India - 2025
സിഎംഐ സന്യാസ സമൂഹത്തിന്റെ മുൻ പ്രിയോർ ജനറല്‍ ഫാ. തോമസ് മാമ്പ്ര അന്തരിച്ചു
23-05-2024 - Thursday
ചങ്ങനാശേരി: സിഎംഐ സന്യാസ സമൂഹത്തിന്റെ മുൻ പ്രിയോർ ജനറലും തിരുവനന്തപുരം സെന്റ് ജോസഫസ് പ്രൊവിൻസിൻ്റെ മുൻ പ്രോവിൻഷ്യലും ചെത്തിപ്പുഴ സാൻജോ ഭവൻ അംഗവുമായിരുന്ന റവ. ഡോ. തോമസ് മാമ്പ്ര അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30ന് ചെത്തിപ്പുഴ തിരുഹൃദയ ആശ്രമ ദേവാലയത്തിൽ. ഭൗതികശരീരം ഇന്നു വൈകുന്നേരം 5.30ന് ചെത്തിപ്പുഴ ആശ്രമത്തിൽ പൊതുദർശനത്തിനു വയ്ക്കും.
1936 മേയ് 16ന് മാമ്പ്ര മാത്യു-അന്നമ്മ ദമ്പതികളുടെ മകനായി കൈനകരിയിലാണ് ജനനം. 1964 ഏപ്രിൽ ആറിന് പൗരോഹിത്യം സ്വീകരിച്ചു. ബംഗളൂരുവിലെ ധർമാരാം സെമിനാരി, പൂന കാർമൽ വിദ്യാഭവൻ എന്നിവിടങ്ങളിൽ റെക്ടർ, ബംഗളൂരു ക്രൈസ്റ്റ് കോളജ്, റോമിലെ അഞ്ചേലിക്കും, പാട്യാലയിലെ പഞ്ചാബി സർവകലാശാല തുടങ്ങിയ കലാലയങ്ങളിൽ അധ്യാപകനായിരുന്നു. മൂന്നു തവണ സിഎംഐ തിരുവനന്തപുരം സെൻ്റ് ജോസഫ്‌സ് പ്രവിശ്യയുടെ പ്രോവിൻഷ്യല്‍ അധ്യക്ഷനായിരുന്നു.
ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്നു തത്വശാസ്ത്രത്തിലും ബെൽജിയത്തിലെ ലുവൈൻ സർവ്വകലാശാലയിൽനിന്നു ദൈവശാസ്ത്ര ത്തിലും ഡോക്ടറേറ്റുകൾ നേടിയ റവ. ഫാ. തോമസ് മാമ്പ്ര നിരവധി ഗവേഷ ണ ലേഖനങ്ങളുടെയും അഞ്ച് പുസ്‌തകങ്ങളുടെയും രചയിതാവാണ്. സഹോദരങ്ങൾ: ചാക്കോച്ചൻ, ഏലിക്കുട്ടി, അച്ചാമ്മ, സിസ്റ്റർ ജെനവീവ്, ജോസു കുട്ടി, ജോണി, സിസ്റ്റർ ഹെർത്ത, സാലിമ്മ.