News - 2024

സഭയിൽ സ്ത്രീകളുടെ പങ്കും രൂപത കൂരിയകളുടെ നവീകരണവും കർദ്ദിനാൾ ഉപദേശക സമിതി ചർച്ചയാക്കി

പ്രവാചകശബ്ദം 18-04-2024 - Thursday

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ ഉപദേശക സമിതിയിലെ ഒന്‍പതംഗ കര്‍ദ്ദിനാള്‍ സംഘം യോഗം കൂടി. ഏപ്രിൽ പതിനഞ്ച്, പതിനാറ് തീയതികളിൽ വത്തിക്കാനിൽ നടന്ന കർദ്ദിനാൾ ഉപദേശകസമിതി യോഗത്തിൽ സഭയിൽ സ്ത്രീകളുടെ പങ്കും, രൂപതാ കൂരിയാകളുടെ നവീകരണവും ചർച്ചാവിഷയമായി. തുടര്‍ ചര്‍ച്ചകള്‍ ജൂണിൽ നടത്താനും തീരുമാനമായി. ഏപ്രിൽ പതിനഞ്ചിന് നടന്ന ചർച്ചകളിൽ സഭയിൽ സ്ത്രീകളുടെ പങ്കു സംബന്ധിച്ച്, സി. റെജീന ദാ കോസ്താ പേദ്രോ, പ്രൊഫസ്സർ സ്റ്റെല്ല മോറ എന്നിവർ ആശയങ്ങൾ പങ്കുവെച്ചിരിന്നു.

ബ്രസീലിൽനിന്നുള്ള ഏതാനും സ്ത്രീകൾ മുന്നോട്ടു വച്ച ചിന്തകളും, അവരുടെ ജീവിതചരിത്രവുമാണ് സി. റെജീന കർദ്ദിനാൾ സമിതിക്ക് മുന്നിൽ വിശദീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളിൽ, സ്ത്രീകൾ വഹിക്കുന്ന പങ്കിനെപ്പറ്റിയാണ് ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപിക കൂടിയായ സ്റ്റെല്ല മോറ പങ്കുവച്ചത്. ഏപ്രിൽ പതിനാറിന് നടന്ന യോഗങ്ങളിൽ, സിനഡിനെക്കുറിച്ചും ലോകമെമ്പാടുമുള്ള രൂപതാ കൂരിയാകളുടെ നവീകരണത്തെക്കുറിച്ചും കർദ്ദിനാൾ മാരിയോ ഗ്രെക്, മോൺസിഞ്ഞോർ പിയെറോ കോദ എന്നിവർ ആശയങ്ങൾ പങ്കുവച്ചു.

സമ്മേളനത്തിൽ പങ്കെടുത്ത കർദ്ദിനാളുമാർ തങ്ങളുടെ പ്രദേശങ്ങളിലെ സാമൂഹിക രാഷ്ട്രീയ സഭാ വിശേഷങ്ങൾ പങ്കുവച്ചു. സമ്മേളനത്തിന്റെ പല അവസരങ്ങളിലും ലോകത്ത് നിലനിൽക്കുന്ന വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും പ്രത്യേകമായി പരാമർശിക്കപ്പെട്ടു. സമിതിയുടെ ഭാഗമായ ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും കഴിഞ്ഞ ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്.


Related Articles »