News - 2024

വൈദ്യുതി പ്രതിസന്ധി: ലെബനോനിലും സിറിയയിലും സോളാർ പാനലുകൾ നല്‍കാന്‍ കത്തോലിക്ക സന്നദ്ധ സംഘടന

പ്രവാചകശബ്ദം 29-04-2024 - Monday

ഡമാസ്ക്കസ്: വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്ന ലെബനോനിലും സിറിയയിലും വലിയ തോതിലുള്ള സോളാർ പാനലുകൾ നല്‍കാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയുടെ തീരുമാനം. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഒരു ദിവസം 4 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ചില പൗരന്മാർക്ക് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ജനറേറ്ററുകൾ ലഭ്യമാക്കാന്‍ കഴിഞ്ഞെങ്കിലും ഉയർന്ന ഇന്ധന വിലയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വളരെ ഗുരുതരമായ ഈ സാഹചര്യം രണ്ട് രാജ്യങ്ങളിലെയും കത്തോലിക്ക സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. കത്തോലിക്കാ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രയാസമാണ്. അനാഥാലയങ്ങളും നഴ്സിംഗ് ഹോമുകളും സ്‌കൂളുകളും ഡേകെയർ സെൻ്ററുകളും ഇരുട്ടിലാണ്. റഫ്രിജറേഷൻ്റെ അഭാവം മൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്നുണ്ടെന്നും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് അറിയിച്ചു. സംഘടനയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വലിയ രീതിയില്‍ പണം ലാഭിക്കാന്‍ കഴിഞ്ഞെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്യസ്തര്‍ വെളിപ്പെടുത്തിയിരിന്നു.

പൊന്തിഫിക്കൽ ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് തങ്ങളുടെ വൈദ്യുതി ചെലവ് 300- 400 ഡോളറിന് ഇടയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് ആറ് ഡോളറായി കുറഞ്ഞുവെന്ന് വൈകല്യമുള്ളവരെ പരിപാലിക്കുന്ന ലെബനോനിലെ കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി സിസ്റ്റേഴ്സ് വെളിപ്പെടുത്തി. ക്രൈസ്തവര്‍ നിരവധിയായ പ്രതിസന്ധിയനുഭവിക്കുന്ന രാജ്യങ്ങളില്‍ സുസ്ഥിരവും പ്രായോഗികവുമായ പരിഹാരങ്ങളുമായി തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വ്യക്തമാക്കിയിട്ടുണ്ട്.


Related Articles »