India - 2024

സാത്താന്‍ സേവ വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ

സ്വന്തം ലേഖകന്‍ 24-08-2016 - Wednesday

താമരശ്ശേരി: സമ്പത്തും പ്രശസ്തിയും നേടാൻ ദൈവത്തെ അവഹേളിച്ച് സാത്താനെ പൂജിച്ചാൽ മതിയെന്ന് പ്രചരിപ്പിക്കുന്ന സാത്താൻ സേവക്കാര്‍ വര്‍ധിക്കുന്ന ഈ കാലഘട്ടത്തില്‍ വിശ്വാസികള്‍ കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് താമരശ്ശേരി രൂപതാ അദ്ധ്യക്ഷന്‍ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കഴിഞ്ഞ ദിവസം 'സണ്‍ഡേ ശാലോമില്‍ ഏഴുതിയ ലേഖനത്തിലാണ് സാത്താന്‍ സേവക്കാര്‍ക്കു എതിരെ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്‍ ബിഷപ്പ് ഓര്‍മ്മിപ്പിച്ചത്. "അതിവേഗം സമ്പത്തും പ്രശസ്തിയും ഉണ്ടാകും എന്ന മിഥ്യാധാരണ സൃഷ്ടിച്ച് യുവജനങ്ങളെയും ബിസിനസുകാരെയും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും സാത്താൻ സേവക്കാർ സജീവമായ സാഹചര്യത്തില്‍ തികഞ്ഞ അരാജകത്വത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ കൂട്ടിക്കൊണ്ടു പോകുക". ലേഖനത്തില്‍ പറയുന്നു.

ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം

"വീണ്ടും, പിശാച് വളരെ ഉയർന്ന ഒരു മലയിലേക്ക് അവനെ കൂട്ടിക്കൊണ്ടു പോയി, ലോകത്തിലെ എല്ലാ രാജ്യങ്ങളും അവയുടെ മഹത്വവും അവനെ കാണിച്ചുകൊണ്ട്, അവനോട് പറഞ്ഞു: നീ സാഷ്ടാംഗം പ്രണമിച്ച് എന്നെ ആരാധിച്ചാൽ ഇവയെല്ലാം നിനക്കു ഞാൻ നൽകും" (മത്തായി 4:8).

സമ്പത്തും പ്രശസ്തിയും നേടാൻ ദൈവത്തെ അവഹേളിച്ച് സാത്താനെ പൂജിച്ചാൽ മതിയെന്ന് പ്രചരിപ്പിക്കുന്ന സാത്താൻ സേവക്കാർ തങ്ങളുടെ ആശയത്തിന് ബലമേകാൻ സൗകര്യപൂർവ്വം ഉപയോഗപ്പെടുത്തുന്ന ദൈവവചനമാണ് മുകളിൽ കൊടുത്തിരിക്കുന്നത്. എന്നാൽ തന്നെ പരീക്ഷിക്കാനെത്തിയ സാത്താനെ ശകാരിച്ചുകൊണ്ട് യേശു പറയുന്നത് ഇങ്ങനെയാണ്: "യേശു കൽപ്പിച്ചു: സാത്താനേ ദൂരെ പോവുക; എന്തെന്നാൽ, നിന്റെ ദൈവമായ കർത്താവിനെ ആരാധിക്കണം; അവിടുത്തെ മാത്രമേ പൂജിക്കാവു എന്ന് എഴുതപ്പെട്ടിരിക്കുന്നു. അപ്പോൾ പിശാച് അവനെ വിട്ടുപോയി. ദൈവദൂതന്മാർ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു" (മത്തായി 4:10-11).

ഈ ദൈവവചനം നമ്മൾ ആവർത്തിച്ച് വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട കാലമാണിത്. കാരണം നമ്മുടെ കൊച്ചു കേരളത്തിലും സാത്താൻ സേവക്കാർ പിടിമുറുക്കിയിരിക്കുന്നു. അതിവേഗം സമ്പത്തും പ്രശസ്തിയും ഉണ്ടാകും എന്ന മിഥ്യാധാരണ സൃഷ്ടിച്ച് യുവജനങ്ങളെയും ബിസിനസുകാരെയും ലക്ഷ്യമാക്കി കേരളത്തിലെ എല്ലാ ജില്ലകളിലും സാത്താൻ സേവക്കാർ സജീവമാകുകയാണെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നു. പത്രമാധ്യമങ്ങളിലൂടെ അറിയുന്നതും മറ്റൊന്നല്ല. തികഞ്ഞ അരാജകത്വത്തിലേക്കും തുടർന്ന് ആത്മഹത്യയിലേക്കുമാണ് ഇത്തരം പ്രസ്ഥാനങ്ങൾ കൂട്ടിക്കൊണ്ടു പോകുകയെന്ന് വ്യക്തമാണ്.

ഗോവ, മുബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തിലേക്ക് കടന്നതും വളർന്നതും വളരെ പെട്ടെന്നായിരുന്നു. ആലപ്പുഴ രൂപതയുടെ കീഴിലുള്ള വെള്ളാപ്പള്ളി സെന്റ് ഫ്രാൻസീസ് അസ്സീസി പള്ളിയിൽ നിന്ന് തിരുവോസ്തി മോഷണം പോയത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. പിന്നീട് കൊച്ചിയിലും കേരളത്തിലെ മറ്റ് ജില്ലകളിലും സമാനമായ കേസുകൾ വാർത്തയാവുകയുണ്ടായി.

കൂട്ടംചേർന്ന് ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ ഇടയിൽ സാത്താൻസേവ പ്രചരിപ്പിച്ച് അവരെ പ്രസ്ഥാനത്തിന്റെ വക്താക്കളാക്കി മാറ്റുകയാണ് ഇതിന് നേതൃത്വം നൽകുന്നവർ ചെയ്യുന്നത്. ടൂറിസത്തിന്റെ മറപറ്റിയും കേരളമണ്ണിൽ സാത്താൻ ഭക്തർ വേരുറപ്പിക്കുന്നുണ്ട്. കൊച്ചിയിലും മറ്റും വൻകിട ഫ്‌ളാറ്റുകൾ വാടകയ്‌ക്കെടുത്ത് സാത്താൻ പൂജയും ആഭിചാര കർമ്മങ്ങളും നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഇവയ്ക്ക് നേതൃത്വം നൽകിയിരുന്നത് വിനോദ സഞ്ചാരത്തിനായി ഇവിടെയെത്തിയ ചില വിദേശികളായിരുന്നു.

വൻകിട ബിസിനസുകാർവരെ ഇത്തരക്കാരുടെ കളിപ്പാവകളാകുന്ന കാഴ്ചയും കാണാൻ സാധിക്കും. കോഴിക്കോട് വെസ്റ്റ് ഹിൽ, വയനാട് കൽപ്പറ്റ എന്നിവിടങ്ങളിൽ സാത്താൻ സേവയ്ക്ക് നേതൃത്വം നൽകിയത് ചില പ്രമുഖ ബിസിനസ്സുകാർ ആയിരുന്നുവെന്ന് ഒരു പത്രവാർത്തയുണ്ടായിരുന്നു. ഈ മേഖലകളിൽ സാത്താൻ സഭയുടെ ഉപവിഭാഗങ്ങളിലൊന്നായ ഫ്രീമേസൺ ക്ലബുകൾ സജീവമാണെന്നും സമൂഹത്തിന്റെ ഉന്നതനിലകളിലുള്ളവർ ഈ ക്ലബ് നേതൃത്വം നൽകുന്ന ആരാധനകളിൽ മുടങ്ങാതെ പങ്കെടുക്കുന്നുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ട്.

സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നവർ ഇത്തരക്കാരുടെ അടിമകളാകുന്നത് ഗൗരവത്തോടെ വേണം കാണാൻ. ദിവസവും വിശുദ്ധ കുർബാന കാണുന്ന വിശ്വാസികൾ പോലും ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീണുപോകുന്നു. യേശുവിന്റെ യഥാർത്ഥമായ സാന്നിധ്യമുള്ള തിരുവോസ്തി ലഭിക്കുന്നതിനായി എന്തു ചെയ്യാനും സാത്താൻ സേവക്കാർക്ക് മടിയില്ല. അന്യ സംസ്ഥാനങ്ങളിൽ പഠനത്തിനായി പോകുന്ന കത്തോലിക്ക വിശ്വാസികളുടെ മക്കളെ ഇത്തരം പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നുണ്ട്.

”നിങ്ങൾ മന്ത്രവാദികളെയും ശകുനക്കാരെയും സമീപിച്ച് അശുദ്ധരാകരുത്. ഞാനാണ് നിങ്ങളുടെ ദൈവമായ കർത്താവ്” (ലേവ്യർ 19:13). വചനം വ്യക്തമാണ്. നമ്മുടെ മക്കൾ വിശ്വാസത്തിൽ നിന്ന് വഴുതി പോകുന്നുണ്ടെങ്കിൽ, നമ്മുടെ വിശ്വാസത്തിന് വരൾച്ച സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. അതിവേഗ ധനസമ്പാദനത്തിനായി സാത്താനെ സേവിച്ച് എത്തിച്ചേരുക പാപത്തിന്റെ പടുകുഴിയിലും പിന്നെ മരണത്തിന്റെ കറുപ്പിലേക്കുമായിരിക്കുമെന്ന് മറക്കരുത്.

വിശ്വാസത്തിൽ അടിയുറയ്ക്കുവാനും വരുംതലമുറ വിനാശത്തിന്റെ പാതയിലേക്ക് ആകൃഷ്ടരാകാതെയുമിരിക്കാൻ സന്ധ്യാപ്രർത്ഥനകൾ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ചൊല്ലണം. വിശ്വാസത്തിന്റെ ദീപം കുട്ടികളിൽ ജ്വലിപ്പിക്കാൻ മാതാപിതാക്കൾ മുൻ കയ്യെടുക്കണം. പഠനത്തിനും ജോലി ആവശ്യങ്ങൾക്കുമായി അന്യസംസ്ഥാനങ്ങളിലായിരിക്കുന്ന മക്കളുടെ സുഖവിവരം അന്വേഷിക്കുന്നതിനൊപ്പം അവരുടെ വിശ്വാസപരമായ കാര്യങ്ങളും മാതാപിതാക്കൾ ശ്രദ്ധിക്കണം. അന്ധമായ അനുകരണങ്ങളിൽ അകപ്പെടാതിരിക്കുവാൻ അവരെ ബോധവൽക്കരിക്കാൻ മാതാപിതാക്കൾക്ക് കഴിയണം.

** നിങ്ങളുടെ സുഹൃത്തുക്കളോ മക്കളോ പരിചയത്തിലുള്ള മറ്റാരെങ്കിലുമോ ഇത്തരം പ്രസ്ഥാനങ്ങളിൽ അംഗമാവുകയോ അവയുടെ വക്താക്കളാകുകയോ ചെയ്യുന്നതായി അറിവു ലഭിച്ചാൽ ഉടൻ തന്നെ ഇടവക വൈദികരെ വിവരം ധരിപ്പിക്കണം.

** വിശുദ്ധ കുർബാന നാവിൽതന്നെ കൊടുക്കുവാൻ വൈദികർ ശ്രദ്ധിക്കണം.

** വിശുദ്ധ കുർബാന സ്വീകരണത്തിനണയുമ്പോൾ അസാധാരണമായ പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാൽ അവരെ പ്രത്യേകമായി ശ്രദ്ധിക്കണം.

അങ്ങനെ നമ്മളാൽ കഴിയുംവിധം പരിശുദ്ധ കുർബാനയോടുള്ള അവഹേളനത്തെ ഇല്ലാതാക്കാൻ നമുക്കു പരിശ്രമിക്കാം. കൂട്ടംവിട്ടു പോകുന്ന കുഞ്ഞാടുകളെ ആട്ടിൻകൂട്ടത്തിന്റെ സുരക്ഷിതത്വത്തിൽ തിരികെ എത്തിക്കാനുള്ള ഇടയധർമ്മം നമുക്കെല്ലാവർക്കുമുണ്ട് എന്ന് ഓർമിച്ച് പ്രാർത്ഥനാപൂർവ്വം ജാഗ്രതയുള്ളവരായിരിക്കാം.

സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നത്

ചെകുത്താൻ, പിശാച് എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന നിന്മയുടെ ശക്തി, മാലാഖമാരെപ്പോലെ അശരീരികളാണ്. ദൈവം സൃഷ്ടിച്ചപ്പോൾ അവർ നിഷ്‌കളങ്കരായിരുന്നെങ്കിലും ദൈവത്തോട് അവിശ്വസ്തത കാണിച്ചതിന്റെ ഫലമായി അവർ നരകത്തിൽ തള്ളപ്പെട്ടു. ദൈവം മാലാഖമാരായി സൃഷ്ടിച്ചവർ തിന്മയുടെ ശക്തികളായി മാറി. ഇത് ആദിമ മനുഷ്യന്റെ അധഃപതനത്തിനുമുമ്പാണ്. ”പിശാചിന്റെ അസൂയ നിമിത്തം മരണം ലോകത്തിൽ പ്രവേശിച്ചു. അവന്റെ പക്ഷക്കാർ അതനുഭവിക്കുന്നു” (ജ്ഞാനം 2:24).

അവിശ്വസ്തത കാണിച്ച മാലാഖമാർ എങ്ങനെ സ്വർഗ്ഗത്തിൽ നിന്ന് പുറന്തള്ളപ്പെട്ടു എന്നത് വെളിപാടിന്റെ പുസ്തകത്തിൽ വായിക്കുന്നുണ്ട്. ”അനന്തരം സ്വർഗ്ഗത്തിൽ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്റെ ദൂതന്മാരും സർപ്പത്തോടു പോരാടി. സർപ്പവും അവന്റെ ദൂതന്മാരും എതിർത്തു യുദ്ധംചെയ്തു. എന്നാൽ അവർ പരാജിതരായി. അതോടെ, സ്വർഗ്ഗത്തിൽ അവർക്ക് ഇടമില്ലാതായി. ആ വലിയ സർപ്പം, സർവ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതന സർപ്പം, ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു – അവനോടുകൂടി അവന്റെ ദൂതന്മാരും” (വെളി. 12: 7-9). ഇതിനുശേഷം പിശാച് ഒരിക്കലും അടങ്ങിയിരിക്കുന്നില്ല.

അവന്റെ ഏകലക്ഷ്യം മനുഷ്യനെ തിന്മയുടെ സ്വാധീനത്തിലാക്കുക എന്നതു മാത്രമാണ്. വി. പത്രോസ് തന്റെ ലേഖനത്തിൽ ശക്തമായ മുന്നറിയിപ്പ് വിശ്വാസികൾക്കു നൽകുന്നുണ്ട്. ”നിങ്ങൾ സമചിത്തതയോടെ ഉണർന്നിരിക്കുവിൻ. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് അവനെ എതിർക്കുവിൻ” (1 പത്രോ. 5:8-9). വി. പൗലോസ് ശ്ലീഹാ തിന്മയോടുള്ള സന്ധിയില്ലാസമരത്തിന് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു: ”അവസാനമായി കർത്താവിലും അവിടുത്തെ ശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിൻ. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിർത്തുനില്ക്കാൻ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിൻ. എന്തെന്നാൽ, നമ്മൾ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങൾക്കും ആധിപത്യങ്ങൾക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാർക്കും സ്വർഗ്ഗീയ ഇടങ്ങളിൽ വർത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കൾക്കുമെതിരായിട്ടാണ് പടവെട്ടുന്നത്” (എഫേ: 6:10-12).

തുടക്കം യൂറോപ്പിൽ

17-18 നൂറ്റാണ്ടിൽ, യൂറോപ്യൻ നവോത്ഥാന കാലത്താണ് സാത്താനെ വീരപുരുഷനായി ചിത്രീകരിക്കുന്ന കലാസൃഷ്ടികൾക്ക് പ്രചാരം ലഭിക്കുന്നത്. പറുദീസയിൽ നിന്ന് പുറത്താക്കപ്പെട്ട മാലാഖയുടെ അസ്തിത്വം സമർത്ഥിക്കുന്നവയായിരുന്നു അവ. അനുയായികൾ എണ്ണത്തിൽ വളരെ കുറവായിരുന്നെങ്കിലും സാത്താനിസത്തിന് പുതിയ മാനങ്ങളുണ്ടായത് അക്കാലത്താണ്.

1960 കളോടെ സാത്താനിസത്തിന് ഒരു പൊതു സ്വഭാവം കൈവന്നു. അക്കാലങ്ങളിൽ പുറത്തിറങ്ങിയ ചില സംഗീത ആൽബങ്ങളിലൂടെ പൊതുജന മധ്യത്തിലേക്ക് സാത്താൻ സേവക്കാർ കടന്നു കയറി. പ്രസ്തുത ആൽബങ്ങൾ വിവാദമായതോടെ വിപണിയിൽ നിന്നും മാറ്റപ്പെട്ടെങ്കിലും അവയിലൂടെ കൊരുത്തുവിട്ട സന്ദേശങ്ങൾ പലരെയും ആകർഷിച്ചു. ഇന്നും ചില പാശ്ചാത്യ സംഗീത ബാൻഡുകൾ തങ്ങളുടെ ആൽബങ്ങളിൽ സാത്താൻ സേവയ്ക്ക് (ബ്ലാക്ക് മാസ്) ഉപയോഗിക്കുന്ന പദങ്ങളും സംഗീതവും സമന്വയിപ്പിക്കാറുണ്ട്.

സാത്താൻ സഭയിൽ രണ്ട് വിഭാഗങ്ങളുണ്ട്. ഒന്ന് – യാഥാസ്ഥിതിക സാത്താനിസം. സാത്താനെ ദൈവമായി കണ്ട് ആരാധിക്കുന്നവരാണിവർ. മായാജാലത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇവർ പലവിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ സംഘടിപ്പിക്കുന്നു.

ലൂസിഫറേയ്‌നിസം, പല്ലാഡിസ്, ഉദാരതയുള്ള സാത്താനിസം, പ്രതീകാത്മക സാത്താനിസം എന്നിവയാണ് ഇതിന്റെ ഉപവിഭാഗങ്ങൾ. രണ്ട്- നിരീശ്വരവാദികൾ. ഇവർ സാത്താനെ സങ്കൽപ്പിക്കുന്നത് മനുഷ്യഗുണങ്ങളുള്ള ഒരു അടയാളം മാത്രമായാണ്. വിവിധ മതവിഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പ് ഉയർന്നിട്ടും യൂറോപ്പിലും അമേരിക്കയിലും സാത്താൻ ഗ്രൂപ്പുകാരോട് സഹിഷ്ണുത കൂടിവരുന്നതായി കാണുന്നു. എന്നാൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ ജനങ്ങൾ വിവേകത്തോടെ സാത്താൻ ഗ്രൂപ്പുകാരെ അകറ്റി നിർത്താൻ ശ്രമിക്കുന്നുണ്ട്. ആഗോളവൽക്കരണവും ഇന്റർനെറ്റ് സൗകര്യങ്ങൾ വർദ്ധിച്ചതുമാണ് യൂറോപ്പിൽ രൂപംകൊണ്ട ‘സാത്താൻസേവ’ പ്രസ്ഥാനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കാൻ സഹായകമായത്.

വിചിത്രമായ കർമ്മങ്ങൾ

മനംപുരട്ടലുണ്ടാക്കുന്ന വിചിത്രമായ കർമ്മങ്ങളാണ് സാത്താൻ സേവക്കാർ നടത്തുന്നത്. വിശുദ്ധ ബൈബിളും കൂദാശചെയ്ത തിരുവോസ്തിയും വിവിധ രീതിയിൽ അധിഷേപിക്കുന്നതാണ് ഇവരുടെ ആരാധന. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ പെരുകുന്നതിനുവേണ്ടിയാണ് ഇവരുടെ പ്രാർത്ഥന. 13, 666 എന്നിവയാണ് ഇത്തരക്കാരുടെ ഭാഗ്യനമ്പറുകൾ. ജപമാല പൊട്ടിച്ച് കൈകളിൽ അണിയുക, ജപമാലയിൽ കുരിശ് തലകീഴായി ഘടിപ്പിക്കുക, പ്രത്യേക രീതിയിലുള്ള ഹസ്തദാനം, വസ്ത്രധാരണത്തിലെ പ്രത്യേകത എന്നിവയും ഇത്തരക്കാരുടെ പ്രത്യേകതകളാണ്. അർത്ഥം അറിയാതെയാണെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ ഒരു ഫാഷനായി ഇത്തരം കാര്യങ്ങൾ ചെയ്തു കാണാറുണ്ട്. നമ്മൾ പൂജ്യമായി കരുതുന്ന വസ്തുക്കളെ കുട്ടികൾ വികലമായി അനുകരിക്കുന്നത് തടയാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം.

ഫ്രീമേസൺ ക്ലബ്ബുകൾ

സാത്താൻ ആരാധന പ്രോത്സാഹിപ്പിക്കുന്ന സംഘടനകളുടെ ഒരു ഉപവിഭാഗമാണ് ഫ്രീമേസൺ ക്ലബ്ബുകൾ. നമ്മുടെ നാട്ടിൽ ഈ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് എന്നത് ഏവർക്കും അറിയാവുന്നതാണ്. ഈ ക്ലബ്ബുകളുടെ തുടക്കത്തിൽ ഇവയുടെ സാമൂഹികവും തത്വശാസ്ത്രപരവുമായ ആകർഷണവലയത്തിൽ സഭയുടെ വിവിധ തലങ്ങളിൽപ്പെട്ടവർപോലും കുടുങ്ങാനിടയായിട്ടുണ്ട്. എന്നാൽ ക്രമേണ ഇവയുടെ പ്രവർത്തനങ്ങളെ പരിശോധിച്ച സഭാനേതൃത്വം ഇവയിൽ നിന്ന് സൈദ്ധാന്തികമായും പ്രായോഗികമായും അകലുകയുണ്ടായി.

1884 ൽ ലെയോ പതിമൂന്നാമൻ മാർപാപ്പ ‘ഹുമാനും ജെനുസ്’ എന്ന ചാക്രിക ലേഖനത്തിൽ ഫ്രീമേസൺ ക്ലബ്ബുകളുടെ തത്വശാസ്ത്രവും ധാർമ്മികതയും കത്തോലിക്കാസഭയ്ക്ക് എതിരാണ് എന്ന് പഠിപ്പിച്ചു. 1892-ൽ ഇറ്റാലിയൻ ജനതയ്ക്കു എഴുതിയ ഒരു കത്തിൽ അദ്ദേഹം നയം വ്യക്തമാക്കി: ”കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺ തത്വസംഹിതയും പരസ്പരം ചേർന്നുപോകുന്നതല്ല. അതിനാൽ ഒന്നിലെ അംഗത്വം മറ്റൊന്നിൽ നിന്നുള്ള അകൽച്ചയാണ്”. പിന്നീട് ഈ സംഘടനകൾ തങ്ങളുടെ ആകർഷകമായ പ്രവർത്തനശൈലികൊണ്ട് (മാസോണിക് ലോഡ്ജുകൾ) കത്തോലിക്കാസഭയ്ക്ക് എതിരല്ല, മറിച്ച് അനുകൂല സംഘടനകളാണെന്ന് സ്ഥാപിക്കാൻ കത്തോലിക്കാസഭയിലെ പ്രമുഖരെത്തന്നെ കൂട്ടുപിടിക്കുകയുണ്ടായി.

ഇത്തരം കൂട്ടുകെട്ടിനെ റോമിലെ വിശ്വാസ തിരുസംഘം വളരെ ഗൗരവത്തോടെ വിലയിരുത്തുകയും അതിന്റെ ഫലമായി 1983 നവംബർ 26-ന് മാസോണിക്ക് അസോസിയേഷനുകളെക്കുറിച്ച് ഔദ്യോഗികമായ പ്രസ്താവന (AAS 76 (1984), 300) പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. പിന്നീട് മാർപാപ്പയായിത്തീർന്ന കർദിനാൾ ജോസഫ് റാറ്റ്‌സിംഗറാണ് മാർപാപ്പയ്ക്കുവേണ്ടി ഈ പ്രസ്താവനയിൽ ഒപ്പുവച്ചത്.

വിശ്വാസതിരുസംഘത്തിന്റെ ഈ രേഖയിൽ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം മാസോണിക്ക് സംഘടനകളും കത്തോലിക്കാവിശ്വാസവും തമ്മിലുള്ള അപരിഹൃതമായ പൊരുത്തക്കേടുകളെ എടുത്തുപറഞ്ഞുകൊണ്ട് ഈ സംഘടനകളിൽ വിശ്വാസികൾ അംഗമാകുന്നത് നിരോധിക്കുകയും, ഇത്തരം സംഘടനയിൽ അംഗങ്ങളായവർ പാപാവസ്ഥയിലാണ് (state of sin) ജീവിക്കുന്നതെന്നും അതിനാൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ പാടില്ലെന്നും കർദ്ദിനാൾ റാറ്റ്‌സിംഗർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നും സഭയുടെ ഔദ്യോഗികമായ നിലപാട് ഇതുതന്നെയാണ് എന്നത് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം മാസോണിക്ക് ഗ്രൂപ്പുകൾക്കുവേണ്ടി തിരുവോസ്തി ദേവാലയത്തിൽ നിന്ന് മോഷ്ടിക്കുകയും അങ്ങനെ ദൈവികസാന്നിധ്യത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നവർക്ക് സഭയിൽ നിന്നു പുറത്താക്കുന്ന മഹറോൻ ശിക്ഷയുൾപ്പെടെ നൽകണമെന്ന് സഭയുടെ നിയമം വ്യക്തമാക്കുന്നുണ്ട് (CCEO c. 1442, CIC c. 1367). മാസോണിക്ക് സംഘടനകളിൽ അംഗങ്ങളായിരിക്കുന്നവരും അവർക്കുവേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുന്നവരും സഭയുടെ നിലപാട് അറിഞ്ഞിരിക്കേണ്ടതാണ്. തങ്ങൾ ചെയ്യുന്ന ഗുരുതരമായ തെറ്റുകളിൽ നിന്ന് പിന്തിരിയാൻ യഥാർത്ഥമായ അറിവ് സഹായിക്കും.

കടപ്പാട്: സണ്‍ഡേ ശാലോം

#SaveFrTom

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക