News - 2024
വിടവാങ്ങിയ മലാവി വൈസ് പ്രസിഡന്‍റ് കത്തോലിക്ക വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി
പ്രവാചകശബ്ദം 12-06-2024 - Wednesday
ലിലോംഗ്‌വേ: തെക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ മലാവിയില്‍ വിമാന അപകടത്തില്‍ മരിച്ച വൈസ് പ്രസിഡന്റ് സാലോസ് ഷിലിമ കത്തോലിക്ക വിശ്വാസത്തെ നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ ഭരണാധികാരി. തിങ്കളാഴ്‌ച സാലോസ് ഉള്‍പ്പെടെയുള്ള പത്ത് പേര്‍ അടങ്ങുന്ന സംഘം സഞ്ചരിച്ച വിമാനം റഡാറിൽ നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. രക്ഷാപ്രവർത്തകർ തകർന്ന വിമാനം കണ്ടെത്തിയെന്നും ആരും ജീവനോടെയില്ലെന്നും പ്രസിഡൻ്റ് ലസാറസ് ചക്വേര വൈകാതെ അറിയിക്കുകയായിരിന്നു.
"വിശ്വാസിയായ കത്തോലിക്കൻ" എന്നാണ് എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് മലാവി (ഇസിഎം) ജനറൽ സെക്രട്ടറി വലേരിയാനോ മിത്സെക മരണമടഞ്ഞ വൈസ് പ്രസിഡന്‍റിനെ വിശേഷിപ്പിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വളരെ ഭക്തിയുള്ള കത്തോലിക്ക വിശ്വാസിയായിരിന്നു അദ്ദേഹമെന്നും പറഞ്ഞു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ സാലോസ് ഷിലിമയുടെ ജീവിത പങ്കാളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കത്തോലിക്കര്‍ അറിവുള്ളവരായിരിക്കണമെന്നും, മറ്റുള്ളവരുടെ പ്രത്യേകിച്ച് ഇതരസഭകളില്‍ നിന്നുമുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ എപ്പോഴും തയ്യാറായിരിക്കണമെന്നും മരണമടഞ്ഞ വൈസ് പ്രസിഡന്‍റ് തുറന്നുപറഞ്ഞിട്ടുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും പ്രമാണങ്ങളേയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വിശുദ്ധ ലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരങ്ങള്‍ നല്‍കുന്ന ചോദ്യോത്തര ബൈബിള്‍ മലാവി സഭാനേതൃത്വം പുറത്തിറക്കിയപ്പോള്‍ സാലോസ് ഷിലിമയായിരിന്നു ഇതിന്റെ അംബാസിഡര്‍. 2018 ലെ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 77.3% ക്രിസ്ത്യാനികളാണ്. മൊത്തം ജനസംഖ്യയുടെ 17.2% ആണ് കത്തോലിക്ക വിശ്വാസികള്‍.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟