News - 2024

ഫ്രാൻസിസ് പാപ്പ ഇടവക സന്ദർശനം പുനഃരാംരംഭിച്ചു

പ്രവാചകശബ്ദം 06-04-2024 - Saturday

വത്തിക്കാന്‍ സിറ്റി: റോം രൂപതയുടെ മെത്രാനെന്ന നിലയിൽ ഫ്രാൻസിസ് പാപ്പാ തൻറെ രൂപത പരിധിയിലെ ഇടവക സന്ദർശനം പുനഃരാംരംഭിച്ചു. ഇന്നലെ വെള്ളിയാഴ്ച വടക്കു കിഴക്കുള്ള കാസൽ മൊണസ്തേരൊ പ്രദേശത്തെ വിശുദ്ധ ഹെൻറിയുടെ നാമത്തിലുള്ള ഇടവകയിലാണ് പാപ്പ സന്ദര്‍ശനം നടത്തിയത്. ഇവിടെ മുപ്പത്തിയഞ്ചു വൈദികരുമായി പാപ്പ കൂടിക്കാഴ്ച നടത്തി. വൈദികരും ശെമ്മാശന്മാരുമായുള്ള കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു.

റെബീബിയയിലെ തടവറയിൽ അജപാലനസേവനം ചെയ്യുന്നവരുൾപ്പടെയുള്ള വൈദികർ തടവറ പ്രശ്നങ്ങൾ, യുവജനങ്ങള്‍, 2025 ജൂബിലി വർഷം, സഭയിൽ നിന്നകന്നു നില്ക്കുന്നവരുടെ അജപാലനവും അവരോടുള്ള സാമീപ്യവും തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്തു. വൈദികരുമായി കൂടിക്കാഴ്ച കൂടാതെ ഇടവകാംഗങ്ങളുമായി ഫ്രാന്‍സിസ് പാപ്പ അല്‍പ്പസമയം ചെലവിട്ടു. പാപ്പയെ അഭിവാന്ദ്യം ചെയ്തവരില്‍ ഇടവകയിൽ ജോലി ചെയ്യുന്ന നിരവധി കന്യാസ്ത്രീകളെ കൂടാതെ വയോധികര്‍, സ്ത്രീകൾ, സ്കൂൾ കുട്ടികൾ എന്നിവരുമുണ്ടായിരിന്നു.

2015-ലെ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ "കാരുണ്യത്തിൻ്റെ വെള്ളിയാഴ്ച" എന്ന പേരില്‍ റോമിൻ്റെ പ്രാന്തപ്രദേശങ്ങളിലെ ഇടവകകളിലേക്ക് മാർപാപ്പ സന്ദര്‍ശനം നടത്തിയിരിന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഈ സന്ദര്‍ശനത്തെ വത്തിക്കാന്‍ ന്യൂസ് വിശേഷിപ്പിക്കുന്നത്. അതേസമയം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയ്ക്ക് ശേഷം സെൻ്റ് ഹെൻറി ഇടവക സന്ദർശിക്കുന്ന രണ്ടാമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. 2002 ഫെബ്രുവരിയിൽ നോമ്പുകാലത്തിൻ്റെ ആദ്യ ഞായറാഴ്ച ഇവിടെ അന്ന് പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരിന്നു.


Related Articles »