News - 2024

ഫ്രാൻസിസ് മാർപാപ്പ ബെൽജിയവും ലക്സംബർഗും സന്ദർശിക്കും

പ്രവാചകശബ്ദം 20-05-2024 - Monday

വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ 26 മുതൽ 29 വരെ ഫ്രാൻസിസ് മാർപാപ്പ ബെൽജിയവും ലക്സംബർഗും സന്ദർശിക്കുമെന്ന് വത്തിക്കാൻ. സെപ്തംബറിൽ പരിശുദ്ധ പിതാവ് നടത്തുന്ന പുതിയ അപ്പോസ്തോലിക യാത്രയെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിൻ്റെ പ്രസ് ഓഫീസ് ഡയറക്ടർ മാറ്റിയോ ബ്രൂണി ഇന്ന് മെയ് 20-ന് സ്ഥിരീകരിച്ചത്. ഇരു രാജ്യങ്ങളും സന്ദർശിക്കാനുള്ള അതാത് രാഷ്ട്രത്തലവന്മാരുടെയും സഭാ അധികാരികളുടെയും ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി ഇന്ന് രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വത്തിക്കാന്‍ വ്യക്തമാക്കി.

സെപ്റ്റംബർ 26 വ്യാഴാഴ്ച ലക്സംബർഗിൽ ഇറങ്ങുന്ന പാപ്പ 29 ഞായറാഴ്ച വരെയുള്ള സന്ദര്‍ശനത്തിനിടെ ബെൽജിയൻ നഗരങ്ങളായ ബ്രസ്സൽസ്, ല്യൂവൻ, ല്യൂവൻ ലാ ന്യൂവ് എന്നിവയും സന്ദർശിക്കും. 1425-ൽ സ്ഥാപിതമായ ല്യൂവൻ സർവ്വകലാശാലയുടെ 600-ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിശുദ്ധ പിതാവ് ഈ യാത്ര നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. ഫ്രാൻസിസ് പാപ്പ, പത്രോസിന്റെ പിൻഗാമിയെന്ന നിലയിൽ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്ര നടത്തുന്ന മാസം കൂടിയാണ് സെപ്തംബർ.

സെപ്തംബർ 2 മുതൽ 13 വരെ അദ്ദേഹം ഏഷ്യയിലെയും ഓഷ്യാനിയയിലെയും നാല് രാജ്യങ്ങൾ സന്ദർശിക്കും. സെപ്റ്റംബർ 2 മുതൽ 13 വരെ നടക്കുന്ന തീയതികള്‍ക്കിടെ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യ, ഈസ്റ്റ് ടിമൂർ, പാപ്പുവ ന്യൂഗിനിയ, സിംഗപ്പുർ എന്നീ നാലു രാജ്യങ്ങൾ സന്ദർശിക്കുമെന്നു വത്തിക്കാൻ അറിയിച്ചു. നീണ്ട യാത്രയ്ക്ക് ശേഷം വത്തിക്കാനില്‍ മടങ്ങിയെത്തുന്ന പാപ്പ 13 ദിവസങ്ങൾക്ക് ശേഷമാണ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീണ്ടും യാത്ര തിരിക്കുക.


Related Articles »