News
രക്തസാക്ഷിയായ പോളിഷ് വൈദികനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി
പ്രവാചകശബ്ദം 15-06-2024 - Saturday
ക്രാക്കോവ്: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോളണ്ടില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വൈദികനായ മിഹാവു റപാത്സിനെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്തി. ഇന്നു ജൂൺ 15 ശനിയാഴ്ച പോളണ്ടിലെ ക്രാക്കോവിൽ, ലഗേവ്നിക്കി ദൈവ കരുണയുടെ ദേവാലയത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോ മുഖ്യകാര്‍മ്മികനായി.
1904 സെപ്റ്റംബർ 14-ന് പോളണ്ടിലെ ക്രക്കോവ് നഗരത്തിലുള്ള ടെൻഷ്യൻ എന്ന സ്ഥലത്തായിരിന്നു മിഹാവുവിന്റെ ജനനം. 1926-ൽ ക്രാക്കോവിലെ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1931 ഫെബ്രുവരി 1-ന് പൗരോഹിത്യം സ്വീകരിച്ചു. പോവ്ക്കിയിലെ ഇടവകയിൽ സഹവികാരിയായി അജപാലന ദൗത്യത്തിനും തുടക്കമിട്ട റപാത്സ് രണ്ടുവർഷത്തിനു ശേഷം റയിത്സ എന്ന സ്ഥലത്ത് സേവനത്തിനായി നിയുക്തനായി. 1937-ൽ പോവ്ക്കിയിലെ ഇടവകയുടെ ചുമതലയുമായി അവിടെ തിരിച്ചെത്തി. എന്നാൽ 1939-ൽ ജർമ്മൻ ആധിപത്യവേളയിൽ അജപാലനപ്രവർത്തനങ്ങൾ അദ്ദേഹത്തിന് പരിമിതമാക്കേണ്ട സാഹചര്യമുണ്ടായി.
യുദ്ധാനന്തരം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൻ കീഴിലായ പോളണ്ടിൽ ഭരണ നേതൃത്വം വിശ്വാസത്തിനെതിരെ തിരിഞ്ഞു. കത്തോലിക്കാ സഭയ്ക്കെതിരെയായിരിന്നു പോളിഷ് ഭരണകൂടത്തിന്റെ പോരാട്ടം. 1946 മെയ് 11-ന് ഇരുപതോളം പേരടങ്ങിയ ഒരു സായുധ സംഘം പോവ്ക്കിയിലെ വൈദിക മന്ദിരത്തിലെത്തി. മൈക്കിൾ റപാത്സിനെ വനത്തിലേക്കാണ് പിടിച്ചുകൊണ്ടു പോയത്. വൈകാതെ നാല്‍പ്പത്തിയൊന്നുകാരനായ വൈദികനു നേരെ കമ്മ്യൂണിസ്റ്റ് അധികാരികൾ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരിന്നു.
അടുത്ത ദിവസം എതാനും കർഷകരാണ് നവവാഴ്ത്തപ്പെട്ട റപാത്സിൻറെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ജനുവരി 24ന് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം അംഗീകരിച്ചിരിന്നു. മെത്രാന്‍മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരത്തിയെണ്ണൂറോളം പേര്‍ ഇന്നത്തെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
