News - 2024

വത്തിക്കാനിൽ നടന്ന ആദ്യ ആഗോള യുവജന സംഗമത്തിനു 40 വയസ്

പ്രവാചകശബ്ദം 10-04-2024 - Wednesday

വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള പതിനായിരങ്ങള്‍ പങ്കെടുക്കുന്ന യുവജന കൂട്ടായ്മയായി മാറിയ ആഗോള യുവജനസംഗമത്തിനു നാൽപ്പത് വയസ് തികയുന്നു. നാൽപ്പതു വർഷങ്ങൾക്കു മുൻപ് 1984, ഏപ്രിൽ14, 15 തീയതികളിൽ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ, അന്നത്തെ പാപ്പയായിരുന്ന ജോൺ പോൾ രണ്ടാമന്റെ നേതൃത്വത്തിലാണ് ആദ്യ ആഗോള യുവജന സംഗമം നടന്നത്. 1984 ലെ ആദ്യ യുവജനസംഗമത്തിൽ മൂന്നുലക്ഷത്തിലധികം അംഗങ്ങളാണ് പങ്കെടുത്തത്. ആറായിരത്തോളം റോമൻ കുടുംബങ്ങൾ തങ്ങളുടെ വീടുകളിലാണ് ഇവർക്കെല്ലാം ആതിഥേയത്വം ഒരുക്കിയെന്നതു ശ്രദ്ധേയമായിരിന്നു.

ആഗോള യുവജനസംഗമത്തിന്റെ, സ്മരണാര്‍ത്ഥം റോമിലെ അന്താരാഷ്ട്ര യുവജന സംഗമ കേന്ദ്രമായ വിശുദ്ധ ലോറൻസ് ശാലയിൽ വച്ച് രണ്ടു ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നുണ്ട്. അല്മായർക്കും, കുടുംബത്തിനും,ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയും, ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷനും ചേർന്നാണ് ആഘോഷപരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്.ആഗോള യുവജന സംഗമത്തിന് ആധുനികയുഗത്തിൽ എന്തു പ്രസക്തിയാണുള്ളതെന്ന് സമ്മേളനത്തിൽ ചർച്ച ചെയ്യും.

ഏപ്രിൽ പതിമൂന്നാം തീയതി, ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നിന്നും ആരംഭിക്കുന്ന വിശുദ്ധ കുരിശും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം സമ്മേളനനഗരിയിൽ എത്തിച്ചേരുന്നതോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഏഴു മണിക്ക് വിദ്യാഭ്യാസത്തിനും, സംസ്കാരത്തിനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ഹോസെ തോളെന്തീനോ യുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന നടക്കും. ജാഗരണപ്രാർത്ഥനയോടെ ആദ്യദിവസത്തെ കർമ്മങ്ങൾക്ക് സമാപനമാകും.

പ്രഥമ യുവജനസംഗമത്തിൻ്റെ വാർഷികമായ ഏപ്രിൽ പതിനാലാം തീയതി, വൈദികർക്ക് വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ ലാസർ യൂ ഹ്യൂങ്-സിക്ക്, വിശുദ്ധ കുർബാന അർപ്പിക്കും. പ്രത്യാശയുടെയും, സാഹോദര്യത്തിന്റെയും സന്ദേശമടങ്ങുന്ന 'ക്രിസ്തു ജീവിക്കുന്നു' എന്ന അപ്പസ്തോലിക പ്രബോധനത്തെ അടിസ്ഥാനമാക്കി 2025 വിശുദ്ധ വർഷത്തിന് വേണ്ടിയുള്ള ഒരുക്കത്തിന് സമപ്രായക്കാരായ യുവജനങ്ങളെ ക്ഷണിക്കുവാനും ഈ സംഗമം ലക്ഷ്യമിടുന്നുണ്ട്. ഓരോ തവണയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷകണക്കിന് യുവജനങ്ങളാണ് യുവജന സംഗമത്തിൽ പങ്കെടുക്കാൻ എത്താറുള്ളത്.


Related Articles »