞ്ചു മണിക്ക് മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്ററിൽ വച്ച് ദൈവ കരുണയുടെ ത്രിദിന ധ്യാനവും കോൺഫറൻസും ആരംഭിക്കുകയും ചെയ്യുന്നു. ഈ ശുശ്രൂഷകളിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.