India - 2025

സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ ചാവറയച്ചനും സിഎംഐ സമൂഹവും: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി

12-05-2024 - Sunday

മാന്നാനം: സീറോ മലബാർ സഭയുടെ വളർച്ചയ്ക്കു പിന്നിൽ വിശുദ്ധ ചാവറയച്ചനും സിഎംഐ സന്യാസ സമൂഹവുമാണെന്ന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സിഎംഐ സന്യാസ സമൂഹത്തിന്റെ 193-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സീറോ മലബാർ സഭയോടൊപ്പം വളർന്ന സന്യാസ സമൂഹമാണ് സിഎംഐ.

ഇപ്പോൾ സീറോ മലബാർ സഭ ആഗോള സഭയായിരിക്കുന്നു. സിഎംഐ സന്യാസ സമൂഹത്തെ സീറോ മലബാർ സഭയോടു ചേർന്നേ കാണാൻ സാധിക്കുകയുള്ളു. 200-ാം വർഷത്തിലേക്ക് പ്രയാണം ചെയ്യുന്ന സന്യാസ സമൂഹത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനം, അജപാലന പ്രവർത്തനം, ആതുരസേവനം, സ്വയം വിശുദ്ധീകരണം എന്നീ സ്ഥാപിത ലക്ഷ്യങ്ങൾക്കായി വർധിത ഊർജത്തോടെ പ്രവർത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെയെന്ന് മാർ ജോർജ് ആലഞ്ചേരി ആശംസിച്ചു.

വിശുദ്ധ കുർബാനയിൽ സിഎംഐ പ്രിയോർ ജനറാൾ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ, വികാർ ജനറാൾ ഫാ. ജോസി താമരശേരി, തിരുവനന്തപുരം പ്രോവിൻഷ്യൽ ഫാ. ആൻ്റണി ഇളംതോട്ടം, കോട്ടയം പ്രോവിൻഷ്യൽ ഫാ. ഏബ്രഹാം വെട്ടിയാങ്കൽ എന്നിവരും നൂറ്റിയമ്പതോളം വൈദികരും സഹകാർമികരായി. കുടുംബത്തിന്റെയും യുവാക്കളുടെയും കുട്ടികളുടെയും വർഷ പ്രഖ്യാപനവും ലോഗോ പ്രകാശനവും പ്രിയോർ ജനറൽ റവ. ഡോ. തോമസ് ചാത്തംപറമ്പിൽ നിർവഹിച്ചു. മാന്നാനം സെന്റ് ജോസഫ്‌സ് ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി, വികാർ പ്രോവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ, പ്രോവിൻഷ്യൽ കൗൺസിലർ ഫാ. ജയിംസ് മുല്ലശേരി തുടങ്ങിയവർ നേതൃത്വം നൽകി.


Related Articles »