Meditation. - August 2024

പ്രശ്നങ്ങളും പ്രതിസന്ധികളും ഇടവിടാതെ നിങ്ങളെ പിന്തുടരുമ്പോള്‍ ക്രിസ്തുവില്‍ അഭയം തേടുക

സ്വന്തം ലേഖകന്‍ 22-08-2016 - Monday

"പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്‌നേഹിക്കാം; എന്തെന്നാല്‍, സ്‌നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്; അവന്‍ ദൈവത്തെ അറിയുകയും ചെയ്യുന്നു" (1 യോഹന്നാന് 4:7).

വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പായോടൊപ്പം ധ്യാനിക്കാം: ആഗസ്റ്റ് 22

പ്രശ്നങ്ങളും പ്രതിസന്ധികളും ഇന്ന്‍ പലരെയും അലട്ടുമ്പോള്‍ ഭൂരിഭാഗം ആളുകളും അവരുടെ ജീവിതത്തില്‍ നിന്നും ഒളിച്ചോടാന്‍ ശ്രമിക്കുകയാണ്: സ്വാര്‍ത്ഥതയിലേക്കും, ലൈംഗിക സുഖങ്ങളിലേക്കും, ലഹരിമരുന്നുകളിലേക്കും, അക്രമത്തിലേക്കും, അവിശ്വാസത്തിലേക്കുമാണ് ഇന്ന്‍ പലരും ഒളിച്ചോടുന്നത്. എന്നാല്‍, ഇന്ന് നിങ്ങളുടെ മുന്നില്‍ ഞാന്‍ പങ്ക് വെക്കുന്നത് ഈ ഒളിച്ചോട്ടത്തിന്റെ എതിര്‍സ്ഥാനമായ സ്നേഹത്തിന്റെ പക്ഷമാണ്.

വെറുപ്പും, അവഗണനയും സ്വാര്‍ത്ഥതയും ഈ ലോകത്തെ കീഴടക്കാന്‍ ഭീഷണിമുഴക്കുമ്പോള്‍, ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം വെളിപ്പെടുത്താനുള്ള ചുമതല സഭയ്ക്കും സഭയിലെ ഓരോ അംഗങ്ങള്‍ക്കുമുണ്ട്. ക്രിസ്തുവില്‍ നിന്നുള്ള സ്നേഹം നിങ്ങള്‍ ആത്മാര്‍ത്ഥമായി സ്വീകരിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തെ പൂര്‍ണ്ണമായും നവീകരിക്കാന്‍ കാരണമാകുമെന്ന് ഉറപ്പാണ്.

ക്രിസ്തു നല്കിയ സ്നേഹത്തിന്റെ സന്ദേശം എക്കാലത്തും പ്രധാനപ്പെട്ടതും പ്രസക്തവുമാണ്. ഇന്നത്തെ ലോകത്തില്‍ ശാസ്ത്രത്തേയും സാങ്കേതികവിജ്ഞാനത്തേയും മനുഷ്യന്‍ കീഴടക്കിയിട്ടുണ്ടെങ്കിലും, ഭൌതിക മേഖലകളില്‍ എത്ര നേട്ടങ്ങള്‍ കൊയ്തിട്ടുണ്ടെങ്കിലും സത്യത്തിനും സ്നേഹത്തിനും വേണ്ടി ജീവിതം മാറ്റിവെക്കാന്‍ മനുഷ്യന്‍ യത്നിക്കേണ്ടിയിരിക്കുന്നു. ക്രിസ്തുവില്‍ നിന്നും അവന്റെ ജീവിത രീതിയില്‍ നിന്നും അവിടുത്തെ സ്നേഹം തിരിച്ചറിയുക.

(വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, ബോസ്റ്റണ്‍, 1.10.79)

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രഭാഷണങ്ങളില്‍ നിന്നും പ്രബോധനങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത പ്രസക്ത ഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ധ്യാനചിന്തകള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും ധ്യാനചിന്തകള്‍ വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


Related Articles »