News - 2025

ജനാധിപത്യത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് ഫലം: കെസിബിസി

പ്രവാചകശബ്ദം 07-06-2024 - Friday

കൊച്ചി: ഇന്ത്യയുടെ മഹത്തായ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നുവെന്ന് കെസിബിസി. വർഗീയ ധ്രുവീകരണങ്ങൾക്കോ വെറുപ്പിന്റെ പ്രചാരണങ്ങൾക്കോ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരിൽ വേർതിരിവുണ്ടാക്കാൻ കഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണെന്നും പിഒസിയിൽ സമാപിച്ച കെസിബിസി വർഷകാല സമ്മേളനം വിലയിരുത്തി. പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച വരെ അഭിനന്ദിച്ച മെത്രാൻ സമിതി ജനങ്ങളോടുള്ള ഉത്തരവാദിത്വവും രാഷ്ട്രനിർമാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ പൊതുവികാരം ഉൾക്കൊണ്ടു രാജ്യത്തെ ഒന്നായി കാണാനും ഭരണഘടനയോട് വിധേയത്വം പുലർത്താനും രൂപീകൃതമാകുന്ന പുതിയ സർക്കാരിനു കഴിയണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

➤ കെസിബിസി സമ്മേളനത്തിലെ തീരുമാനങ്ങളുടെയും നിർദേശങ്ങളുടെയും സംക്ഷിപ്‌തരൂപം: ➤

മേജർ സുപ്പീരിയേഴ്‌സ്-മെത്രാൻ സമിതി യോഗം:

കേരള കത്തോലിക്കാസഭയിലെ വിവിധ സമർപ്പിത സന്യാസസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും മെത്രാൻ സമിതിയുടെയും സംയുക്തയോഗം ചേർന്നു. സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികൾ ചർച്ച ചെയ്തു. വിശ്വാസം സംരക്ഷിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് യോഗം വിലയിരുത്തി.

യുവജനവർഷം

യുവജനവർഷത്തിൽ ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തി. 'സഭയുടെ പ്രതീക്ഷ' യായ യുവജനങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ സമർപ്പണത്തെ സഭ വിലമതിക്കുന്നു. ആത്മീയപരിശീലനത്തിനുള്ള താത്പര്യവും വിശ്വാസത്തെ സംബന്ധിച്ച ആഴമേറിയ ബോധ്യം നേടാനുള്ള ഔത്സുക്യവും യുവജനങ്ങൾക്കുണ്ടെന്ന് മെത്രാൻസമിതി വിലയിരുത്തി. വൈദികരും യുവജനങ്ങളോട് അടുത്ത് ഇടപെടുന്ന സന്യസ്‌തരും യുവജനങ്ങളുടെ ആത്മീയ വളർച്ചയെയും സാമൂഹിക ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കണം.

അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളിക ളിൽ സഹായഹസ്‌തവുമായി മുന്നോട്ടുവരാൻ വൈദികർക്കും സന്ന്യസ്ത‌ർ ക്കും കഴിയണം. യുവജനവർഷാചരണം സഭയോടും സഭാപ്രവർത്തനങ്ങളോടും കൂടുതൽ ആഭിമുഖ്യവും താത്പര്യവും സ്നേഹവും യുവജനങ്ങളിൽ സൃ ഷ്‌ടിക്കാൻ സഹായകമാകണമെന്നും മെത്രാൻസമിതി വിലയിരുത്തി. എല്ലാ യുവജനസംഘടനകളെയും ഏകോപിപ്പിച്ച് യൂത്ത് കമ്മീഷൻ സിനഡാത്മക ശൈലിയിൽ പ്രവർത്തിക്കുന്നതിനെ മെത്രാൻ സമിതി അഭിനന്ദിച്ചു.

സഭാനവീകരണം മഹാജൂബിലി ആഘോഷം: ‍

കേരളസഭാനവീകരണത്തിൻ്റെ മൂന്നാംഘട്ടം മിഷൻ വർഷമായും മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷാചരണമായും നടത്തും. കേരളത്തിലെ 32 രൂപതക ളെയും അഞ്ചു മേഖലകളായി തിരിച്ച് ആഘോഷങ്ങൾ ക്രമപ്പെടുത്തും. മിഷൻ എക്സ്പോ, തീർഥാടനങ്ങൾ, പ്രതിനിധി സംഗമങ്ങൾ എന്നിവ സംഘടിപ്പി ക്കും. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം നിഖ്യാ സുനഹദോസ് ക്രോഡീകരിച്ചതിൻ്റെ 1600-ാം വാർഷികവും ഉചിതമായി ആചരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു.

സഭ നേരിടുന്ന വെല്ലുവിളികൾ

പ്രതിസന്ധികളിൽ അകപ്പെടുന്ന സഭാംഗങ്ങളെ സഹായിക്കാൻ സഭയിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ചും ഇടവകകൾക്കും സംഘടനകൾക്കും അതാതിടങ്ങളിൽ വേണ്ട ജാഗ്രതയോടെ ഇടപെടാൻ കഴിയണം. വൈദികരും സന്യസ്‌തരും അല്‌മായ നേതൃത്വങ്ങളും സംഘടനകളും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ സദാ സന്നദ്ധരായിരിക്കണം. അജപാലന- സാമൂഹിക വിഷയങ്ങളിൽ സഭാനേതൃത്വത്തെയും സഭാസംഘടനകളെയും നിരന്തരം അടിസ്ഥാനരഹിതമായി വിമർശിക്കുകയും തെറ്റിദ്ധാരണ പരത്തുക യും ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തു.

പരിസ്ഥിതി പരിപോഷണം: ഇടവകകളും സ്ഥാപനങ്ങളും കാർബൺ ന്യൂട്രൽ ആക്കുന്നതിന് ശ്രമങ്ങളു ണ്ടാകണം. മഹാജൂബിലി ആഘോഷം പരിസ്ഥിതി പരിപോഷണത്തിന് സഹായകമാകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം.

നിയമനങ്ങൾ: ‍

സാമൂഹിക ഐക്യ-ജാഗ്രതാ കമ്മീഷൻ ചെയർമാനായി മുവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസിനെ തെരഞ്ഞെടുത്തു. എസ് സി- എസ് ട‌ി- ബിസി കമ്മീഷൻ സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗം ഫാ. ജോസുകുട്ടി എടത്തിനകത്തെ നിയമിച്ചതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »