India - 2025
ദൈവദാസി മദർ മേരി ഫ്രാൻസിസ്‌ക ദ ഷന്താളിന്റെ 52-ാം ചരമ വാർഷികാചരണം 25ന്
പ്രവാചകശബ്ദം 22-05-2024 - Wednesday
അതിരമ്പുഴ: ആരാധനാ സന്യാസിനീ സമൂഹത്തിൻ്റെ സഹസ്ഥാപകയും പ്രഥമാംഗവുമായ ദൈവദാസി മദർ മേരി ഫ്രാൻസിസ്‌ക ദ ഷന്താളിൻ്റെ 52-ാം ചരമ വാർഷികാചരണം 25ന് അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ നടത്തും. ചരമ വാർഷികാചരണത്തിന് ഒരുക്കമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ ആരാധനാമഠം ചാപ്പലിൽ നാല്‍പ്പത് മണി ആരാധന നടത്തും. ശനിയാഴ്ച രാവിലെ 10ന് മഠം ചാപ്പലിൽ ഷന്താളമ്മയുടെ കബറിടത്തിങ്കൽ പ്രാർത്ഥനാ ശുശ്രൂഷ നടത്തും. 10.30ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
ചങ്ങനാശേരി അതിരൂപതാ വികാരി ജനറാളും ഷന്താളമ്മയുടെ നാമകരണ നടപടികളുടെ ബിഷപ്പ് ഡെലഗേറ്റുമായ റവ. ഡോ. വർഗീസ് താനമാവുങ്കൽ, പോസ്റ്റുലേറ്റർ റവ.ഡോ. ജോസഫ് കൊല്ലാറ, ഹിസ്റ്റോറിക്കൽ കമ്മീഷൻ ചെയർമാൻ റവ.ഡോ. തോമസ് കുഴിപ്പിൽ, പ്രൊമോട്ടർ ഓഫ് ജസ്റ്റീസ് റവ.ഡോ. ടോം പുത്തൻകളം, നോട്ടറി ഫാ. തോമസ് പ്ലാപ്പറമ്പിൽ, നിരണം മാർത്തോമ്മാ ശ്ലീഹ സെമിനാരി സ്പിരിച്വൽ ഫാദർ ജോർജ് വല്ലയിൽ എന്നിവർ സഹകാർമികത്വം വഹിക്കും. വിശുദ്ധ കുർബാനയെ തുടർന്ന് നേർച്ച ഭക്ഷണ വിതരണത്തോടെ ചരമ വാർഷികാചരണ പരിപാടികൾ സമാപിക്കും.
ഫൊറോന വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിൽ, പോസ്റ്റുലേറ്റർ റവ. ഡോ. ജോസഫ് കൊല്ലാറ, സുപ്പീരിയർ ജനറൽ മദർ റോസിലി ജോസ് ഒഴുകയിൽ എസ്എബിഎസ്, വൈസ് പോസ്റ്റുലേറ്റർമാരായ സിസ്റ്റർ തെക്ല എസ്എബിഎസ്, സിസ്റ്റർ എൽസ പൈകട എസ്എബിഎസ് തുടങ്ങിയവർ നേതൃത്വം നൽകും. നവീകരിച്ച ആരാധനാ മഠം ചാപ്പലിൻ്റെ കൂദാശാകർമം ഇന്നലെ ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഈ ചാപ്പലിലാണ് ദൈവദാസി ഷന്താളമ്മയുടെ കബറിടം. കൂദാശാ കർമത്തിനു ശേഷം ഫൊറോനാ വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.