News - 2025
മേജർ ആര്‍ച്ച് ബിഷപ്പിന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിക്കുന്നു
പ്രവാചകശബ്ദം 12-06-2024 - Wednesday
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റർഹെഡ്ഡിൽ മേജർ ആർച്ചു ബിഷപ്പിൻ്റെ ഒപ്പോടുകൂടി വ്യാജ സര്‍ക്കുലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സർക്കുലർ 5/2024, dated 15 June 2024 എന്ന ഉള്ളടക്കത്തോടെയാണ് വ്യാജ പ്രചരണം നടക്കുന്നത്. ജൂലൈ 3 മുതൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങളാണ് സർക്കുലറിൻ്റെ ഉള്ളടക്കം.
ഇത്തരമൊരു സർക്കുലർ മേജർ ആർച്ചുബിഷപ്പ് നൽകിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിൻ്റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ വിശ്വാസി സമൂഹം ജാഗ്രത പുലർത്തണമെന്നും ഇത്തരം തെറ്റായ കാര്യങ്ങൾ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും സീറോ മലബാര്‍ സഭാനേതൃത്വം പ്രസ്താവിച്ചു.
സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം ഇക്കഴിഞ്ഞ ദിവസം അറിയിച്ചിരിന്നു. ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ സൂചിപ്പിച്ചിരിന്നു.