News - 2025
ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യ; സ്റ്റാറ്റിസ്റ്റയുടെ പഠനഫലം പുറത്ത്
പ്രവാചകശബ്ദം 21-06-2024 - Friday
ഹാംബര്‍ഗ്: 2024-ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യയാണെന്നു ഡാറ്റ ശേഖരണത്തിലും ദൃശ്യവൽക്കരണത്തിലും വൈദഗ്ദ്ധ്യമുള്ള ജർമ്മൻ ഓൺലൈൻ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ. 7 കോടി എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം പിഞ്ചെല്ലുന്നത്.
പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസമാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി. എത്യോപ്യയെ കൂടാതെ ആകെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാംബിയയിലെ ജനസംഖ്യയുടെ 96 ശതമാനവും ക്രൈസ്തവരാണെന്നും ഇത് ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന ശതമാനത്തെ പ്രതിനിധീകരിക്കുകയാണെന്നും ഗവേഷക ഏജന്‍സി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
സീഷെൽസ്, റുവാണ്ട എന്നീ രാജ്യങ്ങളില്‍ യഥാക്രമം 95 ശതമാനവും 94 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. ഈ രാജ്യങ്ങൾ ഏറ്റവും ഉയർന്ന ശതമാനം അവതരിപ്പിക്കുമ്പോൾ തന്നെ മറ്റ് പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസം പ്രബലമാണെന്ന് സംഘടന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു.
2020-ൽ, സബ്-സഹാറൻ ആഫ്രിക്കൻ ജനസംഖ്യയുടെ ഏകദേശം 60 ശതമാനവും ക്രിസ്ത്യാനികളായിരുന്നു. ഈ മേഖലയിൽ ഏകദേശം 650 ദശലക്ഷം ക്രിസ്ത്യാനികളാണുള്ളത്. 2050 ആകുമ്പോഴേക്കും ഒരു ബില്യണിലധികം ക്രിസ്ത്യാനികൾ വർദ്ധിക്കുമെന്നാണ് ഇവരുടെ പ്രവചനം.
Find more statistics at Statista
വടക്കേ ആഫ്രിക്കയിലാണ് ഇസ്ലാം ഏറ്റവും പ്രബലമായത്. അൾജീരിയയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ഇസ്ലാം മതസ്ഥരാണ്. മൊറോക്കോ, ടുണീഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും ഇസ്ലാം പ്രബലമാണ്. സബ്-സഹാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ, യൂറോപ്പ് എന്നിവ ഓരോന്നും ആഗോള ക്രിസ്ത്യൻ ജനസംഖ്യയുടെ 25 ശതമാനം വീതം പങ്കിടുകയാണെന്നും അതേസമയം പല പ്രദേശങ്ങളിലും, ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുകയാണെന്നും സൊമാലിയയിലും ലിബിയയിലും ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟